കുട്ടികള്‍ മുതിര്‍ന്നവര്‍ വരെ എല്ലാവരും ഏത് സമയത്തും എന്തിനും ഉപയോഗിക്കുന്ന ഒന്നായി മൊബൈല്‍ ഫോണ്‍ മാറിക്കഴിഞ്ഞു. മൊബൈല്‍ ഫോണുകളുടെ ഉപയോഗത്തെപ്പറ്റിയും ദൂഷ്യവശങ്ങളെപ്പറ്റിയുമൊക്കെ നിരന്തരം ലേഖനങ്ങളും മറ്റും എല്ലാവരും കാണാറുണ്ടെങ്കിലും പൊതുവെ ആരും അവ ശ്രദ്ധിക്കാറില്ല.
ഫോണ്‍ പൊട്ടിത്തെറിച്ച് അപകടങ്ങളുണ്ടാകുന്നത് കൂടുതലാവുകയാണ്. തൃശൂരില്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ച സംഭവമാണ് ഒടുവിലത്തേത്. കരുതി ഉപയോഗിച്ചില്ലെങ്കില്‍ അപകടം വലുതാണ്. മൊബൈല്‍ ഫോണുകള്‍ ചൂടാകുന്നതിനും പൊട്ടിത്തെറിക്കുന്നതിനും കാരണങ്ങള്‍ പലതാണ്.
മൊബൈല്‍ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചും ഫോണിന് തീപിടിക്കുകയുമൊക്കെ ചെയ്ത പല സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. ബാറ്ററി പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങളില്‍ പ്രധാനകാരണമായി വിദഗ്ധര്‍ പറയുന്നത് ഉപയോക്താക്കള്‍ മൊബൈല്‍ ഫോണ്‍ കൂടുതലായി ഉപയോഗിക്കുന്നു എന്ന കാരണമാണ്. ഇതുകൂടാതെ പല കാരണങ്ങളും മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കാന്‍ കാരണമാകാറുണ്ട്.
വീടുകളിലും മറ്റും സ്ഥിരമായി കണ്ടുവരുന്ന ഒരു കാര്യമാണ് ഫോണ്‍ ചാര്‍ജ് കുത്തിയിട്ട ശേഷവും ഫോണ്‍ ഉപയോഗിക്കുന്നത്. ദീര്‍ഘനേരം കോള്‍ ചെയ്യുന്നതും ബ്രൗസിംഗ് ചെയ്യുന്നതും ഗെയിമുകള്‍ കളിക്കുന്നതും എല്ലാം അപകടം ക്ഷണിച്ചു വരുത്തും. ചാര്‍ജിലായിരിക്കുമ്പോള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.മൊബൈല്‍ പൊട്ടിത്തെറിക്കുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങള്‍ ഇവയൊക്കെയാണ്.
കേടായ ബാറ്ററി
സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം കേടായ ബാറ്ററിയാണ്. മൊബൈല്‍ ഫോണുകളും സ്മാര്‍ട്ട്‌ഫോണുകളും ലിയോണ്‍ ബാറ്ററികളാണ് ഉണ്ടാകാറുള്ളത്. ഇവ കെമിക്കലി ബാലന്‍സ്ഡ് ആയി തുടരേണ്ടതുണ്ട്. രാസവസ്തുക്കള്‍ അമിതമായ ചൂടുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ അതല്ലെങ്കില്‍ അവയുടെ കേസിങ്ങിന് കേടുപാടുകള്‍ വരികയോ ചെയ്താല്‍ അവ പൊട്ടിത്തെറിക്കാം.
അമിതമായി ചൂടാകുന്ന ബാറ്ററികള്‍
ബാറ്ററികള്‍ അമിതമായി ചൂടാകുന്നത് വലിയ അപകടമുണ്ടാക്കും. വളരെ ചൂടുള്ള അന്തരീക്ഷ ഊഷ്മാവില്‍ ഫോണ്‍ ചാര്‍ജ് ചെയ്യുകയോ രാത്രി മുഴുവന്‍ ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍ വയ്ക്കുകയോ ചെയ്താല്‍ ഇത്തരത്തില്‍ ഫോണ്‍ ബാറ്ററി ചൂടാകും. ചാര്‍ജ് ചെയ്യുമ്പോള്‍ തന്നെ ഫോണ്‍ കോളുകള്‍ക്കായോ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കായോ ഉപയോഗിച്ചാലും ബാറ്ററി ചൂടാകാന്‍ സാധ്യതയുണ്ട്.
ബാറ്ററി വീര്‍ക്കല്‍
ഓരോ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിക്കും കൃത്യമായ ചാര്‍ജിങ് സൈക്കിള്‍ ഉണ്ട്. ലിഅയണ്‍ ബാറ്ററികളുടെ കാര്യത്തില്‍ ചാര്‍ജിങ് സൈക്കിള്‍ അവസാനിച്ച് കഴിഞ്ഞും അത് ഉപയോഗിച്ചാല്‍ വേഗത്തില്‍ തന്നെ ബാറ്ററി ബള്‍ജായി വരും. ഇത്തരത്തില്‍ വീര്‍ത്ത് വരുന്ന ബാറ്ററികള്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ബാറ്ററികള്‍ വീര്‍ത്ത് വരുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അപ്പോള്‍ തന്നെ അവ മാറ്റി പുതിയത് വയ്ക്കുക.
വീഴ്ച്ചയും മറ്റ് കേടുപാടുകളും
ഫോണ്‍ കൈയ്യില്‍ നിന്നും വീഴുന്നത് സാധാരണ സംഭവമാണ്. നിങ്ങളുടെ ഫോണുകള്‍ ഇടയ്ക്കിടെ വീഴുന്നുണ്ട് എങ്കില്‍ കാഴ്ചയില്‍ കേടുപാടുകള്‍ ഇല്ലെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ വീഴുമ്പോഴുള്ള ആഘാതം ബാറ്ററി ഘടകങ്ങളിലേക്ക് ഷോക്ക് കൈമാറ്റം ചെയ്യപ്പെടാനുള്ള കാരണമാകുന്നു. അതുകൊണ്ട് തന്നെ സുരക്ഷാ ഘടകങ്ങള്‍ക്ക് കേടുപാടുകള്‍ വരാനും സാധ്യതയുണ്ട്. ഇത്തരം അവസരങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിച്ചേക്കും.
ചാര്‍ജറുകള്‍
കമ്പനി നിര്‍ദേശിക്കുന്നതല്ലാത്ത ചാര്‍ജറുകള്‍ ഉപയോഗിച്ച് ഫോണ്‍ ബാറ്ററി ചാര്‍ജ് ചെയ്യുന്നതും വലിയ അപകടങ്ങള്‍ക്ക് കാരണമാകും. ഫോണിന്റെ ബാറ്ററി അത് ഡിസൈന്‍ ചെയ്തിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ കറന്റോ വോള്‍ട്ടേജോ ഉപയോഗിച്ച് ചാര്‍ജ് ചെയ്താല്‍ ബാറ്ററി വേഗത്തില്‍ നശിക്കുകയും ചെയ്യും. ഏതെങ്കിലുമൊക്കെ ചാര്‍ജര്‍ ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതാണ് ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതിനുള്ള പ്രധാന കാരണം.
ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങള്‍
- ഗാഡ്‌ജെറ്റ് വളരെ ചൂടാകുന്നു.
- സാധാരണയായി, ഉപകരണം വീര്‍ക്കുകയോ സീമുകള്‍ പൊട്ടിത്തെറിക്കുകയോ ചെയ്യുന്നു.
- അസുഖകരമായ രാസ ഗന്ധത്തോടെ ഉപകരണം പുക പുറന്തള്ളാന്‍ തുടങ്ങുന്നു.
- സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജിംഗ് പോര്‍ട്ട് ശരിയായി പ്രവര്‍ത്തിക്കുന്നില്ല.
- ഉപകരണത്തില്‍ നിന്ന് അസാധാരണമായ ദ്രാവക ചോര്‍ച്ച.
- ഉപകരണത്തിന് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചാല്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
- ഏകീകൃതമല്ലാത്ത ഇടവേളകളില്‍ നിങ്ങളുടെ ഫോണില്‍ നിന്ന് പൊട്ടിത്തെറിക്കുന്നതോ ചീറ്റുന്നതോ ആയ ശബ്ദങ്ങള്‍ നിങ്ങള്‍ കേട്ടേക്കാം.