പ്രസവ വാർഡിൽ നിന്ന് നവജാത ശിശുവിനെ തെരുവുനായ കടിച്ചുവലിച്ച് കൊണ്ടുപോയി; ദാരുണാന്ത്യം

0
340

ബം​ഗളുരു: പ്രസവ വാർഡിൽ കിടക്കുകയായിരുന്ന നവജാത ശിശുവിനെ തെരുവുനായ കടിച്ചുവലിച്ച് കൊണ്ടുപോയി. പിന്നാലെ കുഞ്ഞിന് ദാരുണാന്ത്യം. കർണാടക ശിവമോഗ ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ശനിയാഴ്ചയാണ് സംഭവം.

രാവിലെ ഏഴോടെ നവജാത ശിശുവിനെ വായിൽ കടിച്ചുപിടിച്ച് മക്ഗാൻ ജില്ലാ ആശുപത്രിയിലെ പ്രസവ വാർഡിന് ചുറ്റും നായ ഓടുന്നതാണ് കണ്ടതെന്ന് സുരക്ഷാ ജീവനക്കാർ പറഞ്ഞു. തുടർന്ന് തങ്ങൾ പിന്നാലെയോടിയാണ് നായയുടെ വായിൽ നിന്ന് കുഞ്ഞിനെ മോചിപ്പിച്ചതെന്നും എന്നാൽ ജീവൻ രക്ഷിക്കാനായില്ലെന്നും അവർ പറഞ്ഞു.

പരിശോധനയ്ക്ക് പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ് മരിക്കുകയായിരുന്നു.സംഭവത്തിൽ പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. കുട്ടി മരിച്ചത് നായയുടെ കടിയേറ്റാണോ അതിനു മുമ്പാണോ എന്ന കാര്യം വ്യക്തമായിട്ടില്ലെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കുഞ്ഞിന്റെ മരണത്തിന്റെ കൃത്യമായ സമയം വ്യക്തമാകൂ എന്നും അധികൃതർ അറിയിച്ചു.

കുട്ടിയുടെ മാതാപിതാക്കളുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം, ഇങ്ങനെയൊരു കുട്ടി ജില്ലാ ആശുപത്രിയിൽ ജനിച്ചിട്ടില്ലെന്നാണ് ശിവമോഗ ജില്ലാ മെഡിക്കൽ ഓഫീസർ രാജേഷ് സുരഗിഹള്ളിയുടെ വാദം. എന്നാൽ ഇത് ഏഴാം മാസം നടന്ന പ്രസവമാണെന്നാണ് ഉയരുന്ന മറ്റൊരു വാദം.

കുട്ടിയെ തിരിച്ചറിയാൻ നാല് ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്നും ഗർഭിണികളുടെ രേഖകൾ പരിശോധിക്കുന്നതിന് സമീപത്തെ എല്ലാ സ്വകാര്യ, സർക്കാർ ആശുപത്രികളിലും ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here