സുരേഷ് റെയ്നയുടെ അമ്മാവനെയും കുടുംബത്തെയും കൊലപ്പെടുത്തിയ സംഭവം: പ്രതിയെ യുപി പൊലീസ് എൻകൗണ്ടറിൽ കൊലപ്പെടുത്തി

0
290

ആഗ്ര:  ക്രിക്കറ്റ് മുൻ താരം സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ എൻകൗണ്ടറിലൂടെ കൊലപ്പെടുത്തി. മുസാഫർനഗർ ജില്ലയിലെ ഷാപൂർ ഗ്രാമത്തിൽ യുപി പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് റാഷിദ് എന്ന പ്രതി കൊല്ലപ്പെട്ടത്. രണ്ട് വർഷത്തിലേറെയായി ഒളിവിലായിരുന്ന പ്രതിയെക്കുറിച്ച് വിവരം നൽകുന്നയാൾക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാൾക്കെതിരെ ഒരു ഡസനോളം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡിഎസ്പി (ബുധാന) വിനയ് കുമാർ ഗൗതം പറഞ്ഞു.

Also read:സന്ദര്‍ശക വിസ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് യുഎഇ; ഇനി വിസ ലഭിക്കുക ഈ വിഭാഗത്തിന് മാത്രം

മൊറാദാബാദിൽ ഒളിവിൽ കഴിയുകയായിരുന്ന റാഷിദ്, അടുത്ത കുറ്റകൃത്യം നടപ്പാക്കാൻ മുസാഫർനഗറിലെത്തിയതായിരുന്നുവെന്നും ഡിസിപി പറഞ്ഞു.  കൂട്ടാളിക്കൊപ്പം ബൈക്കിൽ വരികയായിരുന്ന റാഷിദിനെ പൊലീസ് തടയുകയായിരുന്നു. തുടർന്ന് പൊലീസുമായി ഇയാൾ ഏറ്റുമുട്ടി. വെടിവയ്പിൽ ഷാപൂർ എസ്എച്ച്ഒ ബബ്ലു കുമാറിന് വെടിയേറ്റു. പൊലീസിന്റെ വെടിവെപ്പിൽ ​ഗുരുതര പരിക്കേറ്റ റാഷിദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 2020 ഓഗസ്റ്റിൽ, റെയ്‌നയുടെ അമ്മാവൻ അശോക് കുമാർ, മകൻ കൗശൽ കുമാർ, ഭാര്യ ആശാ റാണി എന്നിവരെയും കുടുംബത്തിലെ മറ്റ് രണ്ട് അംഗങ്ങളെയും പഞ്ചാബിലെ പത്താൻകോട്ട് ജില്ലയിലെ തരിയലിൽ വെച്ച് ‘ഛഹ് മാർ ഗ്യാങ്’ ​ഗ്യാങ് ആക്രമിക്കുകയായിരുന്നു. അശോക് കുമാർ സംഭവസ്ഥലത്തുവെച്ചും ഭാര്യയും മകനും ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും  സംഘം കൊള്ളയടിച്ചു.

ആക്രമണത്തെ തുടർന്ന് ഐപിഎൽ-2020 സീസണിൽ നിന്ന് റെയ്ന പിന്മാറിയിരുന്നു. 2021 ജൂലൈയിൽ, സംഘത്തിന്റെ മുഖ്യ സൂത്രധാരൻ ചജ്ജുവിനെ ബറേലിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ മുസാഫർനഗറിൽ നടന്ന വെടിവെപ്പിൽ രണ്ട് പേരെ കൂടി പിടികൂടിയിരുന്നു. കേസുമായി ബന്ധപ്പെട്ട 12 ലധികം പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here