’20 കൊല്ലം കഴിയുമ്പോൾ കേരളം ഒരു മുസ്‌ലിം രാജ്യമാകും’; ദി കേരള സ്റ്റോറി വിവാദമാകുമ്പോൾ ചർച്ചയാകുന്നത് വിഎസിന്റെ പ്രസ്താവന

0
101

സുദീപ്‌തോ സെൻ സംവിധാനം നിർവഹിച്ച സിനിമ ‘ദ കേരള സ്‌റ്റോറി’ക്കെതിരെ പ്രതിഷേധം കനക്കുന്ന വേളയിൽ ചർച്ചയാകുന്നത് മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പ്രസ്താവന. ഇരുപത് വർഷം കഴിയുമ്പോൾ കേരളം മുസ്‌ലിം രാജ്യമാകുമെന്ന 2010ൽ വിഎസ് നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചിത്രത്തിന്‍റെ ടീസറിലും ട്രയിലറിലും അച്യുതാനന്ദന്‍റെ പരാമര്‍ശം ഇടം പിടിച്ചിട്ടുണ്ട്.

കേരളത്തിൽ ‘ലവ് ജിഹാദ്’ നടക്കുന്നു എന്ന തരത്തിൽ മുഖ്യമന്ത്രിയായിരിക്കെ വിഎസ് നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു;

  • ’20 കൊല്ലം കഴിയുമ്പോൾ കേരളം ഒരു മുസ്‌ലിം രാജ്യമാകും. ഭൂരിപക്ഷമാകും. അതിന് ചെറുപ്പക്കാരായിട്ടുള്ള ആളുകളെ എല്ലാം സ്വാധീനിച്ചിട്ട്, പണം കൊടുത്തിട്ട് അവരെ മുസ്‌ലിമാക്കുക, മുസ്‌ലിം യുവതികളെ കല്യാണം കഴിക്കുക, അങ്ങനെ മുസ്‌ലിം ജനിക്കുക. ആ തരത്തിൽ മറ്റു സമുദായങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിട്ട് മുസ്‌ലിം സമുദായത്തിന് ഭൂരിപക്ഷമുണ്ടാകുക എന്നുള്ള ഉദ്ദേശത്തോടു കൂടിയുള്ള നീക്കമാണ് ഇവർ നടത്തുന്നത്.

2010 ഒക്ടോബർ 24ന് ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിഎസ് അച്യുതാനന്ദൻ ഒരു സമുദായത്തെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്ന ആരോപണം ഉന്നയിച്ചത്. വിഎസിന്റെ ആരോപണത്തെ സിപിഎം ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. മുസ്‌ലിം ലീഗ് അടക്കമുള്ള സംഘടനകൾ വിഷയത്തിൽ സിപിഎം നിലപാട് വ്യക്തമാക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

സിപിഎം ഉറച്ചു നിൽക്കുന്നുണ്ടോ എന്ന് ലീഗ്

13 വർഷം മുമ്പ് വിഎസ് നടത്തിയ പ്രസ്താവനയിൽ സിപിഎം ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ടോ എന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം ചോദിക്കുന്നു. പ്രസ്താവനയെ പാർട്ടി തള്ളിപ്പറയാത്തത് സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

  • ’20 വർഷം കൊണ്ട് കേരളത്തെ ഇസ്ലാമിക രാജ്യമാക്കാൻ വേണ്ടി ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും ഹിന്ദു പെൺകുട്ടികളെ മതം മാറ്റാനായി അവരിലെ ചെറുപ്പക്കാർ പണിയെടുക്കുന്നുണ്ടെന്നുമാണ് 13 വർഷങ്ങൾക്ക് മുമ്പ് വി.എസ് പറഞ്ഞത്. കേരളത്തെ തീവ്രവാദത്തിന്റെ കേന്ദ്രമായും ഐ.എസ് റിക്രൂട്ട്‌മെന്റ് സെന്ററായും അവതരിപ്പിക്കുന്ന കേരള സ്റ്റോറി എന്ന സംഘ്പരിവാർ സ്‌പോൺസേഡ് സിനിമയിൽ ഈ വാദം സമർത്ഥിക്കാൻ വേണ്ടി വി.എസിന്റെ പ്രസ്താവനയെ ആണ് ആശ്രയിച്ചിരിക്കുന്നത്.’

‘ഒരു സമുദായത്തെ ഒന്നടങ്കം സംശയത്തിന്റെ മുനയിൽ നിർത്തുന്നതായിരുന്നു വി.എസിന്റെ പ്രസ്താവന. സംഘ്പരിവാർ പ്രൊപ്പഗണ്ടയെ ഔദ്യോഗികമായി അവതരിപ്പിക്കുകയാണ് വി.എസ് അച്യുതാനന്ദൻ ചെയ്തത്. ലൗ ജിഹാദ് സമർത്ഥിക്കാൻ വേണ്ടി കഴിഞ്ഞ കുറേ കാലമായി സംഘ്പരിവാർ കേന്ദ്രങ്ങൾ വി.എസ്സിന്റെ ഈ പ്രസ്താവനയെ ഉപയോഗിക്കുന്നുണ്ട്. ഇപ്പോൾ 33,000 പെൺകുട്ടികളെ കേരളത്തിൽനിന്ന് കാണാതായി എന്ന നുണക്കഥ പറഞ്ഞുകൊണ്ടാണ് സിനിമ പുറത്തിറങ്ങുന്നത്. ഈ സിനിമയുടെ ട്രെയിലറിലും വി.എസ്സിനെയാണ് ഔദ്യോഗിക സ്രോതസ്സായി ഉയർത്തിക്കാട്ടുന്നത്. വി.എസ്സിന്റെ പ്രസ്താവനയെ സി.പി.എം തള്ളിപ്പറയാത്തത് കൊണ്ട് വലിയ പ്രത്യാഘാതമാണ് സമൂഹത്തിലുണ്ടായത്. ഇനിയെങ്കിലും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ സി.പി.എം തയ്യാറാവണം.’ – സലാം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here