‘സുരക്ഷയ്ക്കായി 56.63 ലക്ഷം’; കര്‍ണാടകത്തിനെതിരായ മഅദനിയുടെ ആവശ്യം പരിഗണിക്കാമെന്ന് സുപ്രീം കോടതി

0
406

ന്യൂഡല്‍ഹി: കേരളത്തിലേക്ക് പോകുന്നതിനുള്ള സുരക്ഷയ്ക്കും അകമ്പടിക്കുമായി 56.63 ലക്ഷം രൂപ വേണമെന്ന കര്‍ണാടക പോലീസിന്റെ ആവശ്യത്തിനെതിരെ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി സുപ്രീം കോടതിയെ സമീപിച്ചു. തങ്ങളുടെ ഉത്തരവിനെ മറികടക്കുന്ന വ്യസ്ഥകള്‍ എങ്ങനെ നിര്‍ദേശിക്കാന്‍ കഴിയുമെന്ന് കര്‍ണാടക സര്‍ക്കാരിനോട് സുപ്രീം കോടതി ആരാഞ്ഞു. മഅദനിയുടെ അപേക്ഷ സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിക്കും.

ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കേരളത്തിലേക്ക് പോകാന്‍ സുപ്രീം കോടതിയാണ് അബ്ദുള്‍ നാസര്‍ മഅദനിക്ക് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ കേരളത്തിലേക്ക് പോകുമ്പോള്‍ മഅദനിയുടെ സുരക്ഷ കര്‍ണാടക പോലീസ് ആണ് ഒരുക്കേണ്ടതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂലായ് എട്ടു വരെ സുരക്ഷ ഒരുക്കുന്നതിന് 56.63 ലക്ഷം രൂപ മഅദനി നല്‍കണമെന്ന് കര്‍ണാടക പോലീസ് ആവശ്യപ്പെട്ടത്. പ്രതിമാസം 20.23 ലക്ഷം രൂപയാണ് ചെലവായി കര്‍ണാടക പോലീസ് ആവശ്യപ്പെട്ടത്.

കര്‍ണാടക പോലീസിന്റെ ഈ ആവശ്യത്തെ തുടര്‍ന്ന് മഅദനിയുടെ കേരള സന്ദര്‍ശനം അനിശ്ചിതത്വത്തില്‍ ആയെന്ന് സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍, അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എന്നിവര്‍ ഇന്ന് കോടതിയെ അറിയിച്ചു. ഇരുപത് പോലീസുകാരാണ് അകമ്പടിക്കായി പോകുന്നത് എന്നാണ് കര്‍ണാടകം അറിയിച്ചിട്ടുള്ളത്. എന്നാല്‍ മുമ്പ് പോയിരുന്നപ്പോള്‍ നാല് പോലീസുകാര്‍ മാത്രമായിരുന്നു അനുഗമിച്ചിരുന്നതെന്നും മഅദനിയുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. സുരക്ഷയെന്ന് സുപ്രീം കോടതി പറഞ്ഞത് അതീവ സുരക്ഷയെന്ന് കര്‍ണാടകം വ്യാഖ്യാനിച്ചിരിക്കുകയാണ്. തുടര്‍ന്നാണ് തങ്ങളുടെ ഉത്തരവിന്റെ അന്തഃസത്ത മറികടക്കുന്ന നിര്‍ദേശങ്ങള്‍ എങ്ങനെ മുന്നോട്ട് വയ്ക്കാന്‍ കഴിയുമെന്ന് കര്‍ണാടക സര്‍ക്കാരിനോട് ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞത്.

2017ല്‍ കര്‍ണാടകം സുരക്ഷയ്ക്കായി ഈടാക്കിയത് 1,18,000 രൂപ.

2017ല്‍ മകന്റെ വിവാഹത്തിനായി കേരളത്തിലേക്ക് പോയ മദനിയുടെ സുരക്ഷയ്ക്കായി കര്‍ണാടക സര്‍ക്കാര്‍ ഈടാക്കിയത് 1,18,000 രൂപയാണ്. പന്ത്രണ്ട് ദിവസത്തേക്ക് ആയിരുന്നു മദനിക്ക് കേരളത്തത്തിലേക്ക് പോകാന്‍ അന്ന് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നത്. സുരക്ഷയ്ക്കായി ആദ്യം പതിനഞ്ച് ലക്ഷം രൂപ ആയിരുന്നു കര്‍ണാടക സര്‍ക്കാര്‍ ആദ്യം ചോദിച്ചിരുന്നത്. എന്നാല്‍ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനത്തെ തുടര്‍ന്ന് തുക 1,18,000 രൂപ ആയി കുറയ്ക്കുക ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here