രാഹുലിനായി പന്തംകൊളുത്തി രോഷം; നേതാക്കന്‍മാരെ താങ്ങാനാവാതെ വേദി തകർന്നുവീണു

0
194

ബിലാസ്പുർ (ഛത്തീസ്ഗഡ്) ∙ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനെതിരെ നടന്ന പ്രതിഷേധ പരിപാടിയുടെ വേദി തകര്‍ന്നുവീണു. നേതാക്കന്‍മാരെല്ലാം ഒരുമിച്ച് വേദിയിലേക്കു കയറിയതാണ് അപകടത്തിന് കാരണമായത്. ചത്തീസ്ഗഡിലെ ബിലാസ്പുരിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പന്തം കൊളുത്തി പ്രതിഷേധിക്കാന്‍ ഒത്തുകൂടിയവരാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മോഹൻ മർക്കം ഉൾപ്പെടെ വലിയ ഒരു കൂട്ടം നേതാക്കളാണ് ഒരുമിച്ച് വേദിയില്‍ ഉണ്ടായിരുന്നത്. ഭാരം താങ്ങാനാവാതെ വന്നതോടെ വേദി തകര്‍ന്ന് നേതാക്കന്‍മാരെല്ലാം അണികളുടെ മുന്നിലേക്കു വീണു. പൊളിയുന്നതിന് െതാട്ടുമുന്‍പും വേദിയിലേക്ക് കയറി നില്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം.

ഗാന്ധിചൗക്കിൽനിന്ന് ആരംഭിച്ച പന്തംകൊളുത്തി പ്രകടനം ദേവകിനന്ദൻചൗക്കിലെ വേദിയിലെത്തിയതിനു പിന്നാലെ, നേതാക്കൾക്കൊപ്പം പാർട്ടി പ്രവർത്തകരും കൂട്ടത്തോടെ സ്റ്റേജിലേക്കു കയറുകയായിരുന്നു. ഇതോടെ ഭാരം താങ്ങാനാകാതെ വേദി പൊളിഞ്ഞു വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തിൽ ആര്‍ക്കും പരുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here