കൊച്ചി: അധികാരം ലഭിച്ചാല്‍ എല്ലാ രാഷ്ട്രീയക്കാരുടേയും സ്വരം ഒന്നാണെന്ന് നടന്‍ ശ്രീനിവാസന്‍. എല്ലാവരും ദരിദ്രരുടെ ഉന്നമനം ആഗ്രഹിക്കുന്നുണ്ട്. പക്ഷെ അധികാരം കൈയ്യിലെത്തിയാല്‍ രാഷ്ട്രീയക്കാര്‍ തനിനിറം കാണിക്കുമെന്ന് ശ്രീനിവാസന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശകനായി മാറിയതിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ശ്രീനിവാസന്റെ മറുപടി. നേരത്തെ ശ്രീനിവാസന്‍ അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന നേതാവായിരുന്നു പിണറായി വിജയന്‍.
Also read:സന്ദര്‍ശക വിസ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് യുഎഇ; ഇനി വിസ ലഭിക്കുക ഈ വിഭാഗത്തിന് മാത്രം
‘ട്രെയിന്‍ യാത്രക്കിടെയാണ് ആദ്യമായി പിണറായി വിജയനെ കാണുന്നതും പരിചയപ്പെടുന്നതും. തൊട്ടടുത്ത കംപാര്‍ട്ട്‌മെന്റിലെ യാത്രക്കാരനായിരുന്ന പിണറായി വിജയന്‍ തന്നെ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. അന്ന് എംഎല്‍എ ആയിരുന്നു പിണറായി. അവിടെപോയി കാണാമെന്ന് ഞാന്‍ അറിയിച്ചു. വളരെ ഊഷ്മളതയോടെ അദ്ദേഹം എന്റെ പിതാവിനെക്കുറിച്ച് സംസാരിച്ചു. ഞാന്‍ വികാരാധീനനായി. ആ സന്തോഷമാണ് ഞങ്ങളെ കുറേക്കാലം ബന്ധിപ്പിച്ചത്.’ ശ്രീനിവാസന്‍ പറഞ്ഞു.
പിന്നീട് അധികാരം രാഷ്ട്രീയക്കാരെ ദുഷിപ്പിക്കുമെന്ന യാഥാര്‍ത്ഥ്യം താന്‍ മനസ്സിലാക്കിയെന്ന് ശ്രീനിവാസന്‍ പറയുന്നു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്റെ പ്രതികരണം.
‘എന്റെ അച്ഛനും അമ്മയും സഹോദരനും ഉറച്ച കമ്മ്യൂണിസ്റ്റുകാരായിരുന്നു. അതുകൊണ്ട് മാത്രമാണ് ഞാനൊരു കമ്മ്യൂണിസ്റ്റുകാരനായിരുന്നത്. എന്നാല്‍ അമ്മയുടെ കുടുംബത്തിന് കോണ്‍ഗ്രസ് അനുഭാവമായിരുന്നു. അവരുടെ സ്വാധീനത്തില്‍ കോളേജ് കാലഘട്ടത്തില്‍ ഞാനൊരു കെഎസ്‌യു പ്രവര്‍ത്തകനായി. അപ്പോഴും കൃത്യമായ രാഷ്ട്രീയ ധാരണയുണ്ടായിരുന്നില്ല. എന്തും ആകാന്‍ തയ്യാറായിരുന്ന കാലഘട്ടമായിരുന്നു അത്. പിന്നീട് സുഹൃത്തുക്കളുടെ പ്രേരണയില്‍ ഞാന്‍ എബിവിപിയില്‍ പ്രവര്‍ത്തിച്ചു. കോളേജില്‍ രാഖി ധരിച്ചെത്തിയ ആദ്യ വിദ്യാര്‍ത്ഥി ഞാനായിരുന്നു. കമ്മ്യൂണിസ്റ്റുകാരന്റെ മകന്‍ രാഖി ധരിച്ച് കോളേജില്‍ എത്തിയത് പലരേയും അത്ഭുതപ്പെടുത്തി. രാഖി പൊട്ടിച്ചുകളയുമെന്ന് കൂട്ടുകാര്‍ പറഞ്ഞപ്പോള്‍, അങ്ങനെ സംഭവിച്ചാല്‍ കൊല്ലും എന്ന് ഞാന്‍ അവരോട് പറഞ്ഞു.’ ശ്രീനിവാസന്‍ ഓര്‍ത്തെടുത്തു