ചെറിയ പെരുന്നാള്‍ ആശംസ നേര്‍ന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ വിദ്വേഷ കമന്‍റുകളിട്ടവര്‍ക്ക് മറുപടിയുമായി ഗായകന്‍ ഷാന്‍ മുഖര്‍ജി. എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കാനാണ് താന്‍ പഠിച്ചതെന്ന് ഷാന്‍ പ്രതികരിച്ചു. ഇന്‍സ്റ്റഗ്രാം വീഡിയോയിലായിരുന്നു ഗായകന്‍റെ പ്രതികരണം.
തൊപ്പി ധരിച്ച് പ്രാര്‍ഥിക്കുന്ന ചിത്രമാണ് ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഷാന്‍ പങ്കുവെച്ചത്. ഇതിന് താഴെ വിദ്വേഷ കമന്‍റുകളുമായി നിരവധി പേരെത്തി. ഹിന്ദു മുസ്‍ലിം വേഷം ധരിച്ചതിലായിരുന്നു ചിലര്‍ക്ക് അതൃപ്തി. വേറെ ചിലരുടെ പരാതി ‘അവര്‍ ഹിന്ദുക്കളുടെ ആഘോഷങ്ങള്‍ക്ക് ആശംസകള്‍ നേരുന്നില്ല, പിന്നെ എന്തിന് തിരിച്ച് ആശംസ’ എന്നായിരുന്നു. മതേതര ഇന്ത്യയില്‍ ഇത്തരത്തില്‍ വിദ്വേഷ പരാമര്‍ശങ്ങളുണ്ടായതില്‍ അത്ഭുതം തോന്നിയെന്ന് ഷാന്‍ പ്രതികരിച്ചു. ഒരു സംഗീത വീഡിയോ ചിത്രീകരിക്കുന്നതിനിടെ എടുത്ത ഫോട്ടോയാണ് പങ്കുവെച്ചതെന്നും ഷാന്‍ പറഞ്ഞു.
“ഞാന്‍ ഹിന്ദു മതവിശ്വാസിയാണ്. ബ്രാഹ്‌മണനാണ്. കുട്ടിക്കാലം മുതല്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കാനും എല്ലാ ഉത്സവങ്ങളും ആഘോഷിക്കാനുമാണ് വീട്ടുകാര്‍ എന്നെ പഠിപ്പിച്ചത്. എന്റെ വിശ്വാസം അതാണ്. എന്‍റെ പോസ്റ്റിനു താഴെ വന്ന കമന്റുകള്‍ അത്ഭുതപ്പെടുത്തി. നിങ്ങളുടെ ചിന്തയാണ് പ്രശ്‌നം”- ഷാന്‍ പറഞ്ഞു.
ക്രിസ്ത്യാനികളും മുസ്‍ലിംകളും കൂടുതലുള്ള ബാന്ദ്രയിലാണ് താന്‍ വളര്‍ന്നതെന്നും ഷാന്‍ പറഞ്ഞു. ഒരിക്കല്‍പോലും ഒരു വേര്‍തിരിവും അനുഭവപ്പെട്ടിട്ടില്ല. ‘നിങ്ങള്‍ പാകിസ്താനിലേക്ക് പൊയ്ക്കോ’എന്നത് ഉള്‍പ്പെടെയുള്ള കമന്‍റുകള്‍ ഈ വീഡിയോയ്ക്ക് താഴെയുമുണ്ട്. അതേസമയം സ്നേഹമാണ് നമ്മുടെ മതം, ബി.ജെ.പി മതേതരത്വം തകര്‍ക്കുകയാണ് തുടങ്ങിയ കമന്‍റുകളുമായി നിരവധി പേര്‍ ഗായകനെ പിന്തുണച്ചും രംഗത്തെത്തി. നിരവധി ഭാഷകളില്‍ ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായകനാണ് ഷാന്‍ മുഖര്‍ജി. ഇന്‍സ്റ്റഗ്രാമില്‍ 15 ലക്ഷം പേര്‍ ഷാന്‍ മുഖര്‍ജിയെ പിന്തുടരുന്നുണ്ട്.