ഐപിഎല്ലിനെ വെല്ലാന്‍ സൗദി അറേബ്യയുടെ പുതിയ ക്രിക്കറ്റ് ലീഗ്! പണമൊഴുകും, എന്നാല്‍ ബിസിസിഐയുടെ സഹായം വേണം

0
217

റിയാദ്: ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ഏറ്റവും തിളക്കമേറെ ഏത് രാജ്യത്തെ ലീഗിനാണെന്ന് ചോദിച്ചാല്‍, ഐപിഎല്‍ എന്നല്ലാതെ മറ്റൊരു ഉത്തരമുണ്ടാവില്ല. പാക്കിസ്താനില്‍ നിന്നൊഴികെയുള്ള ലോകോത്തര നിലവാരമുള്ള താരങ്ങളെല്ലാം ഐപിഎല്ലിന്റെ ഭാഗമാണ്. പണം, ഗ്ലാമര്‍, സോഷ്യല്‍ മീഡിയ സാന്നിധ്യം അങ്ങനെ സകല മേഖലകളിലും ഐപിഎല്‍ മറ്റുലീഗുകളെ കവച്ചുവെക്കും. എന്നാല്‍ ഐപിഎല്ലിനെ കവച്ചുവെയ്ക്കുന്ന മറ്റൊരു ലീഗിന് തുടക്കമിടാന്‍ ഒരുങ്ങുകയാണ് സൗദി അറേബ്യ. അതും ബിസിസിഐയുടെ സഹായത്തോടെ തന്നെ.

ലോകത്തിലെ ഏറ്റവും സമ്പന്നമായ ടി20 ലീഗ് എന്ന ലേബലിലാണ് ടൂര്‍ണമെന്റ് ആരംഭിക്കാന്‍ സൗദി തയ്യാറെടുക്കുന്നത്. ഇതിനായി അവര്‍ ഐപിഎല്‍ ഉടമകളെ തന്നെ ബന്ധപ്പെട്ടതായാണ് വിവരം. ഫുട്ബോളിലും ഫോര്‍മുല വണ്ണിലും ഒരു കൈ നോക്കിയ സൗദിയുടെ അടുത്ത ഉന്നം ക്രിക്കറ്റാണ്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കുന്നതില്‍ വിലക്കുണ്ട്. എന്നാല്‍ എന്നാല്‍ പുതിയ ടി20 ലീഗ് സംബന്ധിച്ച് സൗദി അറേബ്യ സര്‍ക്കാരിന്റെ നിര്‍ദേശം വന്നാല്‍ ഇക്കാര്യത്തില്‍ മാറ്റമുണ്ടായേക്കാം.

പുറത്തുവരുന്ന വിവരമനുസരിച്ച്, ഒരു വര്‍ഷത്തോളമായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) അംഗീകാരം ലഭിക്കാത്തതാണ് ഇപ്പോള്‍ തടസ്സമായി നില്‍ക്കുന്നത്. ക്രിക്കറ്റില്‍ സൗദി അറേബ്യ താല്‍പര്യം പ്രകടിപ്പിച്ച വിവരം ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ബാര്‍ക്ലേ അന്ന് പറഞ്ഞതിങ്ങനെ… ”ക്രിക്കറ്റ് അവര്‍ക്ക് കൂടുതല്‍ ആകര്‍ഷകമാകുമെന്നാണ് കരുതുന്നത്. കായികരംഗത്ത് നിക്ഷേപം നടത്താന്‍ വളരെ താല്‍പര്യമുള്ളവരാണ് സൗദി. അത് അവര്‍ക്ക് ഇണങ്ങിയ ക്രിക്കറ്റാവുമ്പോള്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ കഴിയും.” അദ്ദേഹം വ്യക്താക്കി.

ദി എയ്ജിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഐപിഎല്‍ ഉടമകളെയും ബിസിസിഐയെയും അവരുടെ ട്വന്റി20 ലീഗിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഏഷ്യാ കപ്പ്, ഉദ്ഘാടന മത്സരം അല്ലെങ്കില്‍ ഐപിഎല്ലിന്റെ ഒരു റൗണ്ട് എന്നിവ സൗദി അറേബ്യയില്‍ നടത്താനുള്ള സാധ്യതകളും പദ്ധതിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here