ടാറ്റ പോലും വിറച്ചുപോയി! റുതുരാജിന്‍റെ സിക്സ് കൊണ്ട് കാറിന് ചളുക്കം, കമ്പനി നല്‍കുക അഞ്ച് ലക്ഷം; സംഭവമിങ്ങനെ

0
293

ചെന്നൈ: ഐപിഎല്‍ 2023 സീസണില്‍ ഗംഭീര തുടക്കമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഓപ്പണര്‍ റുതുരാജ് ഗെയ്ക‍വാദിന് ലഭിച്ചിട്ടുള്ളത്. ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരെ 50 പന്തില്‍ താരം 92 റണ്‍സടിച്ചിരുന്നു. ലഖ്‍നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ചെപ്പോക്കില്‍ 25 പന്തില്‍ നിന്നാണ് താരം അര്‍ധ സെഞ്ചുറി കുറിച്ചത്. ഒടുവില്‍ 31 പന്തില്‍ 57 റണ്‍സുമായി താരം പുറത്താവുകയായിരുന്നു. മൂന്ന് ഫോറുകളും നാല് സിക്സറുകളാണ് റുതുരാജ് പായിച്ചത്.

ഇതില്‍ ഒരു സിക്സില്‍ പന്ത് വന്നിടിച്ചത് ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ടാറ്റ ടിയാഗോ ഇവി കാറിലാണ്. കാറിന്‍റെ വലതുവശത്തെ ബാക്ക്ഡോറില്‍ പന്ത് കൊണ്ട് ചെറിയ ചളുക്കം ഉണ്ടാവുകയായും ചെയ്തു. എന്തായാലും റുതുരാജിന്‍റെ സിക്സ് കാറില്‍ കൊണ്ടതോടെ ടാറ്റ കമ്പനി അഞ്ച് ലക്ഷം രൂപയാണ് ചാരിറ്റിക്കായി നല്‍കുക.

ഐപിഎല്ലിന്‍റെ ഔദ്യോഗിക സ്പോണ്‍സര്‍മാരാണ് ടാറ്റ. ടൂര്‍ണമെന്‍റിനിടെ ഓരോ തവണ ടിയാഗോ ഇവിയില്‍ പന്ത് വന്നിടിക്കുമ്പോഴും കാപ്പിത്തോട്ടങ്ങളുടെ ജൈവവൈവിധ്യം വർധിപ്പിക്കുന്നതിന് ടാറ്റ മോട്ടോഴ്‌സ് 5,00,000 രൂപ സംഭാവനയായി നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ 12 റണ്‍സിനാണ് സിഎസ്‍കെ തോല്‍പിച്ചത്. 218 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലഖ്‌നൗവിന് 20 ഓവറില്‍ 7 വിക്കറ്റിന് 205 റണ്‍സെടുക്കാനേയായുള്ളൂ.

നാല് ഓവറില്‍ 26 റണ്‍സിന് 4 വിക്കറ്റുമായി സ്‍പിന്‍ ഓള്‍റൗണ്ടര്‍ മൊയീന്‍ അലിയാണ് ചെന്നൈയുടെ ജയത്തില്‍ നിർണായകമായത്. തുഷാർ ദേശ്‍പാണ്ഡെ രണ്ടും മിച്ചല്‍ സാന്‍റ്നർ ഒന്നും വിക്കറ്റ് നേടി. നേരത്തെ ഒന്നാം വിക്കറ്റില്‍ 9.1  ഓവറില്‍ 110 റണ്‍സ് നേടിയ റുതുരാജ് ഗെയ്‌ക്‌വാദും ദേവോണ്‍ കോണ്‍വേയും ചേര്‍ന്നാണ് ചെന്നൈക്ക് 217 എന്ന വമ്പന്‍ ടോട്ടലിന് അടിത്തറയിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here