ജംഷദ്പൂരില്‍ വീണ്ടും സംഘര്‍ഷം; നിരോധനാജ്ഞ പ്രഖ്യാപിച്ചു, ഇന്റര്‍നെറ്റ് നിരോധനം

0
254

ദില്ലി: ജാര്‍ഖണ്ഡിലെ ജംഷദ്പൂരില്‍ രാമനവമി ആഘോഷങ്ങള്‍ക്ക് പിന്നാലെയുണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി വീണ്ടും കല്ലേറും ആക്രമണങ്ങളും. അക്രമം തുടര്‍ച്ചയായതോടെ ജംഷദ്പൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൊബൈല്‍ ഇന്റര്‍നെറ്റും താത്കാലികമായി നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രാമനവമി പാതകയെ ചൊല്ലിയാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്.

സംഘടിച്ചെത്തിയ ആള്‍ക്കൂട്ടം ശാസ്ത്രിനഗര്‍ മേഖലയില്‍ രണ്ട് കടകള്‍ക്കും ഒരു ഓട്ടോറിക്ഷയ്ക്കും തീയിട്ടു. അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണൂര്‍വാതകം പ്രയോഗിച്ചു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് സിറ്റി പൊലീസ് മേധാവി പ്രഭാത് കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെ വിന്യാസിച്ചിട്ടുണ്ടെന്നും സിറ്റി പൊലീസ് അറിയിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്.

സമാധാനന്തരീക്ഷം തകര്‍ക്കാന്‍ വേണ്ടി സാമൂഹ്യവിരുദ്ധര്‍ സോഷ്യല്‍മീഡിയിലൂടെ നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരെയും പൊലീസ് മുന്നറിയിപ്പ് നല്‍കി. വ്യാജപ്രചരണങ്ങളെ തള്ളണം. അത്തരം സന്ദേശങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ പോസ്റ്റ് ചെയ്യരുത്, പ്രചരിപ്പിക്കരുത്. ഉടന്‍ വിവരം അറിയിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. അക്രമികളെ ഉടന്‍ പിടികൂടുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here