ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ച് വിവാദമായ ‘ദ കേരള സ്റ്റോറി’ എന്ന സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ട്രെയിലറിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്. ഒരു മലയാളി എന്ന നിലയിൽ കേരളത്തെ അപകീർത്തിപ്പെടുത്തുന്ന ഈ സിനിമയെ അംഗീകരിക്കാൻ കഴിയില്ല എന്നാണ് ഭൂരിഭാഗം പേരും സാമൂഹിക മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെടുന്നത്. ഇതിനിടയിൽ സിനിമയുടെ ട്രെയിലറിനെ രൂക്ഷമായ രീതിയിൽ വിമർശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലും രംഗത്തെത്തി. ഇത് ഞങ്ങളുടെ കേരളത്തിന്റെ സ്റ്റോറിയല്ല.. ഇത് സംഘപരിവാര്‍ ഭാവനയില്‍ ആഗ്രഹിക്കുന്ന കേരളമാണ് എന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു. പോസ്റ്റ് ഇങ്ങനെ;
‘കഴിഞ്ഞ കുറച്ച് ദിവസമായി ‘ദ് കേരള സ്റ്റോറി’ എന്ന സുദിപ്തോ സെൻ സംവിധാനം ചെയ്യുന്ന ഒരു സിനിമയെ പറ്റിയുള്ള ചർച്ചകൾ പലയിടത്തായി കണ്ടു. ഇന്നലെ ആ സിനിമയുടെ ട്രെയിലറും കണ്ടു. അതെ കുറിച്ച് ചർച്ച ചെയ്ത് ആ സിനിമയുടെ വിസിബിലിറ്റിയുടെ ഒരു ഭാഗമാകണോയെന്ന ആശങ്കയിൽ ആദ്യം ഇഗ്നോർ ചെയ്തു. അപ്പോഴാണ് പ്രസംഗത്തിൽ ഞാൻ തന്നെ മറ്റ് പലരെയും പോലെ ഉദ്ധരിക്കുന്ന മാർട്ടിൻ നീമൊള്ളറുടെ പ്രശസ്തമായ വാചകം ഓർത്തത്. അതുകൊണ്ടാണ് പ്രതികരിക്കാമെന്ന് ഓർത്തത്, കാരണം ‘ ഒടുവിൽ അവർ എന്നെ തേടി വരും’ വരെയുള്ള നിശബ്ദത പോലും ഫാഷിസത്തോടുള്ള സമരസമാണ്.
ആദ്യമെ തന്നെ സുദിപ്തോ സെന്നിനോട് പറയട്ടെ, നിങ്ങൾ പറയുന്ന ‘ ദ് കേരള സ്റ്റോറി ‘ ഞങ്ങളുടെ കേരളത്തിന്റെ സ്റ്റോറിയല്ല! ഈ കേരളം നിങ്ങളുടെ സംഘപരിവാർ ഭാവനയിൽ നിങ്ങൾ ആഗ്രഹിക്കുന്ന കേരളമാണ്. ആ കേരളമാകുവാൻ ഞങ്ങൾക്ക് സാധ്യമല്ല. സിനിമയിലൂടെ നിങ്ങൾ പറഞ്ഞ് വെക്കുന്നത് ഫസ്റ്റ് ക്ലാസ്സ് അപരവത്കരണമാണ്. ലക്ഷണമൊത്ത ഫാഷിസ്റ്റ് സ്ട്രാറ്റജി തന്നെ. ഈ തന്ത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആദ്യം നിങ്ങൾക്ക് വളരുവാൻ പര്യാപ്ത്മായ ഒരു ശത്രുവിനെ സൃഷ്ടിക്കുക. ആ ശത്രു സമൂഹത്തോട് ഇതര സമൂഹങ്ങൾക്ക് ആദ്യം ഭയവും പിന്നെ ആശങ്കയും അതു വഴി ശത്രുതതയും ഉണ്ടാക്കിയെടുക്കുക, അങ്ങനെ നിങ്ങൾ വളരുവാൻ ശ്രമിക്കുക… ഇവിടെ നിങ്ങൾ സൃഷ്ടിക്കുന്ന ആ അപര ശത്രു സമൂഹം ദൗർഭാഗ്യവശാൽ മുസ്ലീം സമൂഹമാണ്. ഹിന്ദു – ക്രിസ്ത്യൻ സമൂഹങ്ങളിൽ ആശങ്ക പടർത്തി മുസ്ലീം വിരുദ്ധത പാകിയുറപ്പിക്കുക.
എന്തായാലും നാം ജാഗ്രത പുലർത്തുക… അവസാനം അവർ എന്നെ തേടി വരുന്നത് വരെ കാത്തിരിക്കാതെ ആദ്യം തേടി വരുന്നവർക്കൊപ്പം നില്ക്കുക..Sorry sangh guys this is not our story….!’
അതേസമയം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രറട്ടറി നേതാവ് പികെ ഫിറോസും സിനിമയ്‌ക്കെതിരെ വിമർശനവുമായി രംഗത്തെത്തി. പി.കെ ഫിറോസിന്റെ പോസ്റ്റ് ഇങ്ങനെ;
ദി കേരള സ്റ്റോറി’ എന്ന പേരിൽ സുദിപ്തോ സെന്നിന്റെ ഒരു പ്രൊപ്പഗണ്ട സിനിമ ഇറങ്ങുന്നതിന്റെ ചർച്ചകളാണ് എങ്ങും. ഇന്ത്യയിൽ വിശിഷ്യാ കേരളത്തിൽ ഇസ്‌ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാൻ വേണ്ടി മുസ്ലിംകൾ രാഷ്ട്രീയമായി പണിയെടുക്കുന്നുവെന്ന വ്യാജ ആരോപണമാണ് സിനിമയുടെ ട്രെയിലറിലുള്ളത്. ലൗ ജിഹാദെന്ന ഉണ്ടയില്ലാ വെടി സാക്ഷാൽ സുപ്രീം കോടതി പോലും തള്ളിക്കളഞ്ഞതാണ്.
പക്ഷെ ഹിന്ദുക്കളായ സ്ത്രീകളെ വശീകരിച്ചു മതം മാറ്റി കല്യാണം കഴിച്ച് തീവ്രവാദത്തിലേക്ക് കടത്തുകയും ഇക്കോലത്തിൽ കേരളത്തിൽ മുപ്പത്തിനായിരത്തിലേറെ പേരെ വഞ്ചിക്കുകയും ചെയ്തുവെന്ന ഗുരുതരമായ ആരോപണമാണ് ഇതിലുള്ളത്. ഇസ്‌ലാം മതം പോലും ഇത്തരം വശീകരണ തന്ത്രങ്ങൾ നിഷിദ്ധമായി കാണുമ്പോൾ മതാനുശാസനം അനുസരിച്ച് വിശ്വാസത്തിന്റെ ഭാഗമായി മുസ്ലിംകൾ എന്തോ പുണ്യപ്രവൃത്തി പോലെ ഇത് ചെയ്യുന്നുവെന്നു വിശ്വസിക്കാൻ ആരെങ്കിലും തയ്യാറാവുമോ?
ഇരുപത് വർഷങ്ങൾക്ക് കൊണ്ട് ഇതൊരു മുസ്‌ലിം രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനനന്ദന്റെ വർഗ്ഗീയ പ്രസ്താവനയും സപ്പോർട്ടീവ് റഫറൻസായി ട്രെയിലറിലുണ്ട്. അറിഞ്ഞിടത്തോളം മനുഷ്യരെ മതത്തിന്റെ പേരിൽ ചേരിതിരിക്കാനുള്ള സംഘ്പരിവാർ സ്പോണ്സേര്ഡ് സിനിമയാണിത്. അങ്ങിനെയെങ്കിൽ ഇത് ആവിഷ്കാര സ്വാതന്ത്ര്യമോ സിനിമയോ അല്ല. വിവിധ മതവിശ്വാസികൾക്കിടയിൽ വെറുപ്പും വിദ്വേഷവുമുണ്ടാക്കുന്നതിന് സംവിധായകനെതിരെ കേസെടുക്കണം. പ്രദർശനത്തിന് യാതൊരു കാരണവശാലും അനുമതി നൽകാൻ പാടില്ല.
കേരളത്തില്‍നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.