മരണത്തിന്‍റെ മുനമ്പില്‍ നിന്ന് യുവാവിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്ന് പൊലീസുകാരൻ; വീഡിയോ

0
276

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ മിക്കതും താല്‍ക്കാലികമായ ആസ്വാദനത്തിന് മാത്രം പ്രയോജനപ്പെടുന്ന, പിന്നീട് എളുപ്പത്തില്‍ മറന്നുപോകുന്ന തരത്തിലുള്ളവയായിരിക്കും.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടായ സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചയായി വരുന്ന ചില വീഡിയോകള്‍ പക്ഷേ കാഴ്ചയ്ക്കൊപ്പം തന്നെ നമ്മുടെ മനസും കവരാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്.

ഒരു പാലത്തിന്‍റെ കൈവരിയില്‍ നിന്ന് താഴെ പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ യുവാവിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നൊരു പൊലീസുകാരനെയാണ് ഈ വീഡിയോയില്‍ കാണുന്നത്. അസമിലെ ഗുവാഹത്തിയിലാണ് സംഭവം നടന്നിരിക്കുന്നത്.

ഇരുപത്തിയാറുകാരനായ യുവാവ് പുഴയിലേക്ക് ചാടുന്നതിനായി പാലത്തിന്‍റെ കൈവരി കടക്കുന്നത് കണ്ട ചിലരാണ് പൊലീസിന് വിവരം കൈമാറിയത്. ഈ സമയത്ത് അടുത്തുള്ള സ്റ്റേഷനില്‍ നിന്ന് പൊലീസുകാര്‍ സംഭവസ്ഥലത്ത് എത്തുകയായിരുന്നു. അപ്പോഴേക്ക് സ്ഥലത്ത് ആകെ ജനക്കൂട്ടമായിരുന്നു.

ഇതിനിടയില്‍ നിന്ന് യുവാവിനെ പിന്തിരിപ്പിക്കുകയെന്നത് അല്‍പം പ്രയാസകരം തന്നെയാണ്. ആത്മഹത്യയെന്ന തീരുമാനത്തിലേക്ക് ഒരു വ്യക്തിയെത്തുമ്പോള്‍ സ്വാഭാവികമായും ആ വ്യക്തിയുടെ മാനസികാവസ്ഥ ഏറെ കലങ്ങിയിരിക്കുന്ന രീതിയിലായിരിക്കും. ഈ സമയത്ത് ഒരു നിമിഷത്തെ ഉള്‍വിളി അവരെ മരണത്തിലേക്കോ അല്ലെങ്കില്‍ ജീവിതത്തിലേക്കോ തള്ളിയിടാം.

ശക്തി മാത്രമല്ല, ഇത്തരം സാഹചര്യങ്ങളില്‍ നയപരമായി പെരുമാറാനുള്ള കഴിവാണ് ഏറെയും രക്ഷയാകുന്നത്. അത്തരത്തില്‍ ലങ്കേശ്വര്‍ കളിത് എന്ന പൊലീസുകാരൻ ഒരേസമയം സാഹസികമായി പാലത്തിന്‍റെ കൈവരി ചാടിക്കടക്കുകയും യുവാവിനെ മനശാസ്ത്രപരമായി കൈകാര്യം ചെയ്യുകയും ചെയ്തുകൊണ്ടാണ് ആള്‍ക്കൂട്ടത്തിന്‍റെ കയ്യടി ഏറ്റുവാങ്ങിയിരിക്കുന്നത്.

കൈവരി ചാടിക്കടന്ന് യുവിവാന് അരികിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ ഇദ്ദേഹത്തോട് ലങ്കേശ്വര്‍ എന്തെല്ലാമോ സംസാരിക്കുന്നത് വീഡിയോയില്‍ കാണാൻ സാധിക്കും. യുവാവിനെ സമാധാനിപ്പിച്ച് നിര്‍ത്തുകയാണിതെന്ന് ഏറെ വ്യക്തമാണ്. സംഭവത്തിന്‍റെ വീഡിയോ വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെടുന്നത്. വീഡിയോ കണ്ടവരെല്ലാം തന്നെ ഈ പൊലീസുകാരന്‍റെ മനസിനും അദ്ദേഹത്തിന്‍റെ മിടുക്കിനുമാണ് അഭിനന്ദനവും നന്ദിയും അറിയിക്കുന്നതും.

വീഡിയോ കണ്ടുനോക്കൂ…

LEAVE A REPLY

Please enter your comment!
Please enter your name here