സ്വര്‍ഗത്തില്‍ പോകാന്‍ പട്ടിണി കിടക്കാന്‍ പാസ്റ്ററുടെ ഉപദേശം; ലോകത്തെ ഞെട്ടിച്ച് കെനിയയിലെ മൃതദേഹ കൂമ്പാരം

0
360

ലോകത്തെ ഞെട്ടിച്ച് കെനിയയിലെ തീരദേശ പട്ടണമായ മാലിന്ദിക്ക് സമീപം മൃതദേഹങ്ങളുടെ കൂട്ടം കണ്ടെത്തി. സ്വര്‍ഗത്തില്‍ പോകുമെന്ന വിശ്വാസത്തില്‍ പട്ടിണി കിടന്ന മരിക്കാന്‍ പ്രേരിപ്പിച്ച പാസ്റ്ററുടെ തൊണ്ണൂറോളം അനുയായികളാണ് മരിച്ചതെന്നാണ് കെനിയന്‍ പൊലീസ് നല്‍കുന്ന വിവരം.(Dead bodies found in Kenya starvation cult case)

ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ചിലെ വിവാദ പ്രാസംഗികനായ പാസ്റ്റര്‍ പോള്‍ മക്കെന്‍സിയാണ് ഇത്രയധികം പേരുടെ മരണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. യേശുവിനെ കാണാനും സ്വര്‍ഗത്തില്‍ പോകാനും പട്ടിണി കിടക്കണമെന്ന് പാസ്റ്റര്‍ തന്റെ അനുയായികളോട് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച വിശ്വാസികളാണ് പട്ടിണി മൂലം കുഴിമാടങ്ങളില്‍ മരിച്ചുവീണത്.

2003ലാണ് മക്കെന്‍സി മാലിന്ദിയില്‍ ഒരു പള്ളി സ്ഥാപിക്കുന്നത്. ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിക്കാന്‍ മക്കെന്‍സി കുട്ടികളോട് ആവശ്യപ്പെട്ടിരുന്നതും വിവാദം സൃഷ്ടിച്ചിരുന്നു. സ്വര്‍ഗത്തില്‍ പോകണമെങ്കില്‍ പട്ടിണി കിടക്കണം, ലൗകിക ജീവിതം ഉപേക്ഷിക്കണം എന്നതടക്കമുള്ള ഉപദേശങ്ങളാണ് മക്കെന്‍സി വിശ്വാസികള്‍ക്ക് നല്‍കിയിരുന്നത്. തനിക്ക് പ്രവചന ശക്തിയുണ്ടെന്നും യേശുവിന്റെ നേരിട്ട് കണ്ടിട്ടുണ്ടെന്നും പലപ്പോഴും പറഞ്ഞിട്ടുള്ള മക്കെന്‍സി, തനിക്ക് ലഭിക്കുന്ന വെളിപാടുകളുടെ അടിസ്ഥാനത്തിലാണ് പലതും ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതെന്നും പറഞ്ഞിരുന്നു. 2019ല്‍ മക്കെന്‍സി ഈ പള്ളി പൂട്ടി ഷക്കഹോലയിലേക്ക് പോകുകയും ചെയ്തു.

ജോലിയും വിദ്യാഭ്യാസവും ഉപേക്ഷിക്കാനും ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നത് നിര്‍ത്താനും അസുഖമുള്ളപ്പോള്‍ ആശുപത്രികളില്‍ ചികിത്സ തേടാതിരിക്കാനും മക്കെന്‍സി തന്റെ അനുയായികളോട് നിര്‍ദേശിച്ചു. സ്വര്‍ഗത്തില്‍ പോകണമെങ്കില്‍ പുറത്ത് നിന്നുള്ള ആരുമായും ഇടപഴകരുതെന്നും ദേശീയ ഐഡികളും ജനന സര്‍ട്ടിഫിക്കറ്റുകളും ഉള്‍പ്പെടെ സര്‍ക്കാര്‍ നല്‍കിയ എല്ലാ രേഖകളും നശിപ്പിക്കണമെന്നും പാസ്റ്റര്‍ അനുയായികളോട് നിരന്തരം പറഞ്ഞു.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആദ്യം ഷക്കഹോലയില്‍ നിന്ന് അവശനിലയില്‍ 16 പേരെ കണ്ടെത്തിയത്. ഇവരില്‍ നാല് പേര്‍ ആശുപത്രിയില്‍ എത്തുംമുന്‍പേ മരിച്ചിരുന്നു. തുടര്‍ അന്വേഷണത്തിലാണ് നൂറിനടുത്ത് മൃതദേഹങ്ങള്‍ കുഴിമാടങ്ങളില്‍ കണ്ടെത്തിയത്. മെക്കന്‍സിയുടെ അനുയായികളില്‍ നിരവധി പേരെ ഇപ്പോഴും കാണാനുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. അതേസമയം മെക്കന്‍സിയുടെ ഉപദേശം കേള്‍ക്കാതെ സ്ഥലത്ത് നിന്ന് രക്ഷപെടാന്‍ ശ്രമിച്ചവരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കണ്ടെത്തിയ മൃതദേഹങ്ങളില്‍ പട്ടിണി കിടന്ന ശരീരം ശോഷിക്കാതെ ആരോഗ്യമുള്ളവരുടേതുമുണ്ടെന്നതാണ് ഈ റിപ്പോര്‍ട്ടുകളുടെ ആധാരം.

Read Also: ‘ഒരു മുസ്‍ലിം വോട്ട് പോലും ഞങ്ങൾക്ക് വേണ്ട’- വിവാദ പ്രസ്താവനയുമായി മുൻ കർണാടക മന്ത്രി ഈശ്വരപ്പ

വിശ്വാസത്തിന്റെ മറവില്‍ ആളുകളുടെ ജീവനെടുക്കാന്‍ പ്രേരിപ്പിക്കുന്ന നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് കെനിയന്‍ സര്‍ക്കാരും മതനേതാക്കളും പ്രകടിപ്പിക്കുന്നത്. മെക്കന്‍സിയുടേത് തീവ്രവാദ ആക്രമണത്തിന് തുല്യമായ സംഭവമാണെന്ന് സെന്‍ട്രല്‍ കെനിയയിലെ നൈറി കാത്തലിക് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ആന്റണി മുഹേരിയ പറഞ്ഞു.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മക്കെന്‍സിയുടെ ഉപദേശപ്രകാരം മാതാപിതാക്കള്‍ പട്ടിണി കിടത്തിയതിനെ തുടര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ച സംഭവത്തോടെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. മാര്‍ച്ച് 23ന് മക്കെന്‍സിയെ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടുകയും ചെയ്തു. കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് 2019ലും ഇയാളെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും വിട്ടയയ്ക്കുകയായിരുന്നു. രണ്ട് കേസുകളും ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

Read Also: ‘ഒരു മുസ്‍ലിം വോട്ട് പോലും ഞങ്ങൾക്ക് വേണ്ട’- വിവാദ പ്രസ്താവനയുമായി മുൻ കർണാടക മന്ത്രി ഈശ്വരപ്പ

ഏപ്രില്‍ 14 ന് പൊലീസില്‍ കീഴടങ്ങിയ മക്കെന്‍സി ഇതുവരെ പൊലീസിന്റെ ചോദ്യങ്ങളോട് പ്രതികരിച്ചിട്ടില്ല. ഭക്ഷണം കഴിക്കാനും വിസമ്മതിച്ചു. തനിക്ക് നേരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളില്‍ ഞെട്ടലുണ്ടായെന്നും 2019ല്‍ തന്നെ തന്റെ ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ പള്ളി അടച്ചെന്നും ഇയാള്‍ പറയുന്നു. ‘ക്രിസ്തുവിനെ അനുഗമിക്കുക, പാസ്റ്റര്‍ മക്കെന്‍സിയെ പിന്തുടരരുത്’ എന്നാണ് ഇയാളുടെ ഇപ്പോഴത്തെ വാദം. മാധ്യമങ്ങള്‍ തന്നെ തെറ്റിദ്ധരിക്കുകയാണെന്നും മക്കെന്‍സി വാദിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here