മുസ്ലിങ്ങള്‍ക്ക് മതാടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് കേരളത്തില്‍ മാത്രം; മതസംവരണം ഭരണഘടനാവിരുദ്ധം; കര്‍ണാട സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

0
201

മുസ്ലിം വിഭാഗത്തിനുള്ള നാല് ശതമാനം സംവരണം റദ്ദാക്കിയ നടപടിയില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി കര്‍ണാടക. കേരളത്തിനെ കുറ്റപ്പെടുത്തിയാണ് കര്‍ണാടക സുപ്രീംകോടതില്‍ എത്തിയിരിക്കുന്നത്. കേരളം ഒഴികെ രാജ്യത്ത് ഒരു സംസ്ഥാനത്തും മുസ്ലിങ്ങള്‍ക്ക് മതാടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നില്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് ഭരണഘടനാവിരുദ്ധമാണെന്നുമാണ് സുപ്രീംകോടതിയില്‍ കര്‍ണാടക നിലപാട് സ്വീകരിച്ചിരിക്കുന്നത്.

ബി ജെ പി സര്‍ക്കാരിന്റെ നടപടി തികച്ചും തെറ്റായ നിഗമനങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. സംവരണം റദ്ദാക്കിയതിനെതിരായ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഈ നിരീക്ഷണം അന്നു നടത്തിയത്.

കര്‍ണാടകത്തില്‍ മുസ്ലിങ്ങള്‍ക്ക് ഉണ്ടായിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കിയതിന് എതിരായ വിവിധ ഹര്‍ജികളിലാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് ഭരണഘടനയുടെ 14,15, 16 അനുച്ഛേദങ്ങളുടെ ലംഘനമാണ്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം അഭികാമ്യമല്ലെന്ന് മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. പിന്നാക്കാവസ്ഥയില്‍ കഴിയുന്ന മുസ്ലിങ്ങള്‍ക്ക് മറ്റ് സംവരണങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്.

സംവരണത്തിനുള്ള അര്‍ഹത കണക്കാക്കുമ്പോള്‍ ഒരു മതവിഭാഗത്തെ മുഴുവനായി കാണാനായി കഴിയില്ല. കേന്ദ്ര സര്‍ക്കാരും മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നില്ല. മുസ്ലിം മതവിഭാഗത്തെ മൊത്തത്തില്‍ കണക്കാക്കി സംവരണം നല്‍കുന്ന ഏക സംസ്ഥാനം കേരളമാണെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നു. അതേ സമയം മുസ്ളിം വിഭാഗത്തിന് സംവരണം നിഷേധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഏപ്രില്‍ 18 വരെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്ന എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

മുസ്ലീങ്ങള്‍ക്കുള്ള ഒ.ബി.സി സംവരണമാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലവിലുണ്ടായിരുന്ന നാല് ശതമാനം സംവരണം ഇതോടെ ഇല്ലാതാവും. സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള മുസ്ലിങ്ങള്‍ക്ക് മാത്രമേ ഇനി സംവരണം ലഭിക്കൂ. സംവരണ ക്വാട്ടയില്‍ മറ്റ് വിഭാഗങ്ങള്‍ക്കൊപ്പം മാത്രമാണ് സംവരണം നല്‍കുക. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ ബസനഗൗഡ പാട്ടീല്‍ യത്നാല്‍ ഉള്‍പ്പടെ ഉള്ള ബിജെപി നേതാക്കള്‍ മുസ്ലിം സംവരണം എടുത്ത് കളയണം എന്ന് ആവശ്യപ്പെട്ടിരുന്നു. മുസ്ലീങ്ങളുടെ നാല് ശതമാനം ക്വാട്ട വൊക്കലിഗകള്‍ക്കും (2 ശതമാനം), ലിംഗായത്തുകള്‍ക്കും (2 ശതമാനം) നല്‍കുമെന്നുമാണ് കര്‍ണാടക തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here