അക്കൗണ്ടിൽ പണമുണ്ടോ ഇല്ലയോ എന്നൊന്നും ചിന്തിക്കാതെ, എടിഎമ്മിൽ പോയി കാർഡ് സ്വയപ്പ് ചെയ്യുന്ന ശീലമുണ്ട് പലർക്കും. എന്നാൽ അത്തരക്കാർക്ക് പണികിട്ടുമെന്ന മുന്നറിയിപ്പ് നൽകുകയാണ് പഞ്ചാബ് നാഷണൽ ബാങ്ക്. അക്കൗണ്ടിൽ മതിയായ പണമില്ലാതെ, എടിഎമ്മിൽ കയറി പണം പിൻവലിക്കാൻ ശ്രമിച്ചാൽ, പരാജയപ്പെടുന്ന ആഭ്യന്തര ഇടപാടുകൾക്ക് ഉപയോക്താക്കളിൽ നിന്നും ചാർജ്ജ് ഈടാക്കുമെന്ന് വ്യക്തമാക്കുകയാണ് പിഎൻബി.
മതിയായ പണമില്ലാത്തതിനാൽ പരാജയപ്പെടുന്ന ആഭ്യന്തര പണം പിൻവലിക്കൽ നടപടികൾക്ക് 2023 മെയ് ഒന്നുമുതൽ 10 രൂപയും, ജിസ്ടിയും ഈടാക്കും എന്നാണ് പഞ്ചാബ് നാഷണൽ ബാങ്കിന്റെ വെബ്‌സൈറ്റിൽ പറയുന്നത്.
പരാജയപ്പെട്ട എടിഎം ഇടപാടുകൾക്കായി പിഎൻബി വെബ്‌സൈറ്റിൽ പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ
- പരാജയപ്പെട്ട എടിഎം ഇടപാടുകളെ കുറിച്ചുള്ള പരാതികൾ ലഭിച്ച് ഏഴ് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പരിഹരിക്കപ്പെടും.
- ഇടപാട് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഒരു ക്ലെയിം ഉന്നയിക്കുകയാണെങ്കിൽ, കാലതാമസം പരിഹരിക്കുന്നതിന് പ്രതിദിനം 100 രൂപ നഷ്ടപരിഹാരം നൽകും.
- ഉപഭോക്താക്കളുടെ ആശങ്കകളും പരാതികളും 0120-2490000 അല്ലെങ്കിൽ (ടോൾ ഫ്രീ) 18001802222,1800 103 2222. എന്നീ നമ്പറുകളിൽ വിളിച്ച് അറിയിക്കാം
പുതുക്കിയ ഡെബിറ്റ് കാർഡ് ചാർജുകൾ, പ്രീപെയ്ഡ് കാർഡ് ഇഷ്യൂവൻസ് ചാർജുകൾ, വാർഷിക മെയിന്റനൻസ് ചാർജുകൾ എന്നിവ നടപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബാങ്കിന്റെ അറിയിപ്പുണ്ട്.. അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലാത്തതിനാൽ ഡെബിറ്റ് കാർഡ് വഴിയുള്ള പിഒഎസ്, പോലുള്ള ഇടപാടുകൾ നിരസിക്കപ്പെട്ടാൽ ചാർജുകൾ ഈടാക്കി തുടങ്ങാനും ബാങ്ക് പദ്ധതിയിടുന്നുണ്ട്.
കാർഡ് നഷ്ടപ്പെടുകയോ, മോഷണം പോവുകയോ ചെയ്താൽ
- ഉപഭോക്താവിന്റെ കയ്യിൽ നിന്നും കാർഡ് നഷ്ടപ്പെടുകയോ, മോഷണം പോവുകയോ ചെയ്താൽ, കാർഡ് ദുരുപയോഗം തടയുന്നതിനായി, കാർഡ് ഹോൾഡർ, ഉടൻ തന്നെ കാർഡ് ബ്ലോക് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണം
- 24 മണിക്കൂറും ലഭ്യമായ 1800 180 2222, 1800 103 2222 എന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് വിവരമറിയിക്കാം.അല്ലെങ്കിൽ 0120-2490000 എന്ന പെയ്ഡ് ഹെൽപ് ലൈൻ നമ്പറിൽ കോൺടാക്ട് ചെയ്യാം
- ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 5607040 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്യാം.
- അല്ലെങ്കിൽ പിഎൻബി ഇന്റർനെറ്റ് ബാങ്കിംഗ് സർവീസസ് ലോഗിൻ ചെയ്ത് വാല്യൂ ആഡഡ് സർവീസസ് ക്ലിക് ചെയ്യുക, ശേഷം എമർജൻസി സർവീസസ് എന്ന ഓപ്ഷൻ ക്ലിക് ചെയ്ത് ഡെബിറ്റ് കാർഡ് ഹോട്ട്ലിസ്റ്റിംഗ് എന്നതിൽ ക്ലിക് ചെയ്യുക.
ഓർക്കുക ഒരു തവണ ഹോട്ട്ലിസ്റ്റ് ചെയ്ത ഡെബിറ്റ് കാർഡ് ഡി-ഹോട്ട്ലിസ്റ്റ് ചെയ്യാൻ കഴിയില്ല. മാത്രമല്ല ഉപഭോക്താക്കളുടെ അക്കൗണ്ട്, ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, പാസ്സ്‌വേർഡ്, പിൻ നമ്പറുകൾ, ഒടിപി, ഇമെയിൽ ഐഡി എന്നീ ബാങ്ക് വിശദാംശങ്ങൾ ആരുമായും ഷെയർ ചെയ്യരുതെന്നും, ബാങ്ക് വിവരങ്ങൾ ആവശ്യപ്പെടുന്ന ഇ-മെയിലുകൾ, കോളുകൾ, മെസ്സേജുകൾ എന്നിവ കുറ്റകരമാണെന്നും, ഇത്തരം വിവരങ്ങൾ നൽകരുതെന്നും വെബ്‌സൈറ്റില്‍ പറയുന്നു. ബാങ്ക്, ആർബിഐ, ആദായ നികുതി വകുപ്പ്, പോലീസ് തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്നും ബാങ്ക് വിവരങ്ങൾ ആവശ്യപ്പെട്ട് നിങ്ങളെ കോൺടാക്ട് ചെയ്യുകയുമില്ല.. എന്തെങ്കിലും ഇതുപോലുള്ള സന്ദർഭങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നിങ്ങളുടെ പാസ്വേഡുകൾ / പിൻ നമ്പർ ഉടൻ മാറ്റണമെന്നും, ഇതിൽ ബാങ്കിന് ബാധ്യതയില്ലെന്നും വെബ്‌സൈറ്റിൽ പറയുന്നു.