17 വയസിൽ കൊലക്കേസ്, 27 ൽ എംഎൽഎ, നെഹ്റുവിന്‍റെ ഫുൽപൂരിൽ എംപിയായി; മോദിക്കെതിരെയും തെരഞ്ഞെടുപ്പ് പോരാട്ടം!

0
291

ലഖ്‍നൗ: രാജ്യം ഞെട്ടിയ സംഭവമായിരുന്നു മുൻ എം പിയും ഗുണ്ടാ നേതാവുമായ അതീഖ് അഹമ്മദിന്‍റെയും സഹോദരന്‍റെയും കൊലപാതകം. പൊലീസ് കസ്റ്റഡിയിലായിരുന്നു അക്രമി സംഘം ഇരുവരെയും വെടിവച്ച് കൊന്നത് എന്നതാണ് ഏവരെയും ഞെട്ടിച്ചത്. സംഭവ സ്ഥലത്ത് തന്നെ കൊലയാളികളെ പിടികൂടിയെങ്കിലും യു പി പൊലീസിനെതിരെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. പൊലീസിന്‍റെ സുരക്ഷയിലിരിക്കെ പോയിന്‍റ് ബ്ലാങ്കിൽ എങ്ങനെയാണ് അക്രമികൾ അതിഖിനെപോലൊരാളെ വെടിവച്ച് കൊല്ലുകയെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. അതേസമയം തന്നെ അതിഖിന്‍റെ രാഷ്ട്രീയ ജീവിതവും ക്രമിനൽ പശ്ചാത്തലവുമെല്ലാം ഇതിനൊപ്പം ചർച്ചയാകുന്നുണ്ട്.

17 വയസുള്ളപ്പോഴാണ് അതിഖിന്‍റെ പേര് ഉത്തർപ്രദേശിന്‍റെ പൊലീസ് സ്റ്റേഷനുകളിൽ ആദ്യമായി കേൾക്കുന്നത്. അന്നത്തെ അലഹബാദിൽ (ഇന്ന് പ്രയാഗ് രാജ്) നടന്ന ഒരു കൊലപാതക കേസിലാണ് 17 കാരൻ പ്രതിയായത്. പിന്നീടങ്ങോട്ടുള്ള ഒരു ദശാബ്ദത്തിനിടയിൽ അതീഖ് ഏവരെയും ഞെട്ടിക്കുന്ന വേഗത്തിൽ വളർന്നു. ക്രിമിനിൽ കേസുകളിലും കൊലപാതക കേസുകളിലും ഒക്കെ പ്രതിയാകുമ്പോഴും ഒരു വഴിയിലൂടെ അതിഖ് രാഷ്ട്രീയ പാതയിലും എത്തി. കൃത്യം പത്താം വർഷം അതിഖ് രാഷ്ട്രീയത്തിൽ രംഗപ്രവേശം നടത്തി. 27 ാം വയസിലെ കന്നിയങ്കത്തിൽ അതിഖ് പ്രമുഖ രാഷ്ട്രീയ കക്ഷികളെയെല്ലാം ഞെട്ടിച്ചു. 1989 ല്‍ അലഹാബാദ് വെസ്റ്റ് മണ്ഡലത്തിലായിരുന്നു അതിഖിന്‍റെ കന്നി പോരാട്ടം. പ്രമുഖരെയെല്ലാം മുട്ടുകുത്തിച്ച് സ്വതന്ത്ര എം എല്‍ എ യായി ജയിച്ചുകയറി. 96 വരെ ഒറ്റക്ക് നിന്ന അതിഖ് പിന്നീട് സമാജ് വാദി പാർട്ടിയുടെ കൊടിക്കീഴിലേക്ക് മാറുകയായിരുന്നു. 96 ൽ എസ് പി ടിക്കറ്റിൽ മത്സരിച്ച് ജയിച്ചു. എന്നാൽ ഗുണ്ടാ ബന്ധങ്ങളുടെ പേരിൽ എസ് പിയുമായി അതിഖ് തെറ്റിപ്പിരിഞ്ഞു. എസ് പിയിൽ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും അതിഖ് അപ്നാദളിന്‍റെ ഭാഗമായി. ഇടയ്ക്ക് തെരഞ്ഞെടുപ്പ് ഗോദയിൽ അടിതെറ്റിയെങ്കിലും 2003 ൽ അപ്നാദൾ സ്ഥാനാർഥിയായി ജയിച്ചുകയറി. ഇതോടെ വീണ്ടും എസ് പിയുടെ വാതിലുകൾ തുറന്നു.

എസ് പിയുടെ കൊടിക്കീഴിൽ അതീഖ് പിന്നീട് പാർലമെന്‍റിലേക്കാണ് ജയിച്ചുകയറിയത്. 2004 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഫുല്‍പുര്‍ മണ്ഡലത്തിൽ ജയിച്ചാണ് അതീഖ് പാർലമെന്‍റിലെത്തിയത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്റുവിന്‍റെ മണ്ഡലം എന്ന പേരിൽ പ്രശസ്തമായ ഫുൽപൂരിൽ നിന്നുള്ള അതിഖിന്‍റെ വിജയം അന്ന് വലിയ ചർച്ചയായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് രാഷ്ട്രീയത്തിൽ അതിഖിന് തിരിച്ചടികളുടെ കാലമായിരുന്നു. 2014 ല്‍ ലോക്‌സഭയിലേക്ക് ജനവിധി തേടിയ അതിഖിന് നിരാശനാകേണ്ടി വന്നു. 2018 ലെ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി ഫുല്‍പുരിൽ പോരാട്ടത്തിനിങ്ങിയപ്പോഴും തിരിച്ചടി നേരിട്ടു. രാഷ്ട്രീയ ജീവിതത്തിൽ നിന്ന് ഏറെക്കുറെ അപ്രസക്തനായെങ്കിലും അതിഖിന്‍റെ ലോക്സഭയിലേക്കുളള അവസാന പോരാട്ടം 2019 ലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വരാണസിയിലായിരുന്നു പോരാട്ടത്തിനിറങ്ങിയത്. എന്നാൽ സ്വതന്ത്ര സ്ഥാനാർഥിയായെത്തിയ അതീഖിന് കേവലം 855 വോട്ടുകൾ കൊണ്ട് തൃപ്തിപെടേണ്ടി വന്നു.

LEAVE A REPLY

Please enter your comment!
Please enter your name here