പരിക്കേറ്റ ഓസീസ് പേസര്‍ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്

0
214

മുംബൈ: ഐപിഎല്ലിന് മുമ്പെ പരിക്കേറ്റ് പിന്‍മാറിയ ഓസീസ് പേസര്‍ ജൈ റിച്ചാര്‍ഡ്സന്‍റെ പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്. ഓസ്ട്രേലിയന്‍ പേസറായ റിലെ മെറിഡിത്താണ് റിച്ചാര്‍ഡ്സന്‍റെ പകരക്കാരനായി മുംബൈ ഇന്ത്യന്‍സിലെത്തുക. അടിസ്ഥാന വിലയായ ഒന്നര കോടി രൂപക്കാണ് മെറിഡിത്ത് മുംബൈയിലെത്തുന്നത്. കഴിഞ്ഞ സീസണില്‍ ഒരു കോടി രൂപക്ക് മുംബൈ ടീമിലെത്തിയ മെറി‍ഡിത്തിനെ ഇത്തവണ മുംബൈ ഒഴിവാക്കിയിരുന്നു. ലേലത്തില്‍ മെറിഡിത്തിനെ ആരും സ്വന്തമാക്കിയിരുന്നുമില്ല.

കഴിഞ്ഞ സീസണില്‍ മുംബൈക്കായി എട്ട് കളികളില്‍ കളിച്ച മെറിഡിത്ത് 8.42 ഇക്കോണമിയില്‍ എട്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. 2021ലെ സീസണില്‍ പ‍ഞ്ചാബ് കിംഗ്സിന്‍റെ താരമായും മെറിഡിത്ത് ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷ് ലീഗില്‍ മികച്ച പ്രകടനം നടത്തിയ മെറിഡിത്ത് 14 മത്സരങ്ങളില്‍ 8.33 ഇക്കോണമിയില്‍ 21 വിക്കറ്റ് നേടി ലീഗിലെ അഞ്ചാമത്തെ വലിയ വിക്കറ്റ് വേട്ടക്കാരായിരുന്നു.

ജെ റിച്ചാര്‍ഡ്സണ് പകരം ശ്രീലങ്കന്‍ പേസര്‍ ദുഷ്മന്ത ചമീരയുമായും മുംബൈ ഇന്ത്യന്‍സ് ചര്‍ച്ച നടത്തിയിരുന്നെങ്കിലും കരാറിലേര്‍പ്പെടാനായിരുന്നില്ല.  നേരത്തെ ജസ്പ്രീത് ബുമ്രയുടെ പകരക്കാരനായി മലയാളി പേസര്‍ സന്ദീപ് വാര്യരെ മുംബൈ ടീമിലെടുത്തിരുന്നു. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ് ഫിനിഷ് ചെയ്തത്.

ഇത്തവണ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് കനത്ത തോല്‍വി വഴങ്ങിയാണ് മുംബൈ തുടങ്ങിയത്. ജസ്പ്രീത് ബുമ്രയുടെ ആഭാവത്തില്‍ ജോഫ്ര ആര്‍ച്ചറിലാണ് ഇത്തവണ മുംബൈയുടെ പ്രധാന ബൗളിംഗ് പ്രതീക്ഷ. ഓസ്ട്രേലിയന്‍ പേസര്‍മാരായ ജേസൺ ബെഹ്‌റൻഡോർഫും ദക്ഷിണാഫ്രിക്കയുടെ ഡ്വാൻ യാൻസനുമാണ് ആര്‍ച്ചര്‍ക്കും മെറിഡിത്തിനും പുറമെ മറ്റ് വിദേശ പേസർമാർ.

മുംബൈ ഇന്ത്യന്‍സ് ടീം: രോഹിത് ശർമ്മ,സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഡെവാൾഡ് ബ്രെവിസ്, തിലക് വർമ്മ, ജോഫ്ര ആർച്ചർ, ടിം ഡേവിഡ്, മുഹമ്മദ് അർഷാദ് ഖാൻ, രമൺദീപ് സിംഗ്, ഹൃത്വിക് ഷോക്കീൻ, അർജുൻ ടെന്‍ഡുൽക്കർ, ട്രിസ്റ്റൺ സ്റ്റബ്‌സ്, കുമാർ കാർത്തികേയ, ജേസൺ ബെഹ്‌റൻഡോർഫ്, കാമറോൺ ഗ്രീൻ,പിയൂഷ് ചൗള, ഡുവാൻ ജാൻസെൻ, വിഷ്ണു വിനോദ്, ഷംസ് മുലാനി, നെഹാൽ വാധേര, രാഘവ് ഗോയൽ, സന്ദീപ് വാര്യര്‍, റിലെ മെറിഡിത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here