ഒരു സെല്‍ഫിയെങ്കിലും ക്ലിക്ക് ചെയ്യാത്ത ഒരാള്‍ പോലുമുണ്ടാവില്ല. സെല്‍ഫിയ്ക്ക് വേണ്ടി വിവിധ തരത്തിലുള്ള പോസുകളും ഫേഷ്യല്‍ എക്‌സ്പ്രഷനുകളും നമ്മള്‍ പരീക്ഷിക്കാറുമുണ്ട്. അതുപോലെ പലതരം ആറ്റിട്യൂഡിട്ട ഒരു ‘പൂച്ചസെല്‍ഫി’ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. ആപ്പിള്‍ കമ്പനിയുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ പൂച്ചപ്പടങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അഞ്ച് ദിവസത്തിനുള്ളില്‍ 10 ലക്ഷത്തിലേറെ ലൈക്കാണ് ചിത്രങ്ങള്‍ നേടിയത്. എന്നാലീ സെല്‍ഫി ചിത്രങ്ങള്‍ പകര്‍ത്തിയത് മലയാളിയായ റാഷിദ് ഷെരീഫാണ് എന്നതാണ് അതിലെ ഹൈലൈറ്റ്. മൊബൈല്‍ ഫോട്ടോഗ്രാഫിയെ സീരിയസായി കാണുന്ന, ഫോട്ടോഗ്രാഫി ക്രെയ്‌സായ റാഷിദ് പക്ഷെ തന്റെ പൂച്ചക്ലിക്കുകള്‍ ഇത്ര വൈറലാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
വയനാട് സ്വദേശിയായ റാഷിദ് ഖത്തറില്‍ ഓട്ടോ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയാണ്. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആയിരത്തോളം ചിത്രങ്ങള്‍ റാഷിദ് പങ്കുവെച്ചിട്ടുണ്ട്. പതിനായിരത്തിലേറെ ഫോളോവേഴ്‌സും റാഷിദിനുണ്ട്. മാര്‍ച്ച് ആറിനാണ് റാഷിദ് തന്റെ ഇന്‍സ്റ്റ അക്കൗണ്ടിലൂടെ പൂച്ചയുടെ ആറ് ചിത്രങ്ങള്‍ പങ്കുവെച്ചത്. പിന്നാലെ ആപ്പിള്‍ തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ റാഷിദിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തു. ഒരു മലയാളിയുടെ ചിത്രങ്ങള്‍ക്ക് അന്താരാഷ്ട്രതലത്തില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയേറെ സ്വീകാര്യത ലഭിക്കുന്നത് ഒരുപക്ഷേ ആദ്യമായിരിക്കും. ആപ്പിളിന്റെ ഇന്‍സ്റ്റ പേജില്‍ ഏറ്റവുമധികം ലൈക്ക് ലഭിച്ച ചിത്രമെന്ന ബഹുമതിയും റാഷിദിന്റെ ചിത്രങ്ങള്‍ക്ക് സ്വന്തം.
ഇതിന് മുമ്പും റാഷിദിന്റെ ചിത്രങ്ങള്‍ ആപ്പിള്‍ തങ്ങളുടെ പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ലോകത്തെല്ലായിടത്തുമുള്ള ഐ ഫോണ്‍ ഉപയോക്താക്കള്‍ പകര്‍ത്തുന്ന ചിത്രങ്ങളില്‍ നിന്ന് #ShotoniPhone എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ചിത്രങ്ങളാണ് ആപ്പിള്‍ തങ്ങളുടെ അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്യുന്നത്. നിരവധി ഇന്ത്യക്കാരുടെ ചിത്രങ്ങള്‍ ഇതില്‍ ഇടം നേടിയിട്ടുണ്ട്. ആലപ്പുഴ സ്വദേശി സഹീര്‍ യാഫി പകര്‍ത്തിയ ചിത്രം ആപ്പിള്‍ ഷെയര്‍ ചെയ്തത് നേരത്തെ വാര്‍ത്തയായിരുന്നു. റാഷിദിന്റെ ചിത്രങ്ങള്‍ ആപ്പിള്‍ അവരുടെ പരസ്യചിത്രീകരണത്തിന് ഉപയോഗിക്കുമെന്നും അനുമോദനമെന്ന നിലയില്‍ പാരിതോഷികമായി ഒരു തുക കൈമാറുമെന്നും ആപ്പിള്‍ അറിയിച്ചിരിക്കുകയാണ്.