‘ഗോരക്ഷാ സംഘങ്ങളെ നിലയ്ക്കു നിർത്തും; ആൾക്കൂട്ടക്കൊലകളിൽ കടുത്ത നടപടിയുണ്ടാകും’; മുസ്‍ലിം പണ്ഡിത സംഘത്തോട് അമിത് ഷാ

0
281

ന്യൂഡൽഹി: രാജ്യത്ത് മുസ്‌ലിംകൾക്കെതിരെ നടക്കുന്ന വിദ്വേഷ കുറ്റകൃത്യങ്ങളിൽ കടുത്ത നടപടികളുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗോരക്ഷാ സംഘങ്ങളെ നിലയ്ക്കു നിർത്താൻ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് പിടിമുറുക്കുന്ന ഇസ്‌ലാമോഫോബിയയിലും വിദ്വേഷക്കൊലകളിലും ആശങ്കയുമായി കൂടിക്കാഴ്ചയ്‌ക്കെത്തിയ മുസ്‌ലിം പണ്ഡിതരുടെ പ്രതിനിധി സംഘത്തോടാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്നലെ ഡൽഹിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ മഹ്മൂദ് അസ്അദ് മദനിയുടെ നേതൃത്വത്തിലുള്ള 16 അംഗ സംഘമാണ് സംഘത്തിലുണ്ടായിരുന്നത്. രാമനവമി അടക്കമുള്ള ആഘോഷങ്ങൾക്കിടെ നടക്കുന്ന അക്രമസംഭവങ്ങൾ, ആൾക്കൂട്ടക്കൊലകൾ, മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങൾ, മുസ്‌ലിം സംവരണം എടുത്തുമാറ്റൽ, ഏക സിവിൽ കോഡ്, മുസ്‌ലിംകൾക്കെതിരെ നടക്കുന്ന ബുൾഡോസർ രാജ്, വഖഫ് കൈയേറ്റം അടക്കം 14 വിഷയങ്ങളാണ് സംഘം അമിത് ഷായോട് ഉന്നയിച്ചതെന്ന് കൂടിക്കാഴ്ചയിൽ പങ്കെടുത്ത ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് സെക്രട്ടറി നിയാസ് ഫാറൂഖി അറിയിച്ചു.

രാഷ്ട്രീയ പ്രസംഗങ്ങളിലൊന്നും കാണാത്ത മറ്റൊരു അമിത് ഷായെയാണ് കൂടിക്കാഴ്ചയിൽ കണ്ടതെന്ന് ഫാറൂഖി ‘എൻ.ഡി.ടി.വി’യോട് പറഞ്ഞു. എല്ലാം വിശദമായി കേട്ടു. അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. നിഷേധസ്വരത്തിലായിരുന്നില്ല സംസാരിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.

മൗലാനാ അസ്ഗർ അലി ഇമാം മഹ്ദി സലഫി(മർകസി ജംഇയ്യത്ത് അഹ്ലെ ഹദീസ് ഹിന്ദ്), മൗലാനാ ശബീർ നദ്‌വി(നാസിഹ് എജ്യുക്കേഷൻ ട്രസ്റ്റ്, ബംഗളൂരു), കമാൽ ഫാറൂഖി(ആൾ ഇന്ത്യ മുസ്‌ലിം പേഴ്‌സനൽ ലോ ബോർഡ് അംഗം), അക്തർ അൽവാസി(ഖുസ്‌റു ഫൗണ്ടേഷൻ, ഡൽഹി), പി.എ ഇനാദാർ(എം.സി.ഇ സൊസൈറ്റി, പൂനെ), ഡോ. സഹീർ കാസി(അഞ്ജുമൻ ഇസ്‌ലാം, മുംബൈ), ജംഇയ്യത്തുൽ ഉലമാലെ ഹിന്ദ് പ്രതിനിധികളായ മൗലാനാ മുഹമ്മദ് സൽമാൻ ബജ്‌നൂരി, മൗലാനാ നദീം സിദ്ദീഖി(മഹാരാഷ്ട്ര), മുഫ്തി ഇഫ്തികാർ അഹ്മദ് ഖാസിമി, മുഫ്തി ശംസുദ്ദീൻ ബജ്‌ലി(കർണാടക), മൗലാനാ അലി ഹസൻ മസ്ഹരി, മൗലാനാ യഹ്‌യ കരീമി(ഹരിയാന, പഞ്ചാബ്, ഹിമാചൽപ്രദേശ്), മൗലാന മുഹമ്മദ് ഇബ്രാഹിം(കേരള), ഹാജി ഹസൻ അഹ്മദ്(തമിഴ്‌നാട്) എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

‘ആൾക്കൂട്ടക്കൊലകളിൽ ഉടൻ കൊലക്കുറ്റം ചുമത്തും’

ഇത്തവണ രാമനവമി ആഘോഷത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന മതസംഘർഷത്തിലും രക്തച്ചൊരിച്ചിലിലും തങ്ങൾ ആശങ്കാകുലരാണെന്ന് അമിത് ഷാ പറഞ്ഞതായി ദൗത്യസംഘം വെളിപ്പെടുത്തി. ‘ഞങ്ങളുടെ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങൾ എന്തു സംഭവങ്ങളുണ്ടായാലും ശക്തമായ നടപടിയുണ്ടാകും. അല്ലാത്ത സംസ്ഥാനങ്ങളിൽ ഗവർണർമാർ വഴിയും മുഖ്യമന്ത്രിമാർ വഴിയും തടയാൻ ശ്രമിച്ചിട്ടുണ്ട്.’-അമിത് ഷാ വ്യക്തമാക്കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിംകൾക്കെതിരെ നടക്കുന്ന ആൾക്കൂട്ടക്കൊല സംഭവങ്ങൾ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണമെന്ന് അമിത് ഷാ സംഘത്തോട് ആവശ്യപ്പെട്ടു. നടപടിയുണ്ടാകാത്ത സംഭവങ്ങളിൽ ഉടൻ തന്നെ കൊലക്കുറ്റം ചുമത്തുമെന്നും അദ്ദേഹം അറിയിച്ചതായി സംഘം പറഞ്ഞു. രാജ്യത്തുടനീളം പൊട്ടിമുളച്ചുകൊണ്ടിരിക്കുന്ന ഗോരക്ഷാസംഘങ്ങളെ നിലയ്ക്കുനിർത്തേണ്ടതുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. അടുത്തിടെ രാജസ്ഥാൻ സ്വദേശികളായ ജുനൈദും നസീറും ഹരിയാനയിൽ തീകൊളുത്തി കൊലചെയ്യപ്പെട്ട സംഭവവും കർണാടക, മധ്യപ്രദേശ് കൊലകളുമടക്കം സംഘം ഉന്നയിച്ചിരുന്നു.

‘മദ്രസകളിൽ ആധുനിക വിദ്യാഭ്യാസവും നൽകണം’

ബി.ജെ.പി നേതാക്കളടക്കം നടത്തുന്ന വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ചും സംഘം അമിത് ഷായോട് പരാതി ബോധിപ്പിച്ചു. പല തരത്തിലുള്ള ആളുകളുണ്ടെന്നും എല്ലാവരെയും ഒരേ കണ്ണിൽ കാണാനാകില്ലെന്നായിരുന്നു അമിത് ഷായുടെ മറുപടി. എന്നാൽ, സംഭവങ്ങളിലൊന്നും കേന്ദ്ര സർക്കാരിന് ഒരു പങ്കുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. താങ്കളുടെ അടക്കം ഭാഗത്തുനിന്നുള്ള മൗനത്തിൽ മുസ്‌ലിംകൾക്കിടയിൽ നിരാശയുണ്ടെന്ന് പറഞ്ഞപ്പോൾ അക്കാര്യം പരിശോധിക്കാമെന്നായിരുന്നു പ്രതികരണം.

കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുമാറ്റിയതിനെ കുറിച്ചും അമിത് ഷാ നിലപാട് വ്യക്തമാക്കി. ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഹിന്ദു-മുസ്‌ലിം കണ്ണോടെ കാണരുതെന്നാണ് അമിത് ഷാ ആവശ്യപ്പെട്ടത്. എന്നാൽ, കശ്മീരിൽ സൈന്യവും ജീവനക്കാരും എന്തെങ്കിലും അമിതാധികാരം പ്രയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ ഉറച്ച നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മദ്രസകൾക്കെതിരെ നടക്കുന്ന നടപടികളും സംഘം ചൂണ്ടിക്കാട്ടി. മദ്രസകളിൽ ഖുർആനും ഹദീസും പഠിപ്പിക്കുന്നതിൽ തനിക്ക് എതിർപ്പൊന്നുമില്ല. എന്നാൽ, കുട്ടികൾക്ക് ആധുനിക വിദ്യാഭ്യാസം കൂടി മദ്രസകളിൽ നൽകണമെന്നായിരുന്നു അമിത് ഷാ വ്യക്തമാക്കിയത്. മാധ്യമങ്ങളുടെ മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ മോദി സർക്കാർ തന്നെ മാധ്യമവേട്ടയുടെ ഇരയാണെന്നായിരുന്നു പ്രതികരണം.

കർണാടകയിൽ മുസ്‌ലിംകൾക്കുണ്ടായിരുന്ന നാല് ശതമാനം സംവരണം എടുത്തുമാറ്റിയതിനെക്കുറിച്ചും അമിത് ഷാ പ്രതികരിച്ചു. മുസ്‌ലിംകൾക്ക് ഇ.ഡബ്ല്യു.എസ് ക്വാട്ടയിൽ സംവരണം തുടർന്നും ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുൻ സർക്കാരുകൾ എല്ലാ വിഭാഗം മുസ്‌ലിംകളെയും പിന്നാക്കക്കാരാക്കുകയാണ് ചെയ്തത്. അതിൽ പ്രശ്‌നമുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here