ഡി.എം.കെ നേതാക്കള്‍ക്കെതിരെ അഴിമതിയാരോപണങ്ങള്‍ ഉയര്‍ത്തിയ തമിഴ്നാട് ബി.ജെ.പി പ്രസിഡന്റ് കെ. അണ്ണാമലൈക്കെതിരെ നിയമനടപടികള്‍ ആരംഭിച്ച് പാര്‍ട്ടി നേതൃത്വം. ഡി.എം.കെ സംഘടനാ സെക്രട്ടറി ആര്‍.എസ് ഭാരതിയാണ് നിയമനടപടികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ഡി.എം.കെ പാര്‍ട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിനുമെതിരെ അണ്ണാമലൈ നടത്തിയ ആരോപണങ്ങളില്‍ 48 മണിക്കൂറിനുള്ളില്‍ നിരുപാധികം മാപ്പ് പറയണമെന്നും 500 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നഷ്ടപരിഹാരത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഡി.എം.കെ നേതാക്കള്‍ക്കെതിരെ അഴിമതിയാരോപണങ്ങളുമായി അണ്ണാമലൈ രംഗത്തെത്തിയിരുന്നു. 2011ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദേശ കമ്പനികളില്‍ നിന്ന് എം.കെ സ്റ്റാലിന്‍ 200 കോടി രൂപ കൈപ്പറ്റി എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് അണ്ണാമലൈ ഉയര്‍ത്തിയത്. സ്റ്റാലിന്റെ മകനും കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റേതുള്‍പ്പെടെയുള്ള ഡി.എം.കെ നേതാക്കളുടെ സ്വത്തുവിവരങ്ങള്‍ പുറത്ത് വിട്ട്, ഇതിനെതിരെയും അണ്ണാമലൈ രംഗത്ത് വന്നിരുന്നു.
വ്യക്തികളുടെ സ്വത്തും പാര്‍ട്ടിയുടെ സ്വത്തും തമ്മിലുള്ള വ്യത്യാസമെങ്കിലും അണ്ണാമലൈ മനസിലാക്കണമെന്ന് ഡി.എം.കെ സംഘടനാ സെക്രട്ടറി ഭാരതി പറഞ്ഞു. 2019ല്‍ ബി.ജെ.പി ദല്‍ഹിയിലും മധ്യപ്രദേശിലും തങ്ങളുടെ പുതിയ പാര്‍ട്ടി ഓഫീസുകള്‍ തുറന്നിരുന്നു, 700 കോടിയും 100 കോടിയുമായിരുന്നു ഇതിന്റെ ചെലവ്, ഈ തുകയുടെ ഉറവിടത്തെക്കുറിച്ച് ബി.ജെ.പി എവിടെയും വെളിപ്പെടുത്തിയിട്ടില്ല. ആ തുക മുഴുവനും അഴിമതിയിലൂടെ സമ്പാദിച്ച അനധികൃത സ്വത്താണെന്ന് പറയാന്‍ കഴിയുമോയെന്നും അദേഹം ചോദിച്ചു.
ഭരണകക്ഷിയായ ഡിഎംകെ നേതാക്കള്‍ക്കെതിരെ അനധികൃത സ്വത്തു സമ്പാദനം, കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ.അണ്ണാമലൈ കഴിഞ്ഞ ദിവസമാണ് രംഗത്ത് എത്തിയത്. 2011ലെ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ വിദേശ കമ്പനികളില്‍ നിന്ന് തിരഞ്ഞെടുപ്പു ഫണ്ടായി 200 കോടി രൂപ കൈപ്പറ്റിയെന്നതാണ് പ്രധാന ആരോപണം. സ്റ്റാലിന്റെ മകനും കായിക മന്ത്രിയുമായ ഉദയനിധി ഉള്‍പ്പെടെ പാര്‍ട്ടി നേതാക്കളുടെ പേരിലുള്ള 1.34 ലക്ഷം കോടി രൂപയുടെ സ്വത്തുവിവരങ്ങളും പുറത്തു വിട്ടു.
ആരോപണങ്ങളോട് രൂക്ഷമായി പ്രതികരിച്ച ഡിഎംകെ, രേഖകള്‍ 15 ദിവസത്തിനകം പാര്‍ട്ടി ആസ്ഥാനത്തെത്തിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ബിജെപി നേതാക്കള്‍ക്കു പങ്കുണ്ടെന്നു തെളിഞ്ഞ 2,438 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പു കേസില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് അണ്ണാമലൈ നടത്തുന്നതെന്നാണ് ഡിഎംകെ ആരോപണം. പുറത്തുവിട്ട സ്വത്ത് രേഖകള്‍ രഹസ്യമല്ലെന്നും നിലവില്‍ വെബ്‌സൈറ്റുകളിലും മറ്റും ലഭ്യമാണെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി.