തുടര്‍ക്കഥയായി തോൽവികൾ; ഇതിനിടെ പാര്‍ട്ടിയിൽ വച്ച് സ്ത്രീയോട് മോശമായി പെരുമാറി ഡൽഹി സൂപ്പര്‍താരം; കടുത്ത നടപടി

0
257

ദില്ലി: ഫ്രാഞ്ചൈസി പാർട്ടിക്കിടയില്‍ ഒരു സ്ത്രീയോട് മോശമായി പെരുമാറിയ ഡല്‍ഹി ക്യാപിറ്റല്‍സ് താരം വിവാദത്തില്‍. ടൂര്‍ണമെന്‍റില്‍ മോശം പ്രകടനമാണ് ഡല്‍ഹി കാഴ്ചവെയ്ക്കുന്നത്. ഇതിനിടെയുണ്ടായ വിവാദം ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. അതേസമയം, സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ താരങ്ങള്‍ക്കായി ഫ്രാഞ്ചൈസി ‘പെരുമാറ്റച്ചട്ടം’ കൊണ്ടുവന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. കളിക്കാര്‍ക്ക് ഇനി പരിചയക്കാരെ രാത്രി 10 മണിക്ക് ശേഷം അവരുടെ മുറികളിലേക്ക് കൊണ്ടുവരാൻ കഴിയില്ല.

അതിഥികള്‍ക്കൊപ്പം സമയം ചെലവഴിക്കാൻ ആഗ്രിക്കുന്നെങ്കില്‍ അത് ടീം ഹോട്ടലിന്റെ റെസ്റ്റോറന്റിലോ കോഫി ഷോപ്പിലോ വച്ചായിരിക്കണമെന്നും നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. കൂടാതെ, ആരെയെങ്കിലും കാണാൻ ഹോട്ടലിൽ നിന്ന് പുറത്ത് പോകാൻ ആഗ്രഹിക്കുന്നുവെങ്കില്‍ താരങ്ങള്‍ ഫ്രാഞ്ചൈസി അധികൃതരെ അറിയിക്കുകയും വേണം. പെരുമാറ്റച്ചട്ടം ലംഘിക്കുന്ന സാഹചര്യത്തില്‍ താരവുമായുള്ള കരാര്‍ റദ്ദാക്കപ്പെടുമെന്ന കടുത്ത മുന്നറിയിപ്പും ടീം മാനേജ്മെന്‍റ് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഐ‌പി‌എൽ സമയത്ത് ടീമിനൊപ്പം യാത്ര ചെയ്യാൻ കളിക്കാരുടെയും സപ്പോർട്ട് സ്റ്റാഫുകളുടെയും ഭാര്യമാരെയും പങ്കാളികളെയും ഫ്രാഞ്ചൈസികള്‍ അനുവദിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആരെയെങ്കിലും അവരുടെ മുറികളിലേക്ക് താരങ്ങള്‍ കൊണ്ട് പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവർ ഐ‌പി‌എൽ ടീം ഇന്റഗ്രിറ്റി ഓഫീസറെ അറിയിക്കുകയും ടീം മാനേജ്‌മെന്റിന് ഒരു ഫോട്ടോ ഐഡന്റിഫിക്കേഷൻ സമര്‍പ്പിക്കുകയും വേണം.

പ്രത്യേക സംഭവങ്ങളൊന്നും നിര്‍ദേശത്തില്‍ പരാമര്‍ശിച്ചിട്ടില്ലെങ്കിലും സ്ക്വാഡിലെ ഓരോ അംഗവും ടീമിന്‍റെ കാഴ്ചപ്പാടിനും ലക്ഷ്യത്തിനും മുൻഗണന നൽകണമെന്ന് പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രില്‍ 29ന് സണ്‍റൈസേഴ്സ് ഹൈദരാബാദുമായാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ അടുത്ത മത്സരം. ഏഴ് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയങ്ങള്‍ മാത്രമാണ് ഇതുവരെ ഡല്‍ഹി ക്യാപിറ്റല്‍സിന് നേടാനായത്. ടീം നിലവില്‍ പോയിന്‍റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ്.

LEAVE A REPLY

Please enter your comment!
Please enter your name here