ആൾട്ടോ 800 കാറുകളുടെ ഉത്പാദനം നിർത്തിയതായി പ്രഖ്യാപിച്ച് രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ മാരുതി സുസുക്കി. മാരുതിയുടെ ഏറ്റവും വില കുറഞ്ഞതും രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നതുമായ ജനപ്രിയ മോഡലാണ് നിർത്തലാക്കുന്നത്. വാഹനത്തിന്റെ പുതിയ ബാച്ചുകളൊന്നും ഇനി ഉത്പാദിപ്പിക്കില്ലെന്നും ഇപ്പോൾ സ്റ്റോക്കിലുള്ളവ വിറ്റഴിക്കുമെന്നും കമ്പനി അറിയിച്ചു.
റിയല്‍ ഡ്രൈവിങ് എമിഷന്‍ മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ ഏപ്രില്‍ 1 മുതല്‍ വാഹനങ്ങളുടെ പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ കര്‍ശനമായിട്ടുണ്ട്. ഇതനുസരിച്ച് ഓരോ വാഹന നിര്‍മ്മാതാക്കളും അവരുടെ വാഹനങ്ങള്‍ക്ക് തത്സമയ എമിഷന്‍ ഡാറ്റ നല്‍കണം. എന്നാല്‍ ആള്‍ട്ടോ 800 മോഡലില്‍ ഇത് നടപ്പാക്കുന്നത് കമ്പനിക്ക് ലാഭകരമാകില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നിര്‍ത്തലാക്കാനുള്ള തീരുമാനം.
2016 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 4,50,000 യൂണിറ്റുകള്‍ ഉത്പാദിപ്പിച്ച ഈ മോഡല്‍ വിപണിയുടെ 15 ശതമാനത്തോളം കീഴടക്കിയിരുന്നു. 2023 ആയതോടെ ഇത് 2,50,000 യൂണിറ്റുകളായി കുറഞ്ഞു. വിപണിയിലെ മൊത്തം വില്‍പ്പനയുടെ 7 ശതമാനം മാത്രമാണ് ഈ വാഹനങ്ങള്‍ വിറ്റു പോയത്. മാരുതിയുടെ ഔദ്യോഗിക വെബ്സൈറ്റ് നല്‍കുന്ന വിവരം അനുസരിച്ച്, ആള്‍ട്ടോ 800 ന്റെ എക്‌സ്-ഷോറൂം വില 3.54 ലക്ഷം മുതല്‍ 5.13 ലക്ഷം രൂപ വരെയാണ്. ഇപ്പോള്‍ ഈ മോഡല്‍ നിര്‍ത്തലാക്കിയതോടെ, ആള്‍ട്ടോ കെ10 ആകും മാരുതിയുടെ ഏറ്റവും വില കുറഞ്ഞ വാഹനം. ഇതിന്റെ എക്‌സ്-ഷോറൂം വില 3.99 ലക്ഷം മുതല്‍ 5.94 ലക്ഷം രൂപ വരെയാണ്.
ആള്‍ട്ടോ 800ന്റേത് 796 സിസി പെട്രോള്‍ എഞ്ചിനാണ്. സിഎന്‍ജി ഓപ്ഷനും വാഹനത്തില്‍ ലഭ്യമാണ്. 2000ത്തിലാണ് ഇന്ത്യയില്‍ ആദ്യമായി മാരുതി കമ്പനി ആള്‍ട്ടോ 800 മോഡല്‍ അവതരിപ്പിച്ചത്. 2010 വരെ ഈ മോഡലിന്റെ 18,00,000 കാറുകള്‍ വിറ്റുപോയി. 2010-ല്‍ ആള്‍ട്ടോ കെ10 വിപണിയിലെത്തി. 2010 മുതല്‍ ഇതുവരെ, ആള്‍ട്ടോ 800ന്റെ 17,00,000 യൂണിറ്റുകളും ആള്‍ട്ടോ കെ10ന്റെ 9,50,000 യൂണിറ്റുകളും വിറ്റുപോയി. മാരുതി സുസുക്കി ഇന്ത്യയുടെ മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് സീനിയര്‍ എക്സിക്യൂട്ടീവ് ശശാങ്ക് ശ്രീവാസ്തവയാണ് ആള്‍ട്ടോ 800 ന്റെ ഉത്പാദനം നിര്‍ത്തിയതായി അറിയിച്ചത്.
വാഹനത്തിന്റെ നിര്‍മാണ ചെലവിലെ വര്‍ദ്ധന, റോഡ് നികുതി, രജിസ്‌ട്രേഷന്‍ നികുതി, മറ്റ് തരത്തിലുള്ള നികുതികള്‍ എന്നിവയും വാഹനത്തിന്റ നിര്‍മാണ ചെലവ് ഉയരുന്നതിനുള്ള കാരണങ്ങളാണെന്ന് ശ്രീവാസ്തവ പറയുന്നു. അതേസമയം വാഹനങ്ങളുടെ ചെലവ് ഉയര്‍ന്നെങ്കിലും ഈ വിഭാഗത്തിലെ ഉപഭോക്താക്കളുടെ വരുമാന നിലവാരം ആനുപാതികമായി വര്‍ധിച്ചിട്ടില്ലെന്നും ശ്രീവാസ്തവ ചൂണ്ടിക്കാട്ടി. ആള്‍ട്ടോ 800 നിര്‍ത്തലാക്കാനാണ് തീരുമാനമെന്നും ഇനി മുതല്‍ ആള്‍ട്ടോ കെ10 ആയിരിക്കും കമ്പനിയുടെ പ്രധാന മോഡലെന്നും ശ്രീവാസ്തവ പറഞ്ഞു.