പ്രതിപക്ഷ സഖ്യം: “ഈഗോ ക്ലാഷ് ഇല്ല”; നിതീഷ് കുമാനും തേജസ്വിക്കും ഒപ്പമിരുന്ന് മമത

0
115

കൊൽക്കത്ത: ബി.ജെ.പി വിരുദ്ധ പാർട്ടികളുടെ മഹാസഖ്യത്തിന്റെ കാര്യത്തിൽ “ഈഗോ ക്ലാഷ് ഇല്ല” എന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായും ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അവർ. അടുത്ത വർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ സമാന ചിന്താഗതിക്കാരായ എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിക്കുന്നതിനോട് തനിക്ക് എതിർപ്പില്ലെന്ന് താൻ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അവർ പറഞ്ഞു.

നമ്മൾ ഒറ്റക്കെട്ടാണ് എന്ന സന്ദേശം ആദ്യം നൽകണം. ബി.ജെ.പിയെ പൂജ്യത്തിലേക്ക് കൊണ്ടുവരണമെന്ന് ഞാൻ എപ്പോഴും ആവർത്തിച്ചിട്ടുള്ളതാണെന്നും അവർ പറഞ്ഞു. നിതീഷ്കുമാറിനും തേജസ്വി യാദവിനുമൊപ്പമായിരുന്നു അവർ മാധ്യമങ്ങളെ കണ്ടത്.

ചർച്ച വളരെ ഗുണപരമായിരുന്നു എന്ന് നിതീഷ് കുമാറും അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തേണ്ട തയ്യാറെടുപ്പുകളെക്കുറിച്ച് ചർച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു. “ഇപ്പോൾ ഭരിക്കുന്നവർക്ക് ഒന്നും ചെയ്യാനില്ല, അവർ സ്വന്തം പബ്ലിസിറ്റി ചെയ്യുകയാണ്, രാജ്യത്തിന്റെ വികസനത്തിനായി ഒന്നും ചെയ്യുന്നില്ല,” അദ്ദേഹം പറഞ്ഞു.

ഇരു നേതാക്കളും എസ്.പി നേതാവ് അഖിലേഷ് യാദവുമായും കൂടിക്കാഴ്ച നടത്തും. എന്നാൽ കോൺഗ്രസ് അടങ്ങുന്ന സഖ്യത്തിന് തനിക്ക് താൽപ്പര്യമില്ലെന്ന് അഖിലേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ബി.ജെ.പിക്കെതിരേ സഖ്യം രൂപീകരിക്കുന്നകതിനായി ഇരു നേതാക്കളും നേരത്തെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഖെ, രാഹുൽ ഗാന്ധി, സി.പി.എം നേതാവ് സീതാറാം യെച്ചൂരി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here