‘അഹമ്മദാബാദിലും ശ്രീനഗറിലും ലുലു മാൾ, പ്രവ‍ര്‍ത്തന പുരോഗതി ധരിപ്പിച്ചു’, പ്രധാനമന്ത്രിയെ സന്ദർശിച്ച് യൂസഫലി

0
265

ദില്ലി: ജമ്മു കശ്മീരിലെ ശ്രീനഗറിലും ഗുജറാത്തിലെ അഹമ്മദാബാദിലും ലുലു ഗ്രൂപ്പ് ആരംഭിക്കുന്ന ഷോപ്പിംഗ് മാൾ പദ്ധതികളുടെ പ്രവർത്തനം പുരോഗമിക്കുന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ. യൂസഫലി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് നടന്ന കൂടിക്കാഴ്ചയിലാണ് പദ്ധതികളുടെ പുരോഗതി അറിയിച്ചത്.

ലോക് കല്യാൺ മാർഗിലെ  പ്രധാനമന്ത്രിയുടെ  ഔദ്യോഗിക വസതിയിൽ വെച്ച്  കൂടിക്കാഴ്ചയിൽ  നരേന്ദ്ര മോദിക്ക്  യൂസഫലി ഈദ് ആശംസകൾ നേർന്നു. വിവിധ സംസ്ഥാനങ്ങളിലെ ലുലു ഗ്രൂപ്പിന്റെ ഭാവി പദ്ധതികളെപ്പറ്റിയും അദ്ദേഹം പ്രധാനമന്ത്രിക്ക് വിശദീകരിച്ചു. കശ്മീർ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയടക്കമുള്ള പ്രദേശങ്ങളിൽ നിന്ന് കൂടുതൽ കാർഷികോത്പ്പന്നങ്ങൾ  സംഭരിച്ച്  ഗൾഫ് രാജ്യങ്ങളിലേക്ക്  ഇറക്കുമതി  ചെയ്യുന്ന പദ്ധതിയുടെ  പുരോഗതിയും  യൂസഫലി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

അതേസമയം, ലോകത്തിലെ ഏറ്റവും സമ്പന്നരുടെ  ഫോബ്‍സ് പട്ടിക പുറത്തുവന്നതിൽ വലിയ നേട്ടം സ്വന്തമാക്കാൻ യൂസഫലിക്ക് സാധിച്ചിരുന്നു. പട്ടികയില്‍ ഇടം നേടിയ ഒന്‍പത് മലയാളികളില്‍ ഒന്നാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം.എ യൂസഫലിയാണ്. 5.3 ബില്യന്‍ ഡോലറിന്റെ ആസ്‍തിയുള്ള അദ്ദേഹം ലോക റാങ്കിങ്ങില്‍ 497-ാം സ്ഥാനത്താണുള്ളത്. 3.2 ബില്യന്‍ ഡോളര്‍ വീതം  സമ്പത്തുള്ള ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍, ആര്‍.പി ഗ്രൂപ്പ് സ്ഥാപകന്‍ രവി പിള്ള എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ഇന്ത്യയില്‍ നിന്നുള്ള 169 പേരില്‍ റിലയന്‍സ് ഇന്‍ഡസ്‍ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഒന്നാമത്. 83.4 ബില്യന്‍ ഡോളറാണ് അദ്ദേഹത്തിന്റെ സമ്പത്ത്. ആഗോള തലത്തില്‍ ഒന്‍പതാം സ്ഥാനമാണ് ധനികരുടെ പട്ടികയില്‍ അംബാനിക്ക്. 47.2 ബില്യന്‍ ഡോളര്‍ ആസ്‍തിയുള്ള ഗൗതം അദാനിയാണ്  രണ്ടാം സ്ഥാനത്ത്. ആഗോള തലത്തില്‍ അദ്ദേഹത്തിനുള്ളത് 24-ാം സ്ഥാനവും. എച്ച്സിഎല്‍ സഹസ്ഥാപകന്‍ ശിവ് നാടാറാണ് ഇന്ത്യയിലെ സമ്പന്നരില്‍ മൂന്നാമന്‍. ആഗോള പട്ടികയില്‍ 55-ാമതുള്ള അദ്ദേഹത്തിന്റെ സമ്പത്ത് 25.6 ബില്യന്‍ ഡോളറാണ്.

LEAVE A REPLY

Please enter your comment!
Please enter your name here