കര്‍ണാടക ബിജെപിയില്‍ പൊട്ടിത്തെറി; മുന്‍ ഉപമുഖ്യമന്ത്രി കോണ്‍ഗ്രസിലേക്ക്

0
256

ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങിയതിനു പിറകെ കര്‍ണാടക ബി.ജെ.പിയില്‍ പൊട്ടിത്തെറി. മുന്‍ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ലക്ഷ്മണ്‍ സാവഡി കോണ്‍ഗ്രസില്‍ ചേരുമെന്നുറപ്പായി. ഭാവികാര്യങ്ങള്‍ തീരുമാനിക്കാന്‍ സ്വന്തം തട്ടകമായ ബെളഗാവി അത്തണിയില്‍ സാവഡി വിളിച്ച അനുയായികളുടെ യോഗത്തിലാകും പ്രഖ്യാപനം. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി സാവഡി ചര്‍ച്ച നടത്തിയിരുന്നു. മുന്‍മുഖ്യമന്ത്രി ജഗദീഷ് ഷട്ടര്‍ സുബ്ബള്ളിയില്‍ റിബലായി മത്സരിക്കുമെന്ന് വ്യക്തമാക്കി. സീറ്റില്ലെന്നുറപ്പായതോടെ ഇന്നലെ മറ്റൊരു ഉപമുഖ്യമന്ത്രിയായ കെ.എസ്.ഈശ്വരപ്പ രാഷ്ട്രീയ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

തിരഞ്ഞെടുപ്പിന് അപ്പുറത്ത് കര്‍ണാടക ബി.ജെ.പിയിലെ മുഖംമാറ്റത്തിനാണു കേന്ദ്രനേതൃത്വം തുടക്കമിട്ടത്. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ക്കപ്പുറം പ്രാദേശിക തീരുമാനങ്ങളുമായി മുന്നോട്ടുപോയിരുന്ന മുന്‍മുഖ്യമന്ത്രി അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒന്നടങ്കം വെട്ടിയത് ഇതിന്റെ തുടക്കമാണ്. പുതുമുഖങ്ങള്‍ക്ക് അവസരമെന്ന പേരിലായിരുന്നു ഈ ഒതുക്കല്‍. ബെളഗാവിയില്‍ നിന്നു 2003 മുതല്‍ 2018വരെ എം.എല്‍.എയായിരുന്ന മുന്‍ ഉപമുഖ്യമന്ത്രി ലക്ഷമണ്‍ സാവഡിയാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചു പാര്‍ട്ടി വിടുന്നത്. 2019ല്‍ ഓപ്പറേഷന്‍ താമര വഴി പാര്‍ട്ടിയിലെത്തിയ മഹേഷ് കുമ്മത്തള്ളിയാണിവിടെ സ്ഥാനാര്‍ഥി. 2018ല്‍ തന്നെ തോല്‍പ്പിച്ച മഹേഷിന് വീണ്ടും സീറ്റുനല്‍കുന്നതിനെ സാവഡി കടുത്ത രീതിയില്‍ എതിര്‍ത്തിരുന്നു. ബി.എസ്. യെഡിയൂരപ്പയും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ശക്തമായി വാദിച്ചെങ്കിലും ഫലമുണ്ടായില്ല. ഇക്കാര്യം മനസിലാക്കിയ സാവഡി കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തി. ഇന്ന് അനുയായികളുടെ യോഗം ചേര്‍ന്നു തീരുമാനമെടുക്കുമെന്നാണു പ്രഖ്യാപനം. പ്രമുഖ ലിംഗായത്ത് നേതാവായ ലക്ഷമണിന്റെ സാന്നിധ്യം മുതല്‍കൂട്ടാവുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

മുന്‍മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ സുബ്ബള്ളിയില്‍ നിന്നു റിബലായി മത്സരിച്ചേക്കും. ജെ.പി. നദ്ദയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ അനൂകൂല തീരുമാനമുണ്ടായില്ലെങ്കില്‍ നാമനിര്‍ദേശ പത്രിക നല്‍കാനാണു തീരുമാനം. സിറ്റിങ് എം.എല്‍.എമാര്‍ക്ക് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നു രാംദുര്‍ഗ്, ജയനഗര്‍ ,ബെളഗാവി നോര്‍ത്ത് എന്നിവടങ്ങളില്‍ അനുയായികള്‍ തെരുവിലിറങ്ങി. ജയനഗറിലെ സിറ്റിങ് എം.എല്‍.എ. എന്‍.ആര്‍. രമേശിന്റെ അനുയായികള്‍ ബി.എസ്. യെഡിയൂരപ്പയുടെ മകന്‍ ബി.വൈ വിജേന്ദ്രയ്ക്കെതിരെ പ്രതിഷേധമുയര്‍ത്തിയതും ശ്രദ്ധിക്കപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here