കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തിയ സംഭവത്തില്‍ ഭീകരവാദ- മാവോയിസ്റ്റ് ആക്രമ സാധ്യത തള്ളാതെ പോലീസ്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷണം തുടങ്ങി. സംഘം എലത്തൂരില്‍ എത്തി.
അക്രമിയുടേതെന്ന് കരുതുന്ന ബാഗ് പോലീസ് കണ്ടെടുത്തു. മൃതദേഹം കിട്ടിയ സ്ഥലത്തിന് തൊട്ടടുത്താണ് ബാഗ് ഉണ്ടായിരുന്നത്. ഇതില്‍ ഒരു കുപ്പി പെട്രോള്‍ ഉണ്ടായിരുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയ പുസ്തകം, ലഘുഭക്ഷണം, വസ്ത്രം, കണ്ണട, ഒരു പേഴ്‌സ്, മറ്റുചില വസ്തുക്കള്‍ എന്നിവ ഭാഗില്‍ നിന്ന് കണ്ടെത്തി. ബാഗില്‍ നിന്ന് ഒരു മൊബൈല്‍ ഫോണും പേഴ്‌സില്‍ നിന്ന് കഷ്ണം കടലാസും ഫോറന്‍സിക് സംഘം കണ്ടെത്തി.
ബാഗിന് സമീപത്ത് നിന്നും കണ്ടെത്തിയ നോട്ട് പാഡില്‍ ചിറയിന്‍കീഴ്, കഴക്കൂട്ടം, തിരുവനന്തപുരം, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളുണ്ട്. ഇംഗ്ലീഷിലും ഹിന്ദിയിലും പലകാര്യങ്ങളും എഴുതിയ നോട്ട് ബുക്ക് നനഞ്ഞതിനാല്‍ എഴുതിയത് പലതും അവ്യക്തമാണ്. റെയില്‍വേ ട്രാക്കില്‍ നിന്ന് ലഭിച്ച ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
ഫോണില്‍ ഡിലീറ്റ് ചെയ്ത സന്ദേശങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇവ തിരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. നോട്ട് ബുക്കില്‍ പല തീയതികളും റെയില്‍വേ സ്റ്റേഷനുകളുടെ പേരുമുണ്ട്. ഇംഗ്ലീഷില്‍ എസ്. എന്ന രീതിയില്‍ വലുതായി എഴുതിയിട്ടുമുണ്ട്. അക്രമിക്ക് കാലിന് പൊള്ളലേറ്റതായുള്ള ദൃക്‌സാക്ഷി മൊഴിയെത്തുടര്‍ന്ന് സമീപത്തെ ആശുപത്രികളിലും ക്ലിനിക്കുകളിലും പരിശോധന നടത്തിയെങ്കിലും ആരേയും കണ്ടെത്താന്‍ കഴിഞ്ഞില്ല.
മരിച്ചവരുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പൊള്ളലേറ്റ് ഒമ്പത് പേരില്‍ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇയാള്‍ക്ക് തലയ്ക്ക് ഉള്‍പ്പെടെ 50 ശതമാനത്തിലധികം പൊള്ളലുണ്ട്.
പരിക്കേറ്റ് കൊയിലാണ്ടി ആശുപത്രിയില്‍ ചികിത്സ തേടിയ റാഷിക് ട്രെയിനില്‍ അക്രമിയെ കണ്ടതായി മൊഴി നല്‍കി. വാഷ് ബേസിനടുത്ത് ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു എന്നും ഇയാളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നു. ഇയാള്‍ മലയാളി ആണെന്ന് തോന്നിയില്ലെന്നും റാഷിക് മൊഴി നല്‍കി.