കാസർകോട് നിന്ന് പുറപ്പെടേണ്ട വന്ദേ ഭാരതിൽ സാങ്കേതിക തകരാർ; എസി ഗ്രില്ലിൽ ചോർച്ച

0
252

കാസർകോട്: ഇന്ന് ഉച്ചയ്ക്ക് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പടേണ്ട വന്ദേ ഭാരത് എക്സ്പ്രസിലെ എസി ഗ്രില്ലിൽ ചോർച്ച കണ്ടെത്തി. ഇതേ തുടർന്ന് റെയിൽവെയുടെ സാങ്കേതിക വിഭാഗം ജീവനക്കാർ പരിശോധന നടത്തി. കണ്ണൂരിലാണ് വന്ദേ ഭാരത് ട്രെയിൻ നിർത്തിയിട്ടിയിരുന്നു. ഐസിഎഫിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരാണ് പരിശോധന നടത്തിയത്. ആദ്യ സർവീസ് ആയതിനാൽ ഇത്തരം പ്രശ്നം സാധാരണ ഉണ്ടാകാറുണ്ടെന്നും കുറച്ചു ദിവസം കൂടി ഇത്തരം പരിശോധന തുടരും എന്നും റെയിൽവെ അധികൃതർ പറഞ്ഞു. കാസർകോട് ട്രെയിൻ ഹാൾട് ചെയ്യാൻ ട്രാക് ഇല്ലാത്തതിനാൽ കണ്ണൂരിലായിരിക്കും വന്ദേ ഭാരത് നിർത്തിയിടുകയെന്നും അധികൃതർ വ്യക്തമാക്കി.

വന്ദേ ഭാരത് ട്രെയിനിന്‍റെ യാത്രക്കാരുമായുള്ള കേരളത്തിലെ യാത്ര ഇന്ന് തുടങ്ങാനിരിക്കെയാണ് തകരാർ കണ്ടെത്തിയത്. കാസര്‍കോട് നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ട്രെയിന്‍ പുറപ്പെടുക. കാസര്‍കോട് നിന്ന് ആരംഭിക്കുന്ന ആദ്യത്തെ ട്രെയിനാണ് വന്ദേഭാരത്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്ന് യാത്ര തിരിക്കും. എട്ട് മണിക്കൂര്‍ അഞ്ച് മിനിറ്റില്‍ തിരുവനന്തപുരത്ത് ഓടിയെത്തും.

കാസര്‍കോട് നിന്നും കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ടിക്കറ്റുകൾ ഇപ്പോഴും ലഭ്യമാണ്. പക്ഷേ തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കുമുള്ള ടിക്കറ്റുകള്‍ അങ്ങിനെയല്ല. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും മെയ് രണ്ട് വരെ വന്ദേഭാരത് ട്രെയിനില്‍ ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റിലാണ്. എറണാകുളത്ത് നിന്നും കാസർകോട്ടേയ്ക്ക് മെയ് ഒന്ന് വരെ ടിക്കറ്റുകള്‍ വെയ്‌റ്റിംഗ് ലിസ്റ്റിലാണ്. തിരുവനന്തപുരത്ത് നിന്നും ഇത് തന്നെയാണ് അവസ്ഥ. എട്ട് സ്റ്റേഷനുകളിലാണ് വന്ദേഭാരതിന് സ്റ്റോപ്പ്. രാത്രി 10.35 ന് തിരുവനന്തപുരത്തെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here