എഐ ക്യാമറയിലെ ‘പിഴ’യിൽ പെട്ടാൽ എന്തുചെയ്യും? പരാതി ഉണ്ടെങ്കിൽ എന്തുചെയ്യും, എവിടെ പറയും; ചലഞ്ചിന് ഒരേ ഒരു വഴി!

0
278

തിരുവനന്തപുരം: ട്രാഫിക്ക് നിയമലംഘനങ്ങള്‍ പിടികൂടാൻ സംസ്ഥാനത്ത് എഐ ക്യാമറകള്‍ വ്യാഴാഴ്ച മുതൽ പ്രവർത്തിച്ച് തുടങ്ങുകയാണ്. സീറ്റ് ബെൽറ്റും ഹെൽമറ്റും സിഗ്നൽ വെട്ടിക്കലുമടക്കമുള്ള എല്ലാതരത്തിലുമുള്ള നിയമലംഘനങ്ങളും എഐ ക്യാമറയിൽ പതിയും. അങ്ങനെ പതിഞ്ഞാൽ പിന്നെയുള്ള നടപടികൾ എന്തായിരിക്കും എന്നത് സംബന്ധിച്ച് പലർക്കും വലിയ ധാരണയുണ്ടാകില്ല. അതിനെക്കുറിച്ച് എം വി ഡി തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

എഐ ക്യാമറയിൽ നിയമലംഘനം പതിഞ്ഞാൽ നടപടി എങ്ങനെ, പരാതികൾക്ക് എന്ത് ചെയ്യണം

സോളാർ എനർജി ഉപയോഗിച്ചും 4G സംവിധാനത്തിലൂടെയുമാണ് ക്യാമറ പ്രവർത്തിക്കുന്നതും തൽക്ഷണം തന്നെ ദൃശ്യങ്ങൾ പ്രധാന കൺട്രോൾ റൂമിലേക്ക് അയക്കുന്നതും. പ്രധാന കൺട്രോൾ റൂമിൽ നിന്ന് എല്ലാ ജില്ലാ ആർ ടി ഒ എൻഫോഴ്സ്മെന്റ് കൺട്രോൾ റൂമിലേക്ക് ദൃശ്യങ്ങൾ കൈമാറ്റം ചെയ്യുകയും അവിടെ നിന്ന് നോട്ടീസ് തയ്യാറാക്കി വാഹനം ഉടമകൾക്ക് നൽകുകയും ചെയ്യും. അതോടൊപ്പം തന്നെ വാഹന ഡാറ്റ ബേസിൽ ഇ ചെല്ലാൻ (E ചെല്ലാൻ )  സംവിധാനം വഴി കേസ് രേഖപ്പെടുത്തുകയും ചെയ്യും. ശേഷം സംസ്ഥാനത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ള വിർച്ച്വൽ കോടതിയിലേക്ക് കേസ് റഫർ ചെയ്യും. ഇത് വാഹനം ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതിനും മറ്റ് സർവീസുകൾ എടുക്കുന്നതിന് ഭാവിയിൽ പ്രയാസം സൃഷ്ടിച്ചേക്കാം. ഇത്തരത്തിലുള്ള ചെല്ലാനുകളെ സംബന്ധിച്ചുള്ള എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ അതാത്  ജില്ലാ ആർ ടി ഒ എൻഫോഴ്സ്മെന്റ് ഓഫീസുമായാണ് ബന്ധപ്പെടേണ്ടതെന്നും എം വി ഡി വ്യക്തമാക്കിയിട്ടുണ്ട്.

എ ഐ ക്യാമറയെക്കുറിച്ച് എംവിഡിക്ക് പറയാനുള്ളത് പൂർണരൂപത്തിൽ

പ്രതിവർഷം ഒന്നര ലക്ഷത്തിലധികം റോഡ് അപകട മരണങ്ങളാണ് നമ്മുടെ രാജ്യത്തെ നിരത്തിൽ നടക്കുന്നത് അതിൽ ഇരയാകുന്നവരിൽ അധികവും രാജ്യത്തിൻ്റെ ഭാവി വാഗ്ദാനങ്ങളായ  യുവജനങ്ങളാണ് എന്നുള്ളതാണ് ഏറ്റവും വേദനാജനകമായ വസ്തുത. ഹെൽമറ്റും സീറ്റ് ബെൽറ്റും അടക്കമുള്ള സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗംകൊണ്ട് മാത്രം ഈ മരണത്തിൽ പകുതിയിലധികവും ഒഴിവാക്കാൻ കഴിയും എന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇവ ധരിച്ചു എന്ന്  ഉറപ്പാക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് വാഹന പരിശോധന അടക്കമുള്ള എൻഫോഴ്സ്മെന്റ് സംവിധാനങ്ങൾ. എന്നാൽ വാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധിക്കുന്നത് നിരവധി പരിമിതികളുള്ളതാണ് അതേപോലെതന്നെ പലപ്പോഴും  പരാതികൾക്കും ഇടയാക്കുന്നതാണ്.  അതുകൊണ്ടുതന്നെയാണ് മാനുഷിക ഇടപെടൽ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ടുള്ള നിർമ്മിത ബുദ്ധി സാങ്കേതികവിദ്യയിലൂടെ ( Artificial intelligence Technology)  റോഡ് നിയമങ്ങൾ കർശനമായി നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഇൻഫോഴ്സ്മെന്റ് സംവിധാനങ്ങളുടെ ആവശ്യകതയും പ്രസക്തിയും.

കേരള മോട്ടോർ വാഹന വകുപ്പ് നിരന്തരമായി നടത്തുന്ന കുറ്റമറ്റ രീതിയിലുള്ള എൻഫോഴ്സ്മെന്റ് സംവിധാനത്തിലെ പുതിയ കാൽവെപ്പാണ് വികസിത രാജ്യങ്ങളുടെ മാതൃകയിലുള്ള ആർട്ടിഫിഷൽ ഇന്റലിജൻസ് ക്യാമറ സംവിധാനം ഉപയോഗിച്ചുള്ള വാഹന പരിശോധന. പ്രധാനമായും ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരുടെയും പുറകിൽ ഇരിക്കുന്നവരുടെയും ഹെൽമെറ്റ് ധരിക്കൽ , ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ യാത്ര ചെയ്യുന്നത് , എല്ലാ വാഹനങ്ങളിലെയും ഡ്രൈവർമാരുടെ മൊബൈൽ ഫോൺ ഉപയോഗം, പാസഞ്ചർ കാർ അടക്കമുള്ള വാഹനങ്ങളിലെ സീറ്റ് ബെൽറ്റ് ഉപയോഗം എന്നിവയാണ് പ്രധാനമായി പരിശോധിക്കപ്പെടുന്നത്. കൂടാതെ സാധുതയില്ലാത്ത രേഖകളുള്ള വാഹനങ്ങളും പരിശോധിക്കപ്പെടും. ഇതിനായി 675 ഏ ഐ ക്യാമറകൾ, 25 പാർക്കിംഗ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 18 റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പ്രവർത്തനസജ്ജയമായിട്ടുള്ളത്.

ജില്ലാ കൺട്രോൾ റൂമുകളിൽ നിന്ന് പ്രസ്തുത ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ കണ്ടെത്തുന്ന മറ്റ് കുറ്റങ്ങൾക്ക് കൂടി നോട്ടീസ് തയ്യാറാക്കി അയക്കാൻ കഴിയും. ഹൈ പീക്ക് ഔട്ട്പുട്ട് ഉള്ള ഇൻഫ്രാറെഡ് ക്യാമറകളാണ് എന്നുള്ളതിനാൽ രാത്രികാലങ്ങളിലും കഠിനമായ കാലാവസ്ഥകളിലും കൃത്യതയോടെ ദൃശ്യങ്ങൾ പകർത്താൻ കഴിയും. കൂടുതൽ കുറ്റകൃത്യങ്ങൾ പുതുതായി കൂട്ടിച്ചേർക്കാൻ പറ്റുന്ന രീതിയിലും നിലവിലുള്ള ഒഫൻസ് ഡിറ്റക്ഷൻ ആട്ടോമാറ്റിക് ആയി തന്നെ കൂടുതൽ കാര്യക്ഷമമായും എറർ സംഭവിക്കാത്ത രീതിയിലും സ്വയം അപ്ഡേറ്റ് ആവുന്ന രീതിയിലുള്ള ഡീപ്പ് ലേണിംഗ് ടെക്നോളജി (Deep Learning technology) അനുവർത്തിക്കുന്ന സോഫ്റ്റ്‌വെയർ ആണ്  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ നിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്.

സോളാർ എനർജി ഉപയോഗിച്ചും  4G സംവിധാനത്തിലൂടെയുമാണ് ക്യാമറ പ്രവർത്തിക്കുന്നതും തൽക്ഷണം തന്നെ ദൃശ്യങ്ങൾ പ്രധാന കൺട്രോൾ റൂമിലേക്ക് അയക്കുന്നതും  അതുകൊണ്ടുതന്നെ  ക്യാമറകൾ മാറ്റി സ്ഥാപിക്കുന്നത് വളരെ എളുപ്പമാണ് എന്നതിനാൽ നിലവിലുള്ള ക്യാമറകളുടെ സ്ഥാനം നിരന്തരമായി പരിഷ്കരിക്കപ്പെട്ടേക്കാം. പ്രധാന കൺട്രോൾ റൂമിൽ നിന്ന് എല്ലാ ജില്ലാ ആർ ടി ഒ എൻഫോഴ്സ്മെന്റ് കൺട്രോൾ റൂമിലേക്ക് ദൃശ്യങ്ങൾ കൈമാറ്റം ചെയ്യുകയും അവിടെ നിന്ന് നോട്ടീസ് തയ്യാറാക്കി വാഹനം ഉടമകൾക്ക് നൽകുകയും ചെയ്യും അതോടൊപ്പം തന്നെ വാഹന ഡാറ്റ ബേസിൽ ഇ ചെല്ലാൻ (E ചെല്ലാൻ )  സംവിധാനം വഴി കേസ് രേഖപ്പെടുത്തുകയും ആയത് സംസ്ഥാനത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ള വിർച്ച്വൽ കോടതിയിലേക്ക് റഫർ ചെയ്യുകയും ചെയ്യും. ഇത് വാഹനം ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതിനും മറ്റ് സർവീസുകൾ എടുക്കുന്നതിന് ഭാവിയിൽ പ്രയാസം സൃഷ്ടിച്ചേക്കാം.

ഇത്തരത്തിലുള്ള ചെല്ലാനുകളെ സംബന്ധിച്ചുള്ള എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ ആയത് അതാത്  ജില്ലാ RTO എൻഫോഴ്സ്മെന്റ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ക്യാമറകൾ സ്ഥാപിക്കുന്നതും പരിപാലിക്കുന്നതും നോട്ടീസുകൾ തയ്യാറാക്കി അയക്കുന്നതിനും കൺട്രോൾ റൂമുകൾ സജ്ജമാക്കുന്നതിനും കെൽട്രോൺ ആണ് മോട്ടോർ വാഹന വകുപ്പുമായി കരാറിൽ പെട്ടിട്ടുള്ളത്. സംസ്കാര പൂർണ്ണമായ ഒരു സമൂഹ സൃഷ്ടിയും അതുവഴി വേദനാജനകമായ മരണങ്ങളുംഒഴിവാക്കുന്നതിനുള്ള നൂതനമായ ഒരു തുടക്കമായിരിക്കും  ആർട്ടിഫിഷൽ ഇൻറലിജൻസ് ക്യാമറകളുടെ വരവോടെ സാധ്യമാവുക…..
സുരക്ഷിതമാകട്ടെ നമ്മുടെ നിരത്തുകൾ ….

LEAVE A REPLY

Please enter your comment!
Please enter your name here