നമ്മുടെ ലൈസന്‍സും സ്മാര്‍ട്ടാകും; ഏഴ് സുരക്ഷ ഫീച്ചറും സ്മാര്‍ട്ട് കാര്‍ഡ് രൂപവുമായി കേരള ലൈസന്‍സ്

0
214

ന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലെ ഡ്രൈവിങ്ങ് ലൈസന്‍സ് നല്‍കുമ്പോള്‍ കേരളത്തിലെ ലൈസന്‍സ് പേപ്പറില്‍ പ്രിന്റ് ചെയ്ത ലാമിനേറ്റ് ചെയ്യുന്ന രൂപത്തിലായിരുന്നു. ഇതില്‍ മാറ്റം വേണമെന്നും നിലവാരമുള്ള ലൈസന്‍സ് കാര്‍ഡുകള്‍ വേണമെന്നുമുള്ളത് മലയാളികളുടെ ദീര്‍ഘനാളത്തെ ആവശ്യമായിരുന്നു. മലയാളികള്‍ കാലങ്ങളായി ഉന്നയിക്കുന്ന ഈ ആഗ്രഹവും സഫലമാക്കുകയാണ്. ഏപ്രില്‍ 20-ന് പുതിയ ലൈസന്‍സ് കാര്‍ഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും.

കേവലം സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക് മാറുന്നതിന് പുറമെ, ഏഴിലധികം സുരക്ഷ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് പുതിയ പി.വി.സി. പെറ്റ് ജി കാര്‍ഡിലുള്ള ലൈസന്‍സുകള്‍ നിലവില്‍ വരുന്നത്. സീരിയല്‍ നമ്പര്‍, യു.വി. എംബ്ലം, ഗില്ലോച്ചെ പാറ്റേണ്‍, മൈക്രോ ടെക്‌സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ക്യൂ.ആര്‍. കോഡ് എന്നിങ്ങനെയുള്ള ഏഴ് സുരക്ഷ ഫീച്ചറുകളാണ് കേരളം നല്‍കുന്ന പുതിയ പുതിയ ലൈസന്‍സ് കാര്‍ഡില്‍ നല്‍കുക.

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ മാനദണ്ഡ പ്രകാരമാണ് കേരളത്തിന്റെ പുതിയ ലൈസന്‍സ് കാര്‍ഡ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. സംസ്ഥാന ധനകാര്യ മന്ത്രിയാണ് പി.വി.സി. പെറ്റ്ജി ഡ്രൈവിങ്ങ് ലൈസന്‍സ് ഏറ്റുവാങ്ങുന്നത്. ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക് മാറുന്നതിന് സമാനമായ സമീപ ഭാവിയില്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും കാര്‍ഡ് രൂപത്തിലേക്ക് മാറുമെന്നാണ് സൂചന. മറ്റ് പല സംസ്ഥാനങ്ങളും ഇതും കാര്‍ഡ് രൂപത്തിലാണ് നല്‍കുന്നത്.

സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറുന്നതിന് മുന്നോടിയായി തിരുവനന്തപുരം, കുടപ്പനക്കുന്ന്, കോഴിക്കോട്, വയനാട് ഓഫീസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം നടപ്പാക്കിയിരുന്നു. പി.വി.സി. പെറ്റ് ജി കാര്‍ഡില്‍ മൈക്രോചിപ് ഒഴിവാക്കിയിട്ടുണ്ട്. ചിപ് ഉള്ളതും ഇല്ലാത്തതുമായ രണ്ടിനം കാര്‍ഡുകളാണ് കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ളത്. ചിപ് കാര്‍ഡുകളില്‍ ചിപ് റീഡര്‍ ഉപയോഗിച്ച് കാര്‍ഡിലെ വിവരങ്ങള്‍ ശേഖരിക്കാനാകും. എന്നാല്‍ സാങ്കേതികതകരാര്‍ കാരണം മിക്ക സംസ്ഥാനങ്ങളും ചിപ് കാര്‍ഡ് ഒഴിവാക്കി.

2019-ല്‍ ലൈസന്‍സ് വിതരണം കരാര്‍ ഏറ്റെടുത്ത സ്വകാര്യസ്ഥാപനം നല്‍കിയ കേസ് തീര്‍പ്പാകാത്തതിനാലാണ് ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കരണം വൈകിയത്. ഫെബ്രുവരി 15-ന് ഹൈക്കോടതി നല്‍കിയ ഇടക്കാല ഉത്തരവില്‍ ലൈസന്‍സ് വിതരണവുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. സ്വന്തമായി ലൈസന്‍സ് തയ്യാറാക്കി വിതരണംചെയ്യാന്‍ മോട്ടോര്‍വാഹനവകുപ്പിന് തടസ്സമില്ല. കരാര്‍ നല്‍കുന്നതിനാണ് തടസ്സമുള്ളത്. നാലു ഓഫീസുകളിലേക്കുള്ള ഡ്രൈവിങ് ലൈന്‍സുകള്‍ ഇപ്പോള്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റില്‍ തയ്യാറാക്കി തപാലില്‍ അയക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here