പ്രവാസി വ്യവസായിയുടെ മരണത്തിൽ ദുരൂഹത : മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യാനൊരുങ്ങി പോലീസ്

0
322

ഉദുമ (കാസർകോട്) : പ്രവാസി വ്യവസായിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് കബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യാൻ തീരുമാനിച്ചു. പൂച്ചക്കാട് ഫാറൂഖിയ പള്ളിക്ക് സമീപത്തെ ബൈത്തുൽ റഹ്‌മയിലെ എം.സി.ഗഫൂർ ഹാജി (55)യുടെ മരണത്തിലാണ് ബന്ധുക്കളും നാട്ടുകാരും സംശയമുന്നയിച്ച് രംഗത്തുവന്നത്.

ഇദ്ദേഹത്തിന്റെ മകൻ മുസമ്മലാണ് ബേക്കൽ പോലീസിൽ പരാതി നൽകിയത്. പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്നാണ് മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാൻ തീരുമാനിച്ചതെന്ന് ബേക്കൽ ഡിവൈ.എസ്.പി. സി.കെ.സുനിൽകുമാർ പറഞ്ഞു. നടപടിക്രമങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച കാഞ്ഞങ്ങാട് ആർ.ഡി.ഒ.യ്ക്ക് അപേക്ഷ നൽകുമെന്നും ഡിവൈ.എസ്.പി. അറിയിച്ചു.

ഏപ്രിൽ 14-ന് രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയിൽ ഗഫൂർ ഹാജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 13-ന് വൈകിട്ട് ഭാര്യ മേൽപ്പറമ്പിലെ വീട്ടിലേക്ക്‌ പോയിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് മരിച്ചതെന്നും ഇതിൽ ദുരൂഹതയുണ്ടെന്നുമാണ് മകന്റെ പരാതി. പൂച്ചക്കാട് ഫാറൂഖിയ പള്ളിക്ക് സമീപത്തെ ബൈത്തുൽ റഹ്‌മ എന്ന വീട്ടിൽ കഴിഞ്ഞമാസം 13-ന് വൈകിട്ട് അഞ്ചരയ്ക്കും 14-ന് പുലർച്ചെ അഞ്ചിനുമിടയിലാണ് പിതാവ് മരിച്ചതെന്നും പരാതിയിൽ പറയുന്നു.

മരിച്ചതറിഞ്ഞെത്തിയ ഭാര്യയും മക്കളും ബന്ധുക്കളും നാട്ടുകാരും ചേർന്ന് സ്വാഭാവിക മരണമെന്ന നിലയിൽ മൃതദേഹം കബറടക്കുകയായിരുന്നു. പിന്നീട് മരണത്തിൽ സംശയമുണ്ടാകുകയും പരാതി നൽകുകയുമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

ദുബായിലെ വ്യവസായിയും പൗരപ്രമുഖനും ജീവകാരുണ്യപ്രവർത്തകനുമായിരുന്നു ഗഫൂർ ഹാജി. പൂച്ചക്കാട് ജമാഅത്ത് കമ്മിറ്റിയിലും മദ്രസ കമ്മിറ്റിയിലും പ്രവർത്തിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here