വന്ദേഭാരതിൽ വെള്ളം നിറച്ചു, ശുചീകരണം നടത്തി; ഏതു ട്രെയിനിനും ഓടിത്തുടങ്ങാം കാസർകോട് നിന്ന്

0
198

കാസർകോട് ∙ പുതിയ ട്രെയിൻ സർവീസുകൾ തുടങ്ങാനുള്ള ചർച്ച വരുമ്പോൾ കാസർകോട് റെയിൽവേ സ്റ്റേഷനിൽ പശ്ചാത്തല സൗകര്യങ്ങൾ ഇല്ലെന്നായിരുന്നു തടസ്സവാദമായി ഉന്നയിച്ചിരുന്നത്. എന്നാലിപ്പോൾ നിലവിലെ സാഹചര്യങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയപ്പോൾ വന്ദേഭാരത് ട്രെയിൻ സർവീസ് തു‍ടങ്ങാൻ കഴിയുമെന്നു തെളിഞ്ഞിരിക്കുന്നു.

ഒപ്പം കർണാടകയിൽ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നില നിൽക്കുന്നതിനാൽ റമസാൻ അവധിക്കു ശേഷമുള്ള ഞായറാഴ്ച ഡൽഹിയിലേക്കുള്ള സ്പെഷൽ ട്രെയിൻ സർവീസ് തുടങ്ങിയതും കാസർകോടു നിന്നാണ്. ക്വാർട്ടേഴ്സുകൾ നവീകരിച്ച് ജീവനക്കാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും മതിയായ സൗകര്യങ്ങൾ കൂടി ഏർപ്പെടുത്തിയാൽ കൂടുതൽ സർവീസുകൾ കാസർകോടേക്കു നീട്ടാൻ സാധിക്കും. കണ്ണൂർ, മംഗളൂരു സ്റ്റേഷനുകൾ ട്രാഫിക് മൂലം പ്രയാസപ്പെടുമ്പോളും കാസർകോട്ടെ സൗകര്യങ്ങൾ വർധിപ്പിക്കാൻ കാര്യമായ ശ്രമങ്ങൾ ഇതുവരെ നടന്നിരുന്നില്ല.

ക്രമീകരണങ്ങൾ വിജയം

യാത്രക്കാർക്കായി വന്ദേഭാരതിന്റെ കാസർകോട്ടേക്കുള്ള ആദ്യ യാത്ര ഇന്നലെയായിരുന്നു. ഇന്നലെ വന്ദേഭാരത് എക്സ്പ്രസ് ഉച്ചയ്ക്ക് കാസർകോടെത്തി ഒരു മണിക്കൂറിനു ശേഷം തിരുവനന്തപുരത്തേക്കു മടങ്ങി. ദ്വിതീയതല ശുചീകരണവും വെള്ളം നിറയ്ക്കലും ഇന്നലെ കാസർകോട് 3ാം പ്ലാറ്റ്ഫോമിൽ വച്ചാണു പൂർത്തിയാക്കിയത്. ആവശ്യത്തിനു സമയമുണ്ടെങ്കിൽ മറ്റു ട്രെയിനുകളും ഈ രീതിയിൽ ക്രമീകരിക്കാവുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ആ വാദം ഇനി നടപ്പില്ല

കണ്ണൂർ വരെയുള്ള രാത്രികാല ട്രെയിനുകളായ ജനശതാബ്ദിയോ എക്സിക്യൂട്ടീവോ കാസർ‍കോടേക്കു നീട്ടിയാൽ ഇവിടെ സൗകര്യങ്ങളില്ലെന്നാണ് അധികൃതരും ഇത്രകാലവും പറഞ്ഞിരുന്നത്. രാത്രി ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് കണ്ണൂരെത്തുമ്പോൾ‍ രാത്രി 11.10 ആകും. തിരുവനന്തപുരം – കണ്ണൂർ ശതാബ്ദി രാത്രി 12നെത്തും.

രാത്രി ഒരു ട്രെയിനെങ്കിലും കാസർകോട്ടേക്ക് നീട്ടിയാൽ യാത്രക്കാർക്ക് ഏറെ ഉപകാരമാകും. രാത്രിയിലെ ദീർഘദൂര ട്രെയിനുകൾക്ക് ചെറിയ സ്റ്റേഷനുകളിൽ സ്റ്റോപ്പില്ലാത്തതിനാൽ എല്ലാവർക്കും ആശ്രയിക്കാൻ കഴിയില്ല. നിലവിൽ രാത്രി കാസർകോട്ടേക്കുള്ള യാത്രക്കാർ കണ്ണൂരിൽ ഇറങ്ങി ബസുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here