കാസർകോട്∙ പ്രായപൂർത്തിയാകാത്തവർ ബൈക്ക്, കാർ തുടങ്ങിയ വാഹനം ഓടിക്കുന്നതിനെതിരെ നടപടിയുമായി പൊലീസ്. വിവിധ സ്റ്റേഷൻ പരിധികളിൽ നടത്തിയ പരിശോധനയിൽ കുട്ടികൾക്കു വാഹനം ഓടിക്കാൻ നൽകിയ ആർസി ഉടമകളായ മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ബദിയടുക്ക, വിദ്യാനഗർ, മഞ്ചേശ്വരം, കാസർകോട് സ്റ്റേഷനുകളിലാണു കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 5 പേർക്കെതിരെ കേസെടുത്തത്. ചേരങ്കൈയിൽ 14 വയസ്സുകാരൻ സ്കൂട്ടർ ഓടിച്ചതിനു കാസർകോട് പൊലീസ് പിതാവിനെതിരെയാണു കേസെടുത്തത്. കഴിഞ്ഞ ദിവസം ചേരങ്കൈയിൽ പൊലീസ് പരിശോധനക്കിടെയാണു കുട്ടി ഡ്രൈവറെ പിടികൂടിയത്.
വിദ്യാനഗർ പൊലീസ് അതൃക്കുഴയിൽ വച്ച് 17 കാരനെ പിടികൂടിയ സംഭവത്തിൽ പിതാവിനെതിരെയും പൈക്ക, നീർച്ചാൽ എന്നിവിടങ്ങളിൽ ബദിയടുക്ക പൊലീസ് 17 വയസ്സുകാരായ 2 പേരെ സ്കൂട്ടറുമായി പിടികൂടിയതിൽ ആർസി ഉടമകളായ അമ്മമാർക്കെതിരെയും കേസെടുത്തു. മഞ്ചേശ്വരം പൊലീസ് പാവൂരിൽ 16 വയസ്സുകാരൻ സ്കൂട്ടർ ഓടിച്ചതിനു കുഞ്ചത്തൂർ സ്വദേശിനിയായ മാതാവിനെതിരെയും കേസെടുത്തു. ലൈസൻസ് ഇല്ലാതെ ഇരുചക്രം ഉൾപ്പെടെ വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണു പൊലീസ് പരിശോധന ശക്തമാക്കിയത്. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു.