കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്: സീറ്റ് നല്‍കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി, പ്രതിഷേധം

0
234

ബം​ഗളൂരു:  കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാർഥിപ്പട്ടിക നാളെ പുറത്തിറക്കാനിരിക്കേ, കർണാടക കോൺഗ്രസ് ഓഫീസിന് മുന്നിൽ സീറ്റ് മോഹികളുടെ നാടകീയ പ്രതിഷേധം. സീറ്റ് കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ പ്രതിഷേധക്കാരെ പൊലീസെത്തി ഏറെ ബുദ്ധിമുട്ടിയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇന്ന് ചേരുന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയോഗത്തിൽ രണ്ടാം പട്ടികയ്ക്ക് ഹൈക്കമാൻഡ് അന്തിമ അംഗീകാരം നൽകും.

സിദ്ധരാമയ്യയും ഡി കെ ശിവകുമാറും വാർത്താസമ്മേളനത്തിനായി ക്വീൻസ് റോഡിലുള്ള പാർട്ടി ഓഫീസിൽ വന്നിറങ്ങിയപ്പോഴുള്ള ദൃശ്യങ്ങളാണിത്. താരികെരെയിൽ നിന്ന് ബിജെപി വിട്ട് കോൺഗ്രസിലെത്തിയ എച്ച് എം ഗോപീകൃഷ്ണയ്ക്കും മൊളക്കൽ മുരുവിൽ നിന്ന് യോഗേഷ് ബാബുവിനും സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ ഇരുനേതാക്കളെയും വന്ന് പൊതിഞ്ഞു. സീറ്റ് മോഹികളോട് സംസാരിക്കാനോ, സമവായമുണ്ടാക്കാനോ ശ്രമിക്കാതെ, ഇരുവരും അകത്തേയ്ക്ക് നടന്ന് നീങ്ങി. ഇതോടെ സീറ്റ് നൽകിയില്ലെങ്കിൽ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് പ്രതിഷേധക്കാർ കുത്തിയിരിപ്പ് തുടങ്ങി. പിന്നാലെ പൊലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

Also Read:ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 44 കോടിയുടെ സമ്മാനം മലയാളിക്ക്; ഇന്നത്തെ 9 സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക്

‘സിദ്ധരാമയ്യയും ഡി കെ ശിവകുമാറും അറിയാൻ, നിങ്ങൾ ഞങ്ങൾ പറയുന്ന സ്ഥാനാർഥിക്ക് സീറ്റ് നൽകിയില്ലെങ്കിൽ, കെപിസിസി ഓഫീസിന് മുന്നിൽ ഞങ്ങൾ കൂട്ടത്തോടെ ആത്മഹത്യ ചെയ്യും’ എന്നായിരുന്നു ഭീഷണി. ഓരോ മണ്ഡലത്തിലും നാല് ആഭ്യന്തരസർവേകൾ നടത്തിയ ശേഷം വലിയ തർക്കമില്ലാത്ത 124 സീറ്റുകളിലെ സ്ഥാനാർഥികളെ കഴിഞ്ഞ മാസം കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ബാക്കി നൂറ് സീറ്റുകളിൽ അറുപത് സീറ്റുകളിലെങ്കിലും ഭിന്നാഭിപ്രായവും പ്രതിഷേധവും നിലനിൽക്കുന്നുണ്ട്. ഡി കെ ശിവകുമാറും സിദ്ധരാമയ്യയും തങ്ങളുടെ അനുയായികൾക്ക് സീറ്റുറപ്പിക്കാൻ കടുത്ത പോരാട്ടമാണ് നടത്തുന്നത്. തർക്കത്തിലുള്ള സീറ്റുകളിൽ അന്തിമതീരുമാനം ഹൈക്കമാൻഡിന്‍റേതാകും.

LEAVE A REPLY

Please enter your comment!
Please enter your name here