ബെംഗളൂരു: കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുമ്പോള്‍ ഇത്തവണയും മത്സര രംഗത്ത് മലയാളി മുഖങ്ങളുണ്ട്. ബെംഗളുരു നഗരത്തിൽ നിന്നാണ് ഇത്തവണ മലയാളി മുഖങ്ങളായ കെ ജെ ജോർജും എൻ എ ഹാരിസും ജനവിധി തേടുന്നത്. സർവജ്ഞ നഗർ, ശാന്തി നഗർ എന്നീ മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്ന ഇരുവരും ജയമുറപ്പെന്ന ആത്മവിശ്വാസത്തിലാണ്. ബെംഗളുരു നഗരവാസികളുടെ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള ശ്രമം ഇനിയും തുടരുമെന്ന് ഇരു സ്ഥാനാർഥികളും പറഞ്ഞു.
കുടിയേറ്റങ്ങളുടെ കൂടി നഗരമാണ് ബെംഗളുരു. ഒരു വശത്ത് കോസ്‍മോ പൊളിറ്റൻ നഗരമായി നിലനിൽക്കുമ്പോഴും, സാധാരണക്കാരന്‍റെ അടിസ്ഥാന സൗകര്യവികസനം ദിവസം തോറും ആയിരക്കണക്കിന് പേർ അഭയം തേടുന്ന ഈ നഗരത്തിൽ കീറാമുട്ടിയാണ്. കോട്ടയത്തെ ചിങ്ങവനത്ത് നിന്ന് കുടകിലേക്കും അവിടെ നിന്ന് ബെംഗളുരുവിലേക്കും കുടിയേറിയതാണ് കെ ജെ ജോർജ് എന്ന മലയാളി. കുടിയേറ്റക്കാരനിൽ നിന്ന് സംസ്ഥാന ആഭ്യന്തരമന്ത്രിപദം വരെ വളർന്നയാൾ. നഗരവികസനം തന്നെയാണ് തന്‍റെ പ്രധാനലക്ഷ്യമെന്ന് ജോർജ് പറയുന്നു.
ബിജെപിയുടെ ധ്രുവീകരണ നീക്കങ്ങൾ ഇനി ഫലം കാണില്ലെന്നും, വിലക്കയറ്റം പോലുള്ള അടിസ്ഥാന പ്രശ്നങ്ങൾ തന്നെയാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയെന്നും എൻ എ ഹാരിസ് പറയുന്നു. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവഡിയും അടക്കം ബിജെപി പാളയം വിട്ട് കോൺഗ്രസിലെത്തിയതോടെ ബിജെപിയുടെ ശക്തിയായിരുന്ന ലിംഗായത്ത് വോട്ടുകളിൽ വിള്ളൽ വീഴ്ത്താമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. കഴിഞ്ഞ തിങ്കളാഴ്ചയാണ് ജഗദീഷ് ഷെട്ടര്‍ കോണ്‍ഗ്രസിലേക്കെത്തിയത്. ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ ഷെട്ടർ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ് വിവരം.
നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ രോഷാകുലനായാണ് ഷെട്ടർ പാർട്ടി വിട്ടത്. 67-കാരനായ ഷെട്ടറിന് രാജ്യസഭാ സീറ്റും ഗവർണർ പദവിയും ബിജെപി കേന്ദ്ര നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു. ഇതെല്ലാം ഉപേക്ഷിച്ചാണ് തനിക്ക് എംഎൽഎ സീറ്റ് തന്നെ വേണമെന്ന നിർബന്ധത്തിൽ ഷെട്ടർ പാർട്ടി വിടാൻ തീരുമാനിച്ചത്.