കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം വിടാനൊരുങ്ങി ജോണി നെല്ലൂർ. മുൻ എം എൽ എമാരെ അണിനിരത്തി സംസ്ഥാനത്ത് ബി ജെ പിയുടെ പിന്തുണയോടെ പുതിയ പാർട്ടി നിലവിൽ വരുന്നതായി റിപ്പോർട്ടുകളുണ്ട്.
നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് പാർട്ടി (എൻ പി പി) എന്നാണ് പുതിയ പാർട്ടിയുടെ പേര്. കുറച്ച് നാളായി പാർട്ടിയുടെ രൂപീകരണത്തിനായുള്ള അണിയറ നീക്കങ്ങൾ നടന്നുവരികയായിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യം കൂടി കണക്കിലെടുത്താണ് നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കാനൊരുങ്ങുന്നത്.
ജോണി നെല്ലൂരിനെ കൂടാതെ മാത്യു സ്റ്റീഫൻ, ജോർജ് ജെ മാത്യു എന്നിവരും എൻ പി പിയുടെ തലപ്പത്തുണ്ടാകുമെന്നാണ് സൂചന. പത്തനംതിട്ട യു ഡി എഫ് ചെയർമാൻ സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം രാജിവച്ച വിക്ടർ ടി തോമസും പാർട്ടിയിലുണ്ടായേക്കും. നിലവിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ വൈസ് ചെയർമാനാണ് ജോണി നെല്ലൂർ. അദ്ദേഹം ഇന്ന് വാർത്ത സമ്മേളനം നടത്തി പാർട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ചേക്കും.