അങ്ങനെ ജിയോയുടെ ആ സൗജന്യക്കാലം കൂടി അവസാനിക്കുന്നു; ഐപിഎല്ലിനിടെ സുപ്രധാന പ്രഖ്യാപനവുമായി റിലയൻസ്

0
192

മുംബൈ: ഐപിഎൽ സീസൺ അവസാനിച്ചതിന് ശേഷം  റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ജിയോ സിനിമ ഉള്ളടക്കത്തിന് നിരക്ക് ഈടാക്കിയേക്കുമെന്ന് റിപ്പോർട്ട്. ഫിഫ ലോകകപ്പിന് പിന്നാലെ ഐപിഎൽ മത്സരങ്ങളും സൗജന്യമായി കാണുന്നതിനുള്ള അവസരമാണ് ജിയോ സിനിമ ഒരുക്കിയിരുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക ഡിജിറ്റൽ സ്ട്രീമിംഗ് പങ്കാളിയെന്ന നിലയിൽ വ്യൂവർഷിപ്പ് റെക്കോർഡുകൾ തകർക്കുന്ന ജിയോ സിനിമ സൗജന്യ സ്ട്രീമിംഗ് വാഗ്ദാനം ചെയ്യുന്നത് ഐപിഎല്ലോടെ അവസാനിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുള്ളത്.

നെറ്റ്ഫ്ലിക്‌സ്, വാൾട്ട് ഡിസ്‌നി തുടങ്ങിയ ആഗോള പ്രമുഖരെ നേരിടുന്നതിനായി 100-ലധികം സിനിമകളും ടിവി സീരീസുകളും അവതരിപ്പിച്ച് കൊണ്ട് വമ്പൻ പദ്ധതിക്കാണ് ജിയോ സിനിമ തയാറെടുക്കുന്നത്. എന്നാൽ, ചില ഉപഭോക്താക്കൾക്ക് ഈ ഉള്ളടക്കം കാണുന്നതിന് നിരക്കുണ്ടാകുമെന്ന് റിലയൻസിന്റെ മീഡിയ ആൻഡ് കണ്ടന്റ് ബിസിനസ് പ്രസിഡന്റ് ജ്യോതി ദേശ്പാണ്ഡെ പറഞ്ഞു. ഈ സീസൺ ഐപിഎൽ മത്സരങ്ങൾ എല്ലാവർക്കും സൗജന്യമായി കാണാമെന്നും ജ്യോതി  വ്യക്തമാക്കി.

നിലവിൽ ജിയോ സിനിമ ആപ്പിലൂടെ 12 വ്യത്യസ്ത ഭാഷകളിലായി ഐപിഎൽ മത്സരങ്ങൾ കാണാനാകും. ഇതിൽ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, തെലുങ്ക്, മറാത്തി, ഗുജറാത്തി, ബംഗാളി, ഭോജ്പുരി എന്നിവയും ഉൾപ്പെടുന്നുണ്ട്. ഇതിനുപുറമെ, ഭാഷ മാറ്റിയാൽ ആപ്പ് കമന്ററി മാറ്റുക മാത്രമല്ല, സ്ഥിതിവിവരക്കണക്കുകളിലും ഗ്രാഫിക്സിലും വരുന്ന മാറ്റങ്ങളും കാണാനാകും.

കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസിനെതിരെ സിഎസ്‌കെയുടെ റണ്‍ ചേസില്‍ എം എസ് ധോണിയും രവീന്ദ്ര ജഡേജയും അവസാന ഓവറുകളില്‍ ബാറ്റ് ചെയ്യവേ 2.2 കോടി ആളുകളാണ് ജിയോ സിനിമയിലൂടെ മത്സരം തല്‍സമയം കണ്ടത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും തമ്മിലുള്ള മത്സരത്തിന് 1.8 കോടി കാഴ്‌ചക്കാര്‍ ജിയോ സിനിമയില്‍ ഒരേസമയം എത്തിയതിന്‍റെ റെക്കോര്‍ഡാണ് സിഎസ്‌കെ – റോയല്‍സ് മത്സരം തകര്‍ത്തത്

LEAVE A REPLY

Please enter your comment!
Please enter your name here