ഇന്ത്യൻ നിർമിത മരുന്ന് കണ്ണിലൊഴിച്ച മൂന്ന് പേർ മരിച്ചു, എട്ടുപേരുടെ കാഴ്ച പോയി; മരുന്നിൽ അപകടകരമായ ബാക്‌ടീരിയയുടെ സാന്നിദ്ധ്യമെന്ന് അമേരിക്ക

0
217

ന്യൂഡൽഹി: ഇന്ത്യൻ നിർമിത തുള്ളിമരുന്നിൽ മരുന്നുകളെ പ്രതിരോധിക്കുന്ന ബാക്‌ടീരിയയുടെ അപകടകരമായ സാന്നിദ്ധ്യം കണ്ടെത്തിയെന്ന് അമേരിക്ക. തമിഴ്‌നാട് ആസ്ഥാനമായുള്ള ഗ്ളോബൽ ഫാർമ ഹെൽത്ത് കെയർ നിർമിക്കുന്ന കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നായ ‘ആ‌ർട്ടിഫിഷ്യൽ ടിയേഴ്‌സിൽ’ സ്യൂഡോമോനാസ് എരുഗിനോസ എന്ന ബാക്‌ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതായാണ് അമേരിക്കയുടെ ആരോഗ്യവകുപ്പ് ആശങ്ക പ്രകടിപ്പിച്ചത്.

മരുന്ന് ഉപയോഗിച്ച മൂന്ന് പേർ മരിക്കുകയും എട്ടുപേർക്ക് കാഴ്‌ച നഷ്ടമാവുകയും ചെയ്തെന്ന അമേരിക്കൻ ആരോഗ്യവകുപ്പിന് കീഴിലുള്ള സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷന്റെ (സി ഡി സി) റിപ്പോർട്ടിനെ തുടർന്ന് കമ്പനി ഫെബ്രുവരിയിൽ മരുന്ന് തിരിച്ചുവിളിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് മരുന്നിൽ ബാക്‌ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയെന്ന റിപ്പോർട്ട് പുറത്തുവന്നത്.

ബാക്‌ടീരിയ സ്ഥിരമായി കാഴ്ച നഷ്ടമാകുന്നതിന് കാരണമാകുമെന്ന് സി ഡി സി പറയുന്നു. ഗുണനിലവാരമില്ലാത്ത ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നത് അന്ധതയ്ക്കും മരണത്തിനും അണുബാധയ്ക്കും കാരണമാകുമെന്ന് യു എസ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കയിൽ ഈ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും നിലവിലുള്ള ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ഈ ബാക്‌ടീരിയയെ ചെറുക്കുന്നത് പ്രയാസകരമാണെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു.

ഉത്തർപ്രദേശിലെ നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെക് നിർമിച്ച ചുമ മരുന്ന് കുടിച്ച് ഉസ്‌ബെക്കിസ്താനിൽ 18 കുട്ടികളും ഹരിയാനയിലെ മെയ്‌ഡൻ ഫാർമ കയറ്റുമതി ചെയ്ത മരുന്ന് കഴിച്ച് ഗാംബിയയിൽ 66 കുട്ടികളും മരണപ്പെട്ടത് ഏറെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കൻ ഇന്ത്യൻ നിർമിത തുള്ളിമരുന്ന് ഉപയോഗിച്ച മൂന്നുപേ‌ർ മരിച്ചതായുള്ള വാർത്ത പുറത്തുവരുന്നത്.

അതേസമയം, ആർട്ടിഫിഷ്യൽ ടിയേഴ്‌സ് തുള്ളിമരുന്നിൽ മായം കണ്ടെത്താനായില്ലെന്ന് തമിഴ്‌നാട് ഡ്രഗ്‌സ് കൺട്രോൾ ഡയറക്‌ടർ പി വി വിജയലക്ഷ്‌മി പറഞ്ഞു. ചോദ്യം ചെയ്യപ്പെട്ടത് ഉൾപ്പെടെ നിരവധി ബാച്ചുകളിൽ നിന്നുള്ള സാമ്പിളുകൾ വിശകലനം ചെയ്തുവെങ്കിലും മായം കണ്ടെത്തിയില്ലെന്ന് അവർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here