രാജ്കോട്ട് : ഒന്നരമാസമായി നാട്ടുകാരുടെ ഉറക്കം കെടുത്തിയ കറൻസി നോട്ടുകളിലെ കുറിപ്പിന് പിന്നിലെ അജ്ഞാതൻ ഒടുവിൽ പിടിയിലായി. 58കാരനായ കർഷകനെയാണ് പൊലീസ് പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടതായും പൊലീസ് അറിയിച്ചു.
ഗുജറാത്തിലെ രാജ്കോട്ടിലെ ജസ്ദാനിലാണ് സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന അശ്ലീല പരാമർശങ്ങളടങ്ങിയ കുറിപ്പുകൾ കറൻസി നോട്ടുകളിൽ എഴുതി വീടുകൾക്ക് മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. ഒന്നരമാസമായി ഇത്തരത്തിലുള്ള ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. പത്തിന്റെയും ഇരുപതിന്റെയും നോട്ടുകളിലാണ് കുറിപ്പുകൾ ഉണ്ടായിരുന്നത്. ഓരോ നോട്ടിലും ആ വീട്ടിലെ സ്ത്രീയെക്കുറിച്ചുള്ള മോശം പരാമർശമാണ് ഉണ്ടായിരുന്നത്. സ്ത്രീകൾക്ക് സമീപവാസിയായ മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്നും നോട്ടുകളിൽ ഉണ്ടായിരുന്നു. ഇതിനെത്തുടർന്ന് പല കുടുംബങ്ങളിലും ദമ്പതിമാർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ജസ്ദാൻ പൊലീസ് പറഞ്ഞു. വിവാഹിതരായ സ്ത്രീകൾക്കെതിരെയാണ് പ്രതി അപവാദം പ്രചരിപ്പിച്ചിരുന്നതെന്ന് നാട്ടുകാർ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. പെട്ടെന്ന് ശ്രദ്ധ കിട്ടാനായാണ് പ്രതി നോട്ടുകൾ തിരഞ്ഞെടുത്തിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ അഞ്ചുവർഷമായി ഇത്തരത്തിലുള്ള ശല്യമുണ്ടായിരുന്നുവെങ്കിലും ഒന്നരമാസത്തിനിടെയാണ് ഇത് രൂക്ഷമായത്. ഇതോടെ സ്ത്രീകൾ സ്ഥലത്തെ കൗൺസിലറെ വിവരമറിയിക്കുകയായിരുന്നു. കൗൺസിലർ പൊലീസിന് വിവരം കൈമാറുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ് പ്രദേശത്തെ സിസി ടിവി കാമറകൾ പരിശോധിച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയായ 58കാരൻ പ്രദേശവാസിയാണെന്നും സ്ഥലത്തെ മിക്കവരുടെയും പേരുകളും ഇയാൾക്കറിയാമെന്നും പൊലീസ് പറഞ്ഞു. അതേസമയം എന്താണ് ഇങ്ങനെ ചെയ്യുന്നതിന്റെ ഉദ്ദേശമെന്ന് ഇയാൾ വ്യക്തമാക്കിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പ്രതിക്ക് മനോരോഗ വിദഗ്ധന്റെ ചികിത്സ ഉറപ്പുവരുത്താൻ പൊലീസ് കുടുംബത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.