ചണ്ഡിഗഢ്: പിച്ചയെടുത്തിട്ടായാലും ഭാര്യക്കു ചെലവിനു നല്‍കാന്‍ ഭര്‍ത്താവിന് ധാര്‍മികവും നിയമപരവുമായ ബാധ്യതയുണ്ടെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി. ജീവനാംശം നല്‍കാനുള്ള ഉത്തരവിനെതിരെ ഭര്‍ത്താവ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എച്ച്എസ് മദാനിന്റെ ഉത്തരവ്.
ജീവിക്കാന്‍ മറ്റു വഴികളൊന്നുമില്ലാത്ത ഭാര്യയ്ക്കു ചെലവിനു നല്‍കാന്‍ ഭര്‍ത്താവിന് ധാര്‍മികവും നിയമപരവുമായ ഉത്തരവാദിത്വമുണ്ട്; അതിപ്പോള്‍ ഭര്‍ത്താവ് പിച്ചക്കാരന്‍ ആയിരുന്നാലും- കോടതി പറഞ്ഞു. അല്ലാത്തപക്ഷം ഭാര്യയ്ക്കു മറ്റു വരുമാനമുണ്ടെന്നു തെളിയിക്കാന്‍ ഭര്‍ത്താവിന് ആവണമെന്ന് കോടതി വ്യക്തമാക്കി.
ഭര്‍ത്താവിന് മറ്റു ശാരീരിക ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലെന്നു കോടതി നിരീക്ഷിച്ചു. ഇപ്പോള്‍ സാധാരണ പണിക്കു പോവുന്നവര്‍ക്ക് ദിവസം അഞ്ഞൂറോ അതില്‍ കൂടുതലോ കിട്ടും. അതുകൊണ്ടുതന്നെ കുടുംബക്കോടതി വിധിച്ച ജീവനാംശ തുക അധികമെന്നു പറയാനാവില്ലെന്നു ഹൈക്കോടതി പറഞ്ഞു.
വിവാഹ മോചന ഹര്‍ജിക്കൊപ്പം പതിനയ്യായിരം രൂപയാണ് ഭാര്യ ജീവനാംശമായി ആവശ്യപ്പെട്ടിരുന്നത്. ഹര്‍ജിയില്‍ തീരുമാനമാവുന്നതു വരെ മാസം അയ്യായിരം രൂപ വീതം നല്‍കാന്‍ കോടതി ഉത്തരവിട്ടു. കോടതിച്ചെലവിനായി 5,500രൂപയും ഓരോ വാദം കേള്‍ക്കലിനും 500 രൂപ വീതവും ഭാര്യയ്ക്കു നല്‍കാനും കുടുംബ കോടതി നിര്‍ദേശിച്ചു. ഇതിനെതിരെയാണ് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്.