ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ ആപ്പാണ് വാട്‌സ്ആപ്പ്. തീര്‍ത്തും സൗജന്യമായി സന്ദേശവും വീഡിയോയും ഫോട്ടോകളും എന്തിന് പണവുമെല്ലാം പെട്ടെന്ന് അയക്കാം എന്നതാണ് വാട്‌സ്ആപ്പിനെ കൂടുതല്‍ ജനപ്രിയമാക്കിയത്. മറ്റുപല ആപ്ലിക്കേഷനുകള്‍ വന്നിട്ടും ഇപ്പോഴും വാട്ട്‌സ്ആപ്പിന്റെ തട്ട് താണ്തന്നെ ഇരിക്കുകയാണ്.
ദിവസവും കുറഞ്ഞത് പത്ത് തവണയെങ്കിലും വാട്‌സ്ആപ്പില്‍ കയറിനോക്കാത്തവരായി ചുരുക്കം ആളുകളേ ഉണ്ടാകൂ.. അത്രത്തോളം വാട്‌സ്ആപ്പ് ദൈനംദിന ജീവിതത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. പക്ഷേ അക്കൗണ്ട് ആരംഭിക്കുമ്പോള്‍ പോലും ഒരു രൂപ പോലും വാങ്ങാതെ പരസ്യങ്ങളില്ലാതെ എങ്ങനെയാണ് വാട്‌സ് ആപ്പ് വരുമാനമുണ്ടാക്കുന്നത്? സാധാരണ ഗതിയില്‍ ഫ്രീ ആപ്ലിക്കേഷനുകളില്‍ എല്ലാം പരസ്യങ്ങളും മാര്‍ക്കറ്റിങ് കണ്ടന്റുകളും കാണാറുണ്ട്. അതുതന്നെയാണ് അവരുടെ വരുമാന മാര്‍ഗവും. മറ്റ് ചിലതിലാവട്ടെ രജിസ്‌ട്രേഷന്‍ ഫീസ് വാങ്ങി ആപ്പുകള്‍ വരുമാനമുണ്ടാക്കുന്നു. എന്നാല്‍ വാട്‌സ്ആപ്പില്‍ ഇത് രണ്ടുമില്ല.
വാട്‌സ്ആപ്പ് സ്ഥാപകരായ ബ്രയാന്‍ ആക്ടനും ജെയിന്‍ കൗമും വാട്‌സ് ആപ്പ് ഒരിക്കലും ഇപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോരാന്‍ അനുവദിക്കില്ലെന്നും വ്യക്തിഗത വിവരങ്ങള്‍ മറ്റു കമ്പനികള്‍ക്ക് മറിച്ചു വില്‍ക്കില്ലെന്നുമുള്ള കണ്‍സെപ്റ്റില്‍ സ്ഥാപിച്ചതാണ്. എന്നാല്‍ സുക്കര്‍ ബര്‍ഗ് ഏതാണ്ട് 15,000 കോടി മുടക്കിയാണ് വാട്‌സ് ആപ്പിനെ വാങ്ങിയത്. അതു വരെ വാട്‌സ് ആപ്പ് വലിയ വരുമാനം തരുന്ന ഒന്നായിരുന്നില്ല. എന്നാല്‍ സുക്കര്‍ ബര്‍ഗ് വാങ്ങിയതോടെ ഇത് ബിസിനസിലേക്ക് കടന്നു.
2018 ല്‍ വാട്‌സ് ആപ്പ് ബിസിനസ് ആരംഭിച്ചതോടെയാണ് കാര്യങ്ങളാകെ മാറി മറിഞ്ഞത്. വാട്‌സ് ആപ്പ് ബിസിനസ് ഫ്രീയാണ്. എന്നാല്‍ വാട്‌സ് ആപ്പ് ബിസിനസിന്റെ ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫേസ് സൗജന്യമല്ല. 2018 മുതല്‍ ഇതു തന്നെയാണ് വാട്‌സ് ആപ്പിന്റെ പ്രധാന വരുമാന മാര്‍ഗം. ഇനി വാട്‌സ് ആപ്പ് എ പി ഐ എന്താണെന്ന് നോക്കാം.
ഉദാഹരണമായി IXIGO എന്ന ആപ്ലിക്കേഷന്‍ വഴി നമ്മള്‍ ട്രെയിന്‍ ടിക്കറ്റോ ഫ്‌ലൈറ്റ് ടിക്കറ്റോ ബുക്ക് ചെയ്താല്‍ നമുക്ക് ടിക്കറ്റ് വാട്‌സ് ആപ്പ് മെസേജായി വരാറില്ലേ. അതു തന്നെ സംഗതി. ഇത് ഒരു ചാറ്റ് ബോട്ട് ആണ്. പല കമ്പനികള്‍ക്കും ഈ സംവിധാനമുണ്ട്. ഓട്ടോമാറ്റിക് റിപ്ലൈ അടക്കമുള്ള സംവിധാനങ്ങള്‍ നിലവിലുണ്ട്. ഈ ചാറ്റ് ബോട്ടിലൂടെ നമുക്ക് കമ്പനിയുമായി നേരിട്ട് ഇടപഴാകാണ്‍. കമ്പനിക്ക് മെയില്‍ അയച്ച് വിവരങ്ങള്‍ തിരക്കുന്നതിനേക്കാള്‍ എളുപ്പമാണിത്.
ഇത്തരത്തില്‍ കമ്പനികള്‍ നമ്മളോട് സംവദിക്കുന്ന ചാറ്റ് ബോട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വാട്‌സ് ആപ്പ് കമ്പനികളില്‍ നിന്നും ഒരു ഫീസ് ഈടാക്കുന്നുണ്ട്. ബുക്ക് മൈ ഷോ, ഇന്‍ഡിഗോ, ഓയോ തുടങ്ങിയ പല കമ്പനികളും ഇത്തരത്തില്‍ വാട്‌സ്ആപ്പ് ബിസിനസ് എപിഐ ഉപയോഗിക്കുന്നുണ്ട്. ഇതാണ് വാട്‌സ് ആപ്പിന്റെ ഏറ്റവും പ്രധാന വരുമാന മാര്‍ഗം.
എന്നാല്‍ വാട്‌സ് ആപ്പ് പേയിലൂടെയും വാട്‌സ് ആപ്പിന് വരുമാനം ഉണ്ട്. 2020 ആണ് വാട്‌സ്ആപ്പ് പേ ആരംഭിച്ചത്. ഒറ്റ വര്‍ഷം കൊണ്ട് 100 കോടിയിലേറെ രൂപ വാട്‌സ് ആപ്പ് പേയ്‌മെന്റ് നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.