റെയിൽവേ മേൽപ്പാലം വൈകും: കുരുക്കഴിയാതെ ഹൊസങ്കടി

0
203

മഞ്ചേശ്വരം : ജില്ലയിലെ വടക്കേ അറ്റത്തുള്ള പ്രധാന ടൗണായ ഹൊസങ്കടി ഗതാഗതക്കുരുക്കിൽ വലയുന്നു. ദേശീയപാതാ നിർമാണജോലികളും വാഹനങ്ങൾ തലങ്ങും വിലങ്ങും നിർത്തിയിടുന്നതും റെയിൽവേ ലെവൽക്രോസുമെല്ലാം ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.

ടൗണിൽ ദേശീയപാത നിർമാണജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. അതിനാൽ, ഒരുവശത്തുകൂടിയാണ് വാഹനങ്ങൾ കടത്തിവിടുന്നത്.

ടൗണിൽ മുൻപുണ്ടായിരുന്ന ട്രാഫിക് സർക്കിൾ പൊളിച്ചുമാറ്റുകയും ആനക്കല്ല് ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ ടൗണിൽ പ്രത്യേക സൗകര്യമൊരുക്കുകയും ചെയ്തിരുന്നു. ടെമ്പോടാക്സികൾക്ക് പ്രത്യേക പാർക്കിങ് സൗകര്യമൊരുക്കുകയും ചെയ്തിരുന്നെങ്കിലും ഗതാഗതക്കുരുക്കിന് കുറവില്ല.

ലെവൽക്രോസിൽ ഗേറ്റടയ്ക്കുന്നതുമൂലം ചില സമയങ്ങളിൽ വാഹനനിര നീണ്ട് ദേശീയപാതവരെ നിശ്ചലമാകുന്ന സ്ഥിതിയാണ്. കാൽനടയാത്രക്കാരുൾപ്പെടെ റോഡ്‌ മുറിച്ചുകടക്കാൻ പ്രയാസപ്പെടുന്നുണ്ട്.

ദേശീയപാതയിൽ വി.ഒ.പി.

ദേശീയപാതാ നിർമാണവുമായി ബന്ധപ്പെട്ട് മേൽപ്പാലം നിർമിക്കേണ്ടതിനാൽ നിലവിലെ റോഡ് നിരപ്പിൽനിന്ന്‌ അഞ്ചരമീറ്റർ താഴ്ചയിലാണ് ഇവിടെ ദേശീയപാത നിർമാണം പുരോഗമിക്കുന്നത്. ദേശീയ പാതയോടനുബന്ധിച്ച് വെഹിക്കിൾ ഓവർ പാസ് (വി.ഒ.പി.) മാതൃകയിൽ മേൽപ്പാതയാണ് ടൗണിൽ നിർമിക്കുന്നത്.

ആനക്കല്ല് ഭാഗത്തുനിന്ന്‌ തലപ്പാടിയിലേക്ക് ബങ്കര മഞ്ചേശ്വരം വഴിയുള്ള സ്വകാര്യ ബസുകളും മറ്റ് വാഹനങ്ങളുമാണ് ഹൊസങ്കടി റെയിൽവേ ലെവൽക്രോസിൽ മിക്കസമയങ്ങളിലും കുടുങ്ങിക്കിടക്കുന്നത്. ദേശീയപാതയോട്‌ ചേർന്നാണിവിടെ ലെവൽ ക്രോസ് എന്നതിനാൽ റെയിൽവേ മേൽപ്പാലം നിർമിച്ചാൽ മാത്രമേ ഗതാഗതക്കുരുക്കിന് പരിഹാരമാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here