ദുബായിൽ തീപിടിത്തത്തിൽ മരിച്ച മലയാളി ദമ്പതികളെക്കുറിച്ച് കോൺഗ്രസ് വക്താവ് ഡോ. ഷമ മുഹമ്മദ് ഫേസ്ബക്കിൽ എഴുതിയ കുറിപ്പ് വൈറലാകുന്നു. ‘മുസ്ലീങ്ങളായ അയൽക്കാർക്ക് ഇഫ്താറിന് ഹിന്ദു ഭക്ഷണമായ വിഷുസദ്യ ഒരുക്കുന്നതിനിടെയാണ് മലയാളി ദമ്പതികൾ ദുരന്തത്തിൽ അകപ്പെട്ടതെന്ന് ഷമ മുഹമ്മദ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞതാണ് വിവാദമായത്.
ഏതായാലും ഷമയെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചുമുള്ള കമന്‍റുകളാണ് ഫേസ്ബുക്ക് പോസ്റ്റിന് ചുവടെ വരുന്നത്.
‘ഞങ്ങൾ പ്രവാസികൾക്ക് ഹിന്ദു സദ്യ മുസ്ലിം സദ്യ എന്നൊന്നും ഇവിടെങ്ങളിൽ ഇല്ല.. ഞങ്ങൾ മലയാളികൾ ഓരോ ആഘോഷവും ഒഴിവു ദിവസങ്ങളിലും കൊണ്ടാടും.. ഓണം കഴിഞ്ഞാലും അടുത്ത ഓണം വരുന്നത് വരെ ഓണഘോഷം നടത്തും ..’- റിയാസ് എന്നയാൾ കമന്‍റിൽ എഴുതി.
‘ഹിന്ദു ഭക്ഷണം മുസ്ലിം ഭക്ഷണം എന്നൊന്നും ഇല്ല , അയൽക്കാർക്ക് സദ്യ ഒരുക്കുകയായിരുന്നു വിഷുദിനത്തിൽ, അങ്ങിനെയാണ് എഴുതേണ്ടത്’- ഇതായിരുന്നു റഷീദ് പള്ളത്ത് എന്നയാളുടെ കമന്‍റ്.
‘വിഷു സദ്യ എങ്ങന ഹിന്ദു മീൽ ആയി, സദ്യ ഒരിക്കലും ഒരു മതത്തിന്റെയും സ്വന്തം അല്ല, എങ്ങനെ ഇങ്ങനെ വർഗീയത കുത്തി കേറ്റാൻ പറ്റുന്നു’ – മറ്റൊരാൾ ചോദിക്കുന്നു.
നേരത്തെയും ഷമ മുഹമ്മദ് നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വിവാദമാകുകയും വലിയതോതിലുള്ള ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.