‘ജോലിയും വരുമാനവും കൊണ്ടുവരും’; കഞ്ചാവ് കൃഷി നിയമവിധേയമാക്കാൻ ഹിമാചൽ പ്രദേശ്

0
156

കഞ്ചാവ് കൃഷി നിയമവിധേയമാക്കാനൊരുങ്ങി ഹിമാചൽ പ്രദേശ് സർക്കാർ. സമഗ്രമായി പഠിക്കാൻ എംഎൽഎമാരുടെ അഞ്ചംഗ സമിതിക്ക് രൂപം നൽകി. സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കുന്നതിലും ജോലി സാധ്യതകള്‍ സൃഷ്ടിക്കുന്നതിലും സുപ്രധാന പങ്ക് വഹിക്കാൻ കഞ്ചാവ് കൃഷിക്ക് കഴിയുമെന്ന് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ, ധാരാളം ഔഷധഗുണമുള്ള കഞ്ചാവ്, പല രോഗങ്ങളുടെയും ചികിത്സയ്ക്ക് ഉപയോഗപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്ന് ഉപയോഗം വർധിക്കാൻ സാധ്യതയുള്ളതിനാൽ സംസ്ഥാന സർക്കാർ ജാഗ്രത പുലർത്തുമെന്ന് സുഖു പറഞ്ഞു. സംസ്ഥാനകത്തിനകത്ത് നിയമവിരുദ്ധമായി കഞ്ചാവ് കൃഷി നടത്തുന്ന സ്ഥലങ്ങൾ കമ്മീഷൻ സന്ദർശിക്കും. കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പഠിച്ച് സമിതി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.

‘കഞ്ചാവ് നിയമവിധേയമാക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമല്ല ഹിമാചൽ. പല സംസ്ഥാനങ്ങളിലും കഞ്ചാവ് കൃഷി നിയമപരമായി നടത്തുന്നുണ്ട്. അയൽ സംസ്ഥാനമായ ഉത്തരാഖണ്ഡ് 2017-ൽ കഞ്ചാവ് കൃഷി നിയമവിധേയമാക്കിയിരുന്നു. കൂടാതെ ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ ചില ജില്ലകളിലും നിയന്ത്രിത കഞ്ചാവ് കൃഷി നടക്കുന്നുണ്ട്’ സുഖു പറഞ്ഞു.

സമാനമായി ഉറുഗ്വേ, കാനഡ, യു എസ്, ഓസ്ട്രിയ, ബെൽജിയം എന്നിങ്ങനെ നിരവധി രാജ്യങ്ങളിലും കഞ്ചാവിന്റെ നിയന്ത്രിത കൃഷി നടക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയന്ത്രണ നടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങളും മറ്റ് സംസ്ഥാനങ്ങളും പിന്തുടരുന്ന മോഡലുകളെ കുറിച്ചും കൃത്യമായി പഠിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അയൽരാജ്യമായ ഉത്തരാഖണ്ഡ് കഞ്ചാവ് കൃഷി നിയമവിധേയമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനമാകുന്നത് 2018ലാണ്. ഉത്തരാഖണ്ഡിൽ കഞ്ചാവ് കൃഷി നിയമവിധേയമാക്കിയപ്പോൾ, ഗുജറാത്തിലെ ലഹരി മരുന്നുകളുടെ പട്ടികയിൽ നിന്ന് ഭാംഗ് ഒഴിവാക്കിയിരുന്നു. ഉത്തർപ്രദേശിലും മധ്യപ്രദേശിലും സമാന നയങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത്. അപകടകരമായ സിന്തറ്റിക് മയക്കുമരുന്നുകളുടെ പട്ടികയിൽ നിന്ന് കഞ്ചാവിനെ ഒഴിവാക്കണമെന്ന് 2020ൽ ഐക്യരാഷ്ട്ര സഭയിൽ വാദിച്ച രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും ഉള്‍പ്പെട്ടിരുന്നു.

അതേസമയം, 1985ലെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് ആക്‌റ്റിന്റെ പരിധിയിൽ നിന്ന് കഞ്ചാവ് നീക്കുന്നത് കൂടുതൽ ആളുകൾ അതുപയോഗിക്കുന്നതിന് കാരണമാകുമെന്നും വിലയിരുത്തലുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here