കൺനിറയെ കാണുക, ഹറമിൽനിന്നുള്ള മനംനിറക്കും സുന്ദരക്കാഴ്ചകൾ – Video

0
338

മക്ക- കോവിഡിന് ശേഷം വിശുദ്ധ റമദാനിൽ പൂർണമായ തോതിൽ ഉംറക്കും പ്രാർത്ഥനക്കുമായി വിശ്വാസികൾ എത്തുന്നത് ഈ റമദാനിലാണ്. കഴിഞ്ഞ റമദാനെ അപേക്ഷിച്ച് തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർധനവും രേഖപ്പെടുത്തുന്നുണ്ട്. 24 മണിക്കൂറും ഹറമിൽ വിശ്വാസികളുടെ തിരക്കാണ്. മുൻകൂട്ടിയുള്ള രജിസ്‌ട്രേഷൻ അനുസരിച്ചാണ് തീർത്ഥാടകരെ പ്രവേശിപ്പിക്കുന്നതെങ്കിലും പ്രാർത്ഥനക്കും ഉംറ കർമ്മത്തിനുമായി എത്തുന്ന വിശ്വാസികളുടെ എണ്ണത്തിന് കുറവില്ല. സ്‌നേഹത്തിന്റെയും കരുണയുടെയും നിത്യവിസ്മയ കാഴ്ച്ചകളാണ് ഓരോ ദിവസവും വിശുദ്ധ ഹറമുകളിൽ ലോകത്തിന് സമ്മാനിക്കുന്നത്.

ലോകത്തിന്റെ നാനാഭാഗത്തുനിന്ന് എത്തുന്ന വിശ്വാസികളെ കൊണ്ട് നിറഞ്ഞിട്ടുണ്ടെങ്കിലും ഹറമിലോ പരിസരത്തിലോ അഴുക്കോ മറ്റു മാലിന്യനങ്ങളോ തീരെ കാണാറില്ല. സദാ കർമ്മനിരതയായ ജീവനക്കാരുടെ സേവനമാണ് ഹറമിനെ വൃത്തിയോടെ നിലനിർത്തുന്നത്. എവിടെയങ്കിലും പൊടിയോ അഴുക്കോ കണ്ടാൽ ശുചീകരണ തൊഴിലാളികൾ ഉടൻ ഓടിയെത്തും.
ഹറമിലെ തിരക്കുകൾക്കിടയിൽ ഓടിനടക്കുന്ന ശുചീകരണ തൊഴിലാളികൾ തീർത്ഥാടകരുടെ മനംകവരുകയാണ്. ഉംറക്ക് എത്തുന്നവർ തൊഴിലാളികളെ മസാജ് ചെയ്തു കൊടുക്കുന്ന കാഴ്ച ഹറമിൽ പതിവാണ്. തങ്ങൾക്ക് അടുത്തുള്ള ശുചീകരണ തൊഴിലാളികളുടെ ദേഹത്ത് സ്‌നേഹത്തോടെ തടവിയും തലോടിയും അവരെ പരിഗണിക്കുകയാണ് തീർത്ഥാടകർ. ശുചീകരണ തൊഴിലാളികൾ ഈ സ്‌നേഹപരിചരണം ഹൃദയം നിറഞ്ഞ് സ്വീകരിക്കുകയും ചെയ്യുന്നു. അറബ് രാജ്യങ്ങളിൽനിന്നുള്ളവരാണ് തൊഴിലാളികളെ ഇങ്ങിനെ സ്‌നേഹം കൊണ്ട് പൊതിയുന്നവരിൽ അധികവും.

കഴിഞ്ഞ ദിവസമാണ് വിശുദ്ധ ഹറമിൽ പിഞ്ചുകുഞ്ഞിനെയും ബാഗുകളും മറ്റും വഹിച്ച് നടക്കാൻ പ്രയാസപ്പെട്ട തീർഥാടകയെ സഹായിക്കുന്ന സുരക്ഷാ ഭടന്റെ വീഡിയോ വൈറലായത്. ലക്ഷ്യസ്ഥാനത്തെത്തിക്കാൻ തീർഥാടകയുടെ കുഞ്ഞിനെ എടുത്ത് സുരക്ഷാ സൈനികൻ ധൃതിയിൽ മുന്നിൽ നടക്കുകയും തീർഥാടക സുരക്ഷാ ഭടനെ പിന്തുടരുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികളിൽ ഒരാൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു.

ജീവിതത്തിൽ ഒരിക്കലെങ്കിലും ഹറമിന്റെ ചാരത്ത് അണയാൻ കൊതിക്കുന്നവരാണ് മുസ്ലിം വിശ്വാസികളിൽ ഏറെയും. പ്രായമായ മാതാവിനെയും പിതാവിനെയുമായി നൂറുകണക്കിന് ആളുകൾ ദിനംപ്രതി ഹറമിൽ എത്തുന്നുണ്ട്. ഉംറ നിർവഹിച്ചും പുണ്യസ്ഥലങ്ങൾ സന്ദർശിച്ചുമാണ് അവർ നിർവൃതി അടയുന്നത്. ഹറമുകളിലെ തിരക്കുകളിൽ പലപ്പോഴും പ്രായമായവർക്ക് കർമ്മങ്ങൾ എളുപ്പത്തിൽ ചെയ്യാൻ സാധിക്കാറില്ല.

മക്കളോ മറ്റു കുടുംബാംഗങ്ങളോ ഇവരെ തോളിലേറ്റി വിശുദ്ധ കർമ്മത്തിൽ പങ്കാളിയാകുന്ന കാഴ്ച പലപ്പോഴുമുണ്ടാകാറുണ്ട്. അത്തരമൊരു കാഴ്ചയാണ് കഴിഞ്ഞ ദിവസമുണ്ടായത്. ഉസ്‌ബെക്കിസ്ഥാനിൽനിന്നുള്ള തീർത്ഥാടകൻ സ്വന്തം മാതാവിനെ തോളിലേറ്റി ഉംറ നിർവഹിക്കുന്നതിന്റെ വീഡിയോ ആണിത്. മാതാവിന്റെ പുഞ്ചിരിയും മകന്റെ സന്തോഷവും ഈ വീഡിയോയിൽ കാണാം.

 

LEAVE A REPLY

Please enter your comment!
Please enter your name here