പ്രവാചക പള്ളിയിലെ ഇഫ്താര്‍ സുപ്രയില്‍ അതിഥിയായെത്തിയ പാകിസ്താനി മലയാളിക്ക് കുടുംബവേര് ചേര്‍ത്തുനല്‍കി കെ.എം.സി.സി

0
285

മദീന: പ്രവാചക പള്ളിയിലെ കെ.എം.സി.സി ഇഫ്താര്‍ സുപ്രയില്‍ അതിഥിയായി പാകിസ്താനി മലയാളി എത്തിയത് പുതു സന്തോഷത്തിന്റെ രുചി പകര്‍ന്നു. ഏഴു പതിറ്റാണ്ട് മുന്‍പ് ജന്മനാട് ഉപേക്ഷിച്ച് പാകിസ്താനിലേക്ക് കുടിയേറിയ ഖാലിദിനെ കുടുംബവേരുമായി ബന്ധിപ്പിച്ചക്കാനുള്ള അവസരം കൂടിയായി സഊദി അറേബ്യയിലെ കെ.എം.സി.സി ഇഫ്താര്‍. ഇന്ത്യ-പാകിസ്താന്‍ വിഭജനത്തിനു ശേഷം 1955ല്‍ തന്റെ അഞ്ചാമത്തെ വയസില്‍ കറാച്ചിയിലേക്ക് കുടിയേറ്റം നടത്തിയ മാഹിയില്‍ ജനിച്ച 73കാരനായ ഖാലിദ് ആണ് മദീനയിലെ മസ്ജിദുന്നബവിയില്‍ മലയാളികളുടെ സുപ്രയില്‍ മലയാളം സംസാരിച്ചത്.-

മലയാളം ഇന്നും നന്നായി സംസാരിക്കുന്ന ഖാലിദ് കേരളത്തിലെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ താന്‍ മാഹിയില്‍ ആയിരുന്നുവെന്ന് പറഞ്ഞപ്പോള്‍ അവിടെ അറിയുന്നവരെ തിരക്കിയ ജലീല്‍ കുറ്റ്യാടിയുടെ ചോദ്യത്തിന് നല്‍കിയ മറുപടി അദ്ദേഹത്തിന്റെ കുടുംബത്തെ ബന്ധിപ്പിക്കാന്‍ സഹായകമായി. മദീനയിലെ പ്രവാചക മസ്ജിദിലെത്തിയ അദ്ദേഹത്തെ കെ.എം.സി.സി നേതാവ് ഒ.കെ റഫീഖാണ് കണ്ടെത്തുന്നത്. പരിചയപ്പെട്ടപ്പോഴാണ് മലയാളിയാണെന്ന് തിരിച്ചറിഞ്ഞത്. മാഹിയിലെ കുടുംബവേരുകള്‍ പറഞ്ഞതോടെ നാട്ടിലെ ബന്ധങ്ങള്‍ ഉപയോഗിച്ച് കെ.എം.സി.സി പ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെട്ടു.

ഖാലിദുമായുള്ള കൂടിക്കാഴ്ചയുടെ വിഡിയോ കെ.എം.സി.സി പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. അവസാനമായി 1980ല്‍ അതായത് 43 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഖാലിദ് കേരളത്തില്‍ വന്നുപോയത്. ടെലിഫോണും മൊബൈലുമെല്ലാം സജീവമാകുന്നതിന് മുമ്പുള്ള കാലമായതിനാല്‍ നാട്ടിലുള്ള ബന്ധുക്കളുമായി യാതൊരു ബന്ധവുമില്ല. മുമ്പ് മദീനയില്‍ പ്രവാസ ജീവിതം നയിച്ചിരുന്ന ഫ്രഞ്ച് പെട്ടിപാലം ധര്‍മടം അബ്ദുറഹ്മാന്റെ ഭാര്യ ജമീലയുടെ സഹോദരന്‍ കൂടിയാണ് ഖാലിദ്. മക്കളില്‍ മുതിര്‍ന്നവര്‍ മലയാളം സംസാരിക്കുമെന്ന് അദ്ദേഹം പറയുന്നു. കറാച്ചിയില്‍ പിസ്സ, ബ്രോസ്റ്റ് ബിസിനസ് നടത്തുകയാണ് മക്കള്‍. എട്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടെ ഒമ്പത് മക്കളുമായി കറാച്ചിയിലെ നാസ്മാബാദില്‍ താമസിക്കുന്ന ഖാലിദ് വിവാഹം ചെയ്തതും കേരളത്തില്‍നിന്ന് പാകിസ്താനിലേക്ക് പോയ കുടുംബത്തില്‍നിന്നാണ്. റമദാനില്‍ ഉംറ നിര്‍വഹിക്കാനായി സഊദിയിലെത്തിയതാണ് ഖാലിദ്.

LEAVE A REPLY

Please enter your comment!
Please enter your name here