ഗുജറാത്ത് കലാപം: കൊലപാതകം, കൂട്ടബലാത്സം​ഗമടക്കമുള്ള കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

0
203

അഹമ്മദാബാദ്: 2002ലെ വർഗീയ കലാപത്തിനിടെ നിരവധി കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ട് ​ഗുജറാത്ത് കോടതി. കലോലിൽ നടന്ന വ്യത്യസ്ത സംഭവങ്ങളിൽ 12ലധികം പേരെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ 26 പേരെയാണ് പഞ്ച്മഹൽ അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്. 20 വർഷം പഴക്കമുള്ള കേസിൽ തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ വെറുതെ വിട്ടത്. ആകെയുള്ള 39 പ്രതികളിൽ 13 പേർ വിചാരണക്കിടെ മരിച്ചിരുന്നു.

കുറ്റം തെളിയിക്കാൻ മതിയായ തെളിവുകളില്ലെന്നും വിചാരണക്കിടെ 13 പ്രതികൾ മരിച്ചെന്നും അഡീഷണൽ സെഷൻസ് ജഡ്ജി ലീലാഭായ് ചുദാസാമ കോടതി ഉത്തരവിൽ‌ പറഞ്ഞു. ഗോധ്രയിൽ സബർമതി ട്രെയിൻ കത്തിച്ച സംഭവത്തിന് ശേഷം നടന്ന ബന്ദ് ആഹ്വാനത്തിനിടെയാണ് 2002 മാർച്ച് ഒന്നിന് വർ​ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലോൽ പൊലീസ് സ്റ്റേഷനിലാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

പ്രോസിക്യൂഷൻ 190 സാക്ഷികളെയും 334 തെളിവുകളും വിസ്തരിച്ചു. എന്നാൽ സാക്ഷികളുടെ വിവരണങ്ങളിൽ വൈരുദ്ധ്യങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പല സാക്ഷികളും പ്രൊസിക്യൂഷന്റെ വാദത്തെ തള്ളി.

2002 മാർച്ച് ഒന്നിന് ഗാന്ധിനഗർ ജില്ലയിലെ കലോൽ നഗരത്തിൽ രണ്ട് വ്യത്യസ്ത സമുദായങ്ങളിൽ നിന്നുള്ള 2,000-ത്തിലധികം ആളുകൾ ഏറ്റുമുട്ടിയെന്നും നിരവധി കടകൾ നശിപ്പിക്കുകയും തീയിടുകയും ചെയ്തിരുന്നു. പൊലീസ് വെടിവയ്പിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാളെ ജീവനോടെ കത്തിച്ചു. ആരാധനാലയത്തിൽ നിന്ന് പുറത്തിറങ്ങിയ ഒരാളെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തുകയും മൃതദേഹം കത്തിക്കുകയും ചെയ്തു. മറ്റൊരു സംഭവത്തിൽ, കലോലിലേക്ക് വരികയായിരുന്ന 38 പേർ ആക്രമിക്കപ്പെടുകയും അവരിൽ 11 പേരെ ജീവനോടെ കത്തിക്കുകയും ചെയ്തു. ഒരു സ്ത്രീയും മറ്റുള്ളവരും രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടുവെന്നും എഫ്ഐആറിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here