തിരുവനന്തപുരം : വിദേശത്ത് നിന്ന് കടത്താൻ ശ്രമിച്ച 1.5 കോടി വില വരുന്ന 1793 ഗ്രാം സ്വർണം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ എയർകസ്റ്റംസ് വിഭാഗം പിടികൂടി. കടത്തിന് ശ്രമിച്ച തിരുവനന്തപുരം സ്വദേശികളായ നാദിർഷാ ഇസുഖക്ക്,മുഹമ്മദ് ആഷിഖ് എന്നിവരെ അറസ്റ്ര് ചെയ്തു.
ജിദ്ദയിൽ നിന്നും കുവൈറ്റ് വഴി തിങ്കളാഴ്ച്ച പുലർച്ചെ രണ്ടോടെ തിരുവനന്തപുരത്തെത്തിയ ജസീറ എയർവേയ്സിന്റെ ജെ.411-ാം നമ്പർ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവർ. 4 കാപ്സ്യൂളുകളാക്കി മിശ്രിത രൂപത്തിൽ 1063.61 തൂക്കം വരുന്ന സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ചാണ് നാദിർഷ കടത്താൻ ശ്രമിച്ചത്. സമാനരീതിയിൽ മൂന്ന് കാപ്സ്യൂളുകളായി 966.08 ഗ്രാം സ്വർണമാണ് ആഷിക്ക് കടത്താൻ ശ്രമിച്ചത്. കടത്തു വിവരം ലഭിച്ചതിനെ തുടർന്ന് എയർകസ്റ്റംസ് നിരീക്ഷണം കർശനമാക്കിയിരുന്നു.
വിമാനത്തിൽ നിന്ന് പുറത്തെത്തിയ യാത്രക്കാരെ സി.സി ടി.വി കാമറകളിലൂടെ നിരീക്ഷിക്കുകയും ലഗേജുകൾ സ്ക്കാനിംഗിന് വിധേയമാക്കുകയും ചെയ്തപ്പോഴാണ് ആഷിക്കിന്റെയും നാദിർഷയുടെയും ഭാവത്തിലും നടത്തയിലും പന്തികേട് തോന്നിയത്. ഇതോടെ കസ്റ്റംസ് ഇവരെ കൂടുതൽ നിരീക്ഷിച്ചു. എമിഗ്രേഷൻ പരിശോധന കഴിഞ്ഞ് മെറ്റൽ ഡിറ്റക്ടർ ഡോർ വഴി ഇരുവരും പുറത്തേക്ക് വന്നെങ്കിലും ഡിറ്റക്ടറിൽ നിന്നും ബീപ്പ് ശബ്ദമൊന്നും കേട്ടില്ല. തുടർന്ന് ഇവരെ സമീപിച്ച കസ്റ്റംസ് അധികൃതർ ഇരുവരെയും മാറ്റി നിറുത്തി ചോദ്യം ചെയ്തപ്പോഴും തങ്ങളുടെ പക്കൽ സ്വർണമില്ലെന്ന നിലപാടിലായിരുന്നു. തുടർന്ന് വിശദമായി ചോദ്യം ചെയ്തോടെ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ചതായി സമ്മതിച്ചു.ഇരുവരും സ്വർണക്കടത്ത് സംഘങ്ങളിലെ കാരിയർമാരാണെന്ന് കസ്റ്റംസ് അറിയിച്ചു.
കഴിഞ്ഞ മാസം കസ്റ്റംസ് പിടികൂടിയ 2731.50 ഗ്രാം സ്വർണം കെമിക്കൽ രൂപത്തിൽ രണ്ടുപാക്കറ്റുകളിലാക്കി വിമാനത്തിലെ സീറ്റിനടിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചവയാണ്. കഴിഞ്ഞ ദിവസം പിടികൂടിയ രണ്ടു കിലോ സ്വർണവും കെമിക്കൽ രൂപത്തിലായിരുന്നു.