ദില്ലി: 2001ല്‍ മുസ്ലീംലീഗ് യുഡിഎഫ് വിടാനൊരുങ്ങിയെന്ന വെളിപ്പെടുത്തലുമായി മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരില്‍ മനംമടുത്താണ് ലീഗ് മുന്നണി വിടാനൊരുങ്ങിയത്. എല്‍ഡിഎഫിലേക്ക് പോകാനായിരുന്ന നീക്കം. പാണക്കാട് തങ്ങളുമായി താന്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ലീഗ്, യുഡിഎഫില്‍ ഉറച്ചുനിന്നതെന്നാണ് ഗുലാംനബി ആസാദിന്റെ അവകാശവാദം. ആസാദ് എന്ന പേരിലിറക്കിയ ആത്മകഥയിലാണ് ലീഗ് യുഡിഎഫ് വിടാന്‍ തയ്യാറെടുത്തുവെന്ന ഗുലാം നബിയുടെ വെളിപ്പെടുത്തല്‍.
ഗുലാം നബി പറയുന്നതിങ്ങനെ: ”ബെംഗളൂരുവില്‍ സോണിയാ ഗാന്ധിക്കൊപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കവെ കേരളത്തില്‍ നിന്നൊരു പ്രവര്‍ത്തകന്‍ വിളിക്കുന്നു. ലീഗുമായുള്ള സഖ്യം എല്‍ഡിഎഫ് വരുന്ന ദിവസം തന്നെ പ്രഖ്യാപിക്കുമെന്നായിരുന്നു വിവരം. ഇത് സംബന്ധിച്ച് നേരത്തെ തന്നെ സൂചനയുണ്ടായിരുന്ന താന്‍ സോണിയാ ഗാന്ധിയോട് ഡല്‍ഹിയിലേക്ക് ഒപ്പം വരാനില്ലെന്നും കോഴിക്കോടേക്ക് പോവുകയാണെന്നും അറിയിച്ചു. അടുത്ത വിമാനത്തിന് തന്നെ കോഴിക്കോട് എത്തി, അവിടെ നിന്ന് പാണക്കാടേക്ക് പോയി. പാണക്കാട് ശിഹാബ് തങ്ങള്‍ തന്നെ കണ്ട് ഞെട്ടി. പിറ്റേന്ന് പെരുന്നാള്‍ ദിനമായിരുന്നു. അന്ന് ഒരു മുതിര്‍ന്ന എല്‍ഡിഎഫ് നേതാവ് വീട്ടിലെത്തി ഇടതുമുന്നണിയുമായുള്ള സഖ്യം പ്രഖ്യാപിക്കുമെന്ന് എന്നോട് പറഞ്ഞു.”
”അത്താഴ സമയത്ത് തങ്ങളുമായി താന്‍ രാഷ്ട്രീയം സംസാരിച്ചു. കെ കരുണാകരനും എകെ ആന്റണിയുമായുള്ള ഗ്രൂപ്പ് യുദ്ധത്തില്‍ മടുത്തുവെന്ന് തങ്ങള്‍ പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് താന്‍ മുന്‍കൈയെടുക്കുമെന്ന് ഉറപ്പുനല്‍കുകയും വൈകാരികമായി തങ്ങളെ കൂടെ നിര്‍ത്തുകയും ചെയ്തു. പിറ്റേന്ന് പെരുന്നാള്‍ നമസ്‌കാരത്തിന് തന്നെ തങ്ങളോടൊപ്പം കണ്ട മാധ്യമപ്രവര്‍ത്തകര്‍ എന്റെ സന്ദര്‍ശനത്തെക്കുറിച്ച് ആരാഞ്ഞു. പെരുന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ എത്തിയതാണെന്നും വരുന്ന തെരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടുമെന്നും മറുപടി നല്‍കി.” തങ്ങള്‍ ആ വാക്കുകളെ പിന്തുണച്ചതോടെ സഖ്യം ഉറച്ചെന്നും ഗുലാംനബി ആസാദ് ആത്മകഥയില്‍ പറഞ്ഞു.