ഉറുമ്പുകള്‍ കൊണ്ട് ചട്‍ണി; വിചിത്രമായ വിഭവം കഴിച്ചുനോക്കുന്ന യുവതി

0
284

സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും അനവധി വീഡിയോകളാണ് വരാറ്. ഇവയില്‍ ഫുഡ് വീഡിയോകള്‍ക്ക് തന്നെയാണ് ഏറ്റവുമധികം കാഴ്ചക്കാരെ ലഭിക്കാറ്. പ്രാദേശികമായ രുചിഭേദങ്ങള്‍, പാചകത്തിലെ പരീക്ഷണങ്ങള്‍, ഭക്ഷണപ്രേമികള്‍ക്കിടയിലെ പുത്തൻ ട്രെൻഡുകള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളാണ് പ്രധാനമായും ഫുഡ് വീഡിയോകളില്‍ പ്രമേയമായി വരാറ്.

ഇവയില്‍ പ്രാദേശികമായി ഓരോ നാടുകളിലുമുള്ള രുചിവൈവിധ്യങ്ങള്‍ കാണിക്കുകയും ഇവയെക്കുറിച്ചുള്ള രസകരമായ വിവരങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്ന വീഡിയോകളാണെങ്കില്‍ പെട്ടെന്ന് തന്നെ കാഴ്ചക്കാര്‍ കൂടുതലായി വരാറുണ്ട്. പറഞ്ഞുകേട്ടോ കണ്ടോ രുചിച്ച് അനുഭവിച്ചോ ഒന്നും പരിചയമില്ലാത്ത വിഭവങ്ങളെ കുറിച്ച് അറിയുന്നതിനുള്ള ആളുകളിലെ ആകാംക്ഷ തന്നെയാണ് ഈ തിരക്കിന് കാരണം.

അത്തരത്തില്‍ ഏറെ ശ്രദ്ധേയമാവുകയാണ് ഒരു ഫുഡ് വ്ളോഗറുടെ വീഡിയോ. ഛത്തീസ്ഗഡിലെ ബസ്‍തര്‍ മേഖലയിലൂടെ യാത്ര ചെയ്യുകയാണ് യുവ വ്ളോഗറായ വിദ്യ രവിശങ്കര്‍.

ഇവിടെ വച്ച് വിചിത്രമായൊരു വിഭവത്തെ കുറിച്ച് മനസിലാക്കുകയാണ് വിദ്യ. ഉറുമ്പുകളെ വച്ച് ഉണ്ടാക്കുന്നൊരു ചട്‍ണിയാണ് സംഭവം. പലരും ഈ വിഭവത്തെ കുറിച്ച് നേരത്തെ തന്നെ കേട്ടിരിക്കും. എന്നാലിതെ കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാത്തവരെ സംബന്ധിച്ച് തീര്‍ച്ചയായും ഇതൊരു അത്ഭുതമോ ഞെട്ടലോ എല്ലാമായിരിക്കും.

ഉറുമ്പുകളെ മരങ്ങളില്‍ നിന്ന് കൂടോടെ എടുക്കുകയാണ് ഇവിടെയുള്ളവര്‍ ചെയ്യുന്നത്. ഇതില്‍ നിന്ന് ഉറുമ്പിൻ കൂട്ടങ്ങളെ എടുത്ത് ചതച്ച് പ്രത്യേകരീതിയിലാണ് ചട്‍ണി തയ്യാറാക്കുന്നത്. വിദ്യ ഇത് രുചിച്ചുനോക്കുന്നതും വീ‍ഡിയോയില്‍ കാണാം.

പല അഭിപ്രായങ്ങളും വീഡിയോയ്ക്ക് വന്നിട്ടുണ്ട്. ചിലര്‍ ഇത് കാണാൻ പോലും കഴിയുന്നില്ലെന്ന് പറയുമ്പോള്‍ മറ്റ് ചിലര്‍ യാത്രകള്‍ ചെയ്യുന്നതും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ സ്വന്തമാക്കുന്നതുമെല്ലാം സ്വാഗതം ചെയ്യുകയാണ്. അതേസമയം ഉറുമ്പിനെ കഴിക്കുന്ന ആളുകളെ മോശമായി ചിത്രീകരിക്കുന്നവര്‍ക്ക് ചൂടൻ മറുപടി നല്‍കുന്നവരെയും കമന്‍റ് ബോക്സില്‍ കാണാം. ഭക്ഷണത്തിന്‍റെ കാര്യത്തില്‍ സാംസ്കാരികമായ വ്യത്യാസങ്ങളുണ്ടാകുമെന്നും അത് ഉള്‍ക്കൊള്ളുന്നതിന് പകരം അവിടെ പല തട്ടുകള്‍ വച്ച് മനുഷ്യരെ വിലയിരുത്തുന്നത് ശരിയല്ലെന്നുമാണ് ഇവര്‍ ശക്തമായി വാദിക്കുന്നത്.

വിദ്യ പങ്കുവച്ച വീഡിയോ കാണാം…

LEAVE A REPLY

Please enter your comment!
Please enter your name here